News - 2024

കത്തോലിക്ക സഭ മതസ്വാതന്ത്ര്യവാരത്തിന് അമേരിക്കയില്‍ ആരംഭം

സ്വന്തം ലേഖകന്‍ 24-06-2019 - Monday

കാലിഫോര്‍ണിയ: ദേശീയ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മതസ്വാതന്ത്ര്യവാരത്തിന് അമേരിക്കയില്‍ ആരംഭം. ജൂണ്‍ 22നു ആരംഭിച്ച മതസ്വാതന്ത്ര്യവാരാചരണം 29 ശനിയാഴ്ചയാണ് സമാപിക്കുക. “പ്രത്യാശയില്‍ ശക്തി” എന്നതാണ് ഇക്കൊല്ലത്തെ വിചിന്തന പ്രമേയം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അല്‍മായ പ്രേഷിതത്വത്തെ സംബന്ധിച്ച 'അപ്പോസ്തോലിക്കാം ആക്ത്വസിത്താത്തെം' എന്ന രേഖയിലെ “വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരങ്ങളാണെന്നു കരുതിക്കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളില്‍ പ്രത്യാശയില്‍ ശക്തി കണ്ടെത്തുന്നു” എന്ന വാചകത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ് പ്രമേയം.

അടുത്തിടെ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്‍ കാലിഫോര്‍ണിയ സെനറ്റ് പാസാക്കിയ സാഹചര്യത്തില്‍ അതിനെതിരെയുള്ള പ്രതിഷേധത്തിന്റെ സമയമായി കൂടിയാണ് ഇത്തവണത്തെ മതസ്വാതന്ത്ര്യവാരത്തെ ഏവരും നോക്കികാണുന്നത്. അതീവ സഹനങ്ങളിലൂടെ കടന്നുപോകുന്ന മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവരെ സ്മരിച്ചായിരിന്നു ഇന്നലെ രാജ്യമെമ്പാടുമുള്ള അനുസ്മരണം. വരും ദിവസങ്ങളില്‍ നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടിയും റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയും പ്രത്യേക അനുസ്മരണം നടക്കും. 2012-ലാണ് മതസ്വാതന്ത്ര്യവാരത്തിന് അമേരിക്കയില്‍ ആരംഭം കുറിച്ചത്.


Related Articles »