News - 2024

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: തിങ്കളാഴ്ച തീയതി പ്രഖ്യാപിച്ചേക്കും

സ്വന്തം ലേഖകന്‍ 29-06-2019 - Saturday

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഇരുപതാം വര്‍ഷം വിശുദ്ധ പദവിയിലേക്ക് അടുത്ത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. ഹോളിഫാമിലി സന്യാസിനീ സമൂഹ സ്ഥാപകയായ മറിയം ത്രേസ്യായെ വിശുദ്ധ പദപ്രഖ്യാപനത്തിലേക്ക് ഉയര്‍ത്താനുള്ള തീയതിയെ സംബന്ധിച്ച് തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വത്തിക്കാന്‍ പ്രസ് റിലീസിലൂടെ അറിയിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ജൂലൈ ഒന്നിന് വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ രാവിലെ പത്തു മണിക്ക് നടക്കുന്ന കര്‍ദ്ദിനാള്‍മാരുടെ ഓര്‍ഡിനറി പബ്ലിക് കണ്‍സിസ്റ്ററിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.



വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ തൃശൂര്‍ പെരിഞ്ചേരിയില്‍ ക്രിസ്റ്റഫര്‍ എന്ന കുഞ്ഞിന് ലഭിച്ച അത്ഭുത രോഗശാന്തി കര്‍ദ്ദിനാളുമാരുടെ തിരുസംഘം ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ അംഗീകാരം നല്‍കിയിരിന്നു. ഇതിന് പിന്നാലെ നാമകരണത്തിന് പാപ്പയുടെ അംഗീകാരവും ലഭിച്ചു. തീയതി പ്രഖ്യാപനത്തില്‍ മാത്രമേ അനിശ്ചിതത്വം ഉണ്ടായിരിന്നുള്ളൂ. ഇക്കാര്യത്തിനാണ് തിങ്കളാഴ്ചയോടെ കൃത്യമായ വിവരം ലഭിക്കാന്‍ പോകുന്നത്.

മറിയം ത്രേസ്യായെ കൂടാതെ വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്റി ന്യൂമാന്‍, കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഓഫ് ദി മദര്‍ ഓഫ് ഗോഡ് സ്ഥാപക ഡല്‍സ് ലോപേസ്, സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള ഫ്രാന്‍സിസ് അസീസ്സിയുടെ മൂന്നാം സഭാംഗമായ മാര്‍ഗിരിറ്റ ബേയ്സ്, സെന്‍റ് കാമ്മില്ലസിന്റെ മക്കള്‍ എന്ന സന്യസ്ഥ സമൂഹത്തിന്റെ സ്ഥാപക ജി‌യൂസെപ്പിന വന്നിനി തുടങ്ങിയവരുടെ നാമകരണത്തെ സംബന്ധിച്ചുള്ള കാര്യങ്ങളിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും.


Related Articles »