Daily Saints.

April 12: വെറോണയിലെ മെത്രാനായിരുന്ന വിശുദ്ധ സെനോ

സ്വന്തം ലേഖകന്‍ 12-04-2024 - Friday

സഭയുടെ ആദ്യകാല ഇടയന്‍മാരില്‍ ഒരാളായിരുന്ന വിശുദ്ധ സെനോയെ ഒരു രക്തസാക്ഷിയായിട്ടാണ് മഹാനായിരുന്ന വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ 1548-ല്‍ വെറോണയിലെ മെത്രാനായിരുന്ന ലെവിസ് ലിപ്പോമാന്റെ സമയത്തിനു മുന്‍പുണ്ടായിരുന്ന ആരാധനക്രമങ്ങളില്‍ വിശുദ്ധനെ ഒരു കുമ്പസാരകനായിട്ട് മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഒരു പക്ഷേ ഇതിനു കാരണം, വിശുദ്ധന്റെ സമകാലികനായിരുന്ന വിശുദ്ധ അംബ്രോസ്, വിശുദ്ധ സെനോയുടെ പിന്‍ഗാമിയായിരുന്ന സ്യാഗ്രിയൂസിനു എഴുതിയിട്ടുള്ള രേഖകളില്‍, വിശുദ്ധനു സമാധാനപൂര്‍വ്വമായൊരു അന്ത്യമായിരുന്നുവെന്ന് പരാമര്‍ശിട്ടുണ്ട്. കോണ്‍സ്റ്റാന്റിയൂസ്, ജൂലിയന്‍, വലെന്‍സ്‌ തുടങ്ങിയവരുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വിശുദ്ധന്‍ അവര്‍ നടത്തിയിരുന്ന മതപീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവന്നിട്ടുള്ളതിനാലായിരിക്കണം അദ്ദേഹത്തെ രക്തസാക്ഷിയായിചിത്രീകരിച്ചിട്ടുള്ളത്. എങ്ങിനെയൊക്കെയാണെങ്കിലും ചില സൂചികകളില്‍ അദ്ദേഹം രക്തസാക്ഷിയും മാറ്റ് ചിലതില്‍ അദ്ദേഹം ഒരു കുമ്പസാരകനുമായിരുന്നു.

വിശുദ്ധന്‍ ഒരു ഗ്രീക്ക് കാരനായിരുന്നുവെന്നും, ലാറ്റിന്‍കാരനായിരുന്നുവെന്നും, ആഫ്രിക്കകാരനായിരുന്നുവെന്നുമൊക്കെ നിരവധി വാദഗതികള്‍ നിലവിലുണ്ട്. 362-ല്‍ മതവിരുദ്ധവാദിയായിരുന്ന ജൂലിയന്റെ ഭരണകാലത്തായിരുന്നു വിശുദ്ധന്‍ വെറോണയിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടതെന്നു കരുതപ്പെടുന്നു.

ഓരോ വര്‍ഷവും നിരവധി വിഗ്രഹാരാധകരെ വിശുദ്ധന്‍ മതപരിവര്‍ത്തനം ചെയ്തിരുന്നുവെന്ന് ചരിത്രതാളുകളില്‍ നമ്മുക്ക് കാണാവുന്നതാണ്. മാത്രമല്ല കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തിയുടെ സഹായത്തോടെ ആ ഭാഗങ്ങളില്‍ ക്രമാതീതമായി ശക്തിപ്രാപിച്ചു വന്നിരുന്ന യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന 'അരിയാനിസ'മെന്ന മതവിരുദ്ധതക്കെതിരെ വിശുദ്ധന്‍ വര്‍ദ്ധിച്ച ആവേശത്തോടും, ഉത്സാഹത്തോടും കൂടി പ്രവര്‍ത്തിച്ചു.

കൂടാതെ പെലാജിയാനിസമെന്ന മതവിരുദ്ധ സിദ്ധാന്തത്തിന്റെ തെറ്റുകള്‍ക്കെതിരെയുള്ള ശക്തമായൊരു കോട്ടയായിരുന്നു വിശുദ്ധന്‍. തന്റെ കഠിനമായ പ്രവര്‍ത്തനങ്ങള്‍ വഴി വിശുദ്ധന്‍ വെറോണയിലെ സഭയെ വിശുദ്ധമാക്കി മാറ്റി. വിശുദ്ധന്റെ രൂപതയില്‍ വിശ്വാസികളുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു. അതിനാല്‍ ഒരു വലിയ ദേവാലയം പണിയേണ്ടത് അത്യാവശ്യമായി അദ്ദേഹം മനസ്സിലാക്കി. ഈ ദേവാലയത്തിന്റെ നിര്‍മ്മിതിക്കായി അവിടത്തെ സമ്പന്നരായ ആളുകള്‍, വിശുദ്ധനെ അകമഴിഞ്ഞു സഹായിക്കുകയുണ്ടായി. ഈ നല്ല ഇടയന്റെ മാതൃകമൂലം അവിടത്തെ ജനങ്ങള്‍ വരെയേറെ ദാനധര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഉത്സാഹമുള്ളവര്‍ ആയിരുന്നു.

അവിടത്തെ ഭവനങ്ങളുടെ വാതിലുകള്‍ അപരിചിതര്‍ക്കായി എപ്പോഴും തുറന്ന് കിടന്നിരുന്നു. 378-ലെ അഡ്രിയാനോപോളിലെ യുദ്ധത്തില്‍ ഗോത്തുകള്‍ വലെന്‍സിനെ കീഴടക്കി. നിരവധി പേര്‍ മരിക്കുകയും, ഒരുപാടുപേര്‍ ബന്ധികളാക്കപ്പെടുകയും ചെയ്തു. ആ അവസരത്തില്‍ വെറോണ നിവാസികളുടെ ദാനധര്‍മ്മങ്ങള്‍ മൂലം, അടുത്ത പ്രവിശ്യകളിലെ നിരവധി ആളുകളെ അടിമത്വത്തില്‍ നിന്നും, ക്രൂരമായ മരണത്തില്‍ നിന്നും, കഠിനമായ ജോലികളില്‍ നിന്നും രക്ഷിക്കുന്നതിന് കാരണമായി.

വിശുദ്ധ സെനോ വളരെയേറെ ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. തന്‍റെ ചെറുപ്പകാലം ഘട്ടം മുതല്‍ അള്‍ത്താര ശുശ്രൂഷക്കായി നിരവധി പേരെ പരിശീലിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഈസ്റ്റര്‍ ദിനത്തില്‍ വിശുദ്ധന്‍ പുരോഹിതാര്‍ത്ഥികള്‍ക്ക് പട്ടം നല്‍കുന്ന പതിവും ഉണ്ടായിരുന്നു. വെറോണയില്‍ വെച്ച് വിശുദ്ധ സെനോ, നിരവധി കന്യകകളെ ദൈവത്തിനായി സമര്‍പ്പിക്കുകയും, അവര്‍ക്ക് വിശുദ്ധിയുടെ ശിരോവസ്ത്രം നല്‍കുകയും ചെയ്തിരുന്നു. അവരില്‍ കുറേപേര്‍ തങ്ങളുടെ ഭവനങ്ങളിലും, മറ്റുള്ളവര്‍ വിശുദ്ധന്റെ മേല്‍നോട്ടത്തിലുള്ള ആശ്രമത്തിലായിരുന്നു താമസിച്ചിരുന്നത് എന്ന് വിശുദ്ധ അംബ്രോസ് രേഖപ്പെടുത്തുന്നു.

രക്തസാക്ഷികളുടെ തിരുനാള്‍ ദിനങ്ങളില്‍ അവരുടെ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെട്ടിരുന്ന അധാര്‍മ്മികവും, പൊങ്ങച്ചം നിറഞ്ഞതുമായ ആഘോഷങ്ങളെ വിശുദ്ധന്‍ വിലക്കിയിരുന്നു. മരിച്ച വിശ്വാസികളുടെ കാര്യത്തിലും വിശുദ്ധന്‍ തന്റെ കാരുണ്യം പ്രകടമാക്കിയിട്ടുണ്ട്. മരിച്ചവരേപ്രതി യാതൊരു ആത്മനിയന്ത്രണവുമില്ലാതെ വിശുദ്ധകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തികൊണ്ടുള്ള വിലാപങ്ങളെ വിശുദ്ധന്‍ പൂര്‍ണ്ണമായി വിലക്കിയിട്ടുണ്ട്.

വിശുദ്ധന്റെ കഠിനമായ പ്രയത്നങ്ങലുടെ ഫലം വിശുദ്ധന് ലഭിച്ചു. 380 ഏപ്രില്‍ 12ന് വിശുദ്ധന്‍ സന്തോഷകരമായ ഒരു മരണം കൈവരിച്ചു. റോമന്‍ രക്തസാക്ഷിപട്ടികയില്‍ ഈ ദിവസം തന്നെയാണ് വിശുദ്ധന്റെ ഓര്‍മ്മ ദിവസവും. പക്ഷേ വെറോണയില്‍ വേറെ രണ്ടു ആഘോഷങ്ങള്‍ വഴിയും വിശുദ്ധന്‍ ആദരിക്കപ്പെടുന്നു. വിശുദ്ധന്റെ മെത്രാനായിട്ടുള്ള അഭിഷേക ദിനവും, അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കൊണ്ടുവന്ന ദിവസവുമായ മെയ് 21ലും, താന്‍ നിര്‍മ്മിച്ച പുതിയ ദേവാലയത്തിനെ സമര്‍പ്പണ ദിനമായ ഡിസംബര്‍ 6മാണ് മാറ്റിവെക്കപ്പെട്ട ദിനങ്ങള്‍.

വിശുദ്ധന്റെ മരണത്തിനു രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം നടന്ന ഒരത്ഭുതത്തെക്കുറിച്ച് മഹാനായ വിശുദ്ധ ഗ്രിഗറി രേഖപ്പെടുത്തുന്നു. രാജാവായിരുന്ന ഔത്താരിസ്, പ്രോണല്‍ഫൂസ് പ്രഭു തുടങ്ങിയവര്‍ക്കൊപ്പം ഇതിനു ദ്രിക്സാക്ഷിയായിരുന്ന ജോണ്‍ ദി പാട്രീഷ്യനായിരുന്നു ഇതിനേക്കുറിച്ച് വിശുദ്ധ ഗ്രിഗറിയോട് പറഞ്ഞത് : 589-ല്‍ ഒരു വെള്ളപ്പോക്കമുണ്ടാവുകയും റോമിന്റെ കാല്‍ ഭാഗത്തോളം വെള്ളത്തിനടിയിലാവുകയും ചെയ്തു. പര്‍വ്വതത്തില്‍ നിന്നും അതിവേഗം കുത്തിയൊഴുകിവന്ന വെള്ളം വെറോണ നഗരത്തിനു ഭീഷണിയായി മാറി.

പരിഭ്രാന്തരായ ജനങ്ങള്‍ അവരുടെ മദ്ധ്യസ്ഥനായ വിശുദ്ധ സെനോയുടെ ദേവാലയത്തില്‍ അഭയം പ്രാപിച്ചു. വെള്ളം ദേവാലയത്തിന്റെ ജനലുകള്‍ വരെ ഉയര്‍ന്നെങ്കിലും ദേവാലയത്തിന്റെ കവാടങ്ങളെ ബഹുമാനിക്കുന്നത് പോലെ, ദേവാലയത്തിനകത്തേക്ക് വെള്ളം പ്രവഹിച്ചില്ല. ജോര്‍ദാന്‍ നദി മുറിച്ചുകടക്കുന്നതിനായി ഇസ്രയേല്‍ക്കാര്‍ക്ക് ദൈവം തീര്‍ത്ത മതില്‍ പോലെ വെള്ളം ഒരു മതില്‍ കണക്കെ നിന്നു. 24 മണിക്കൂറോളം ജനങ്ങള്‍ അവിടെ പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടി.

പിന്നീട് വെള്ളം പലകൈവഴികള്‍ വഴിയായി ഇറങ്ങിപോയി. ഇതും കൂടാതെ വേറെ നിരവധി അത്ഭുതങ്ങളും വഴി ജനങ്ങള്‍ക്ക് വിശുദ്ധനോടുള്ള ഭക്തി വര്‍ദ്ധിച്ചു. ഇറ്റലിയില്‍ പെപിന്‍ രാജാവിന്റെ ഭരണകാലത്ത് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ വിസ്താരമേറിയ ഒരു വലിയ ദേവാലയത്തിലേക്ക് മാറ്റി. വിശ്വാസത്തിനു വേണ്ടി സഹിച്ച സഹനങ്ങള്‍ വഴിയാണ് വിശുദ്ധ സെനോ കൂടുതലും അറിയപ്പെടുന്നത്.

ഇതര വിശുദ്ധര്‍

1. ഇറ്റലിയിലെ അല്‍ഫേരിയൂസ്

2. പാവിയാ ബിഷപ്പായ ഡാമിയന്‍

3. തെറുവാന്‍ ബിഷപ്പായ എര്‍ക്കെമ്പോഡെന്‍

4. റെപ്ടോണിലെ ഗുത്ത്ലാക്ക്

5. ജൂലിയസ് പ്രഥമന്‍ പാപ്പാ

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

 


Related Articles »