India - 2024

വിശുദ്ധ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും ശനിയാഴ്ച

14-11-2019 - Thursday

കൊച്ചി: ഒക്ടോബര്‍ പതിമൂന്നിനു വിശുദ്ധ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയതിന്റെ ഭാരതത്തിലെ ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും ശനിയാഴ്ച നടക്കും. വിശുദ്ധയുടെ കബറിടമുള്ള തൃശൂര്‍ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീര്‍ത്ഥാടനകേന്ദ്രത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുകയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 16ന് ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന കൃതജ്ഞതാബലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്‍കും. ഭാരതസഭയിലെ നൂറോളം മെത്രാന്മാരും നിരവധി വൈദികരും സഹകാര്‍മികരാകും. വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി ഹോളി ഫാമിലി സന്യാസിനി സമൂഹം നടപ്പാക്കുന്ന അഞ്ചു കോടി രൂപയുടെ കാരുണ്യപദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട രൂപതയും വിശുദ്ധ മറിയം ത്രേസ്യയുടെ തറവാടായ മങ്കിടിയാന്‍ കുടുംബവും നേതൃത്വം നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍ കുമാര്‍, എ.സി. മൊയ്തീന്‍, എംപിമാരായ ബെന്നി ബഹനാന്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, എംഎല്‍എ മാരായ വി.ആര്‍. സുനില്‍കുമാര്‍, ബി.ഡി. ദേവസി, പ്രഫ. കെ.യു. അരുണന്‍, ടൈസന്‍ മാസ്റ്റര്‍, റോജി എം. ജോണ്‍, വി.ഡി. സതീശന്‍, മറ്റു ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, മെത്രാന്മാര്‍, സാംസ്‌കാരിക നായകര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 150 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന 'സ്‌നേഹത്തൂവല്‍' എന്ന കലാവിരുന്ന് ഉണ്ടാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇറ്റലി, ജര്‍മനി, അമേരിക്ക, കാനഡ, ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാന, കെനിയ, സൗത്ത് സുഡാന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ എന്നിവിടങ്ങളില്‍നിന്നും ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളും വിവിധ രൂപതകളില്‍നിന്നു വിശ്വാസികളും ഉള്‍പ്പെടെ മുപ്പതിനായിരത്തോളം പേര്‍ ദേശീയ ആഘോഷത്തില്‍ പങ്കെടുക്കാനെത്തും. ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മാര്‍ കണ്ണൂക്കാടന്‍ അറിയിച്ചു.

പാലാരിവട്ടം പിഒസിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും ആഘോഷത്തിന്റെ ജനറല്‍ കണ്‍വീനറുമായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സീറോ മലബാര്‍ സഭ വൈസ് ചാന്‍സലറും പിആര്‍ഒയുമായ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ഹോളി ഫാമിലി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ്, ജീവോദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. എല്‍സി സേവ്യര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോണ്‍ കവലക്കാട്ട്, ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സന്‍ കോട്ടോളി, സിസ്റ്റര്‍ മരിയ ആന്റണി എന്നിവരും പങ്കെടുത്തു.


Related Articles »