News - 2024

ക്രൈസ്തവ വിരുദ്ധ പീഡനം: തങ്ങളെ ശ്രവിക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് ബുർക്കിന ഫാസോ മെത്രാൻ

സ്വന്തം ലേഖകന്‍ 04-12-2019 - Wednesday

ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഉഹിഗൗവ കത്തോലിക്ക രൂപത മെത്രാൻ ജസ്റ്റിൻ കിയൻറ്റേക. എറെ മാസങ്ങളായി രാജ്യത്തെ മെത്രാന്മാർ ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയർത്തുന്നുണ്ടെങ്കിലും സ്വന്തം താൽപര്യം സംരക്ഷിക്കാനായി തങ്ങളെ ശ്രവിക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് ബിഷപ്പ് ജസ്റ്റിൻ കിയൻറ്റേക തുറന്നടിച്ചു. ഏതാനും നാളുകളായി ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണ പരമ്പരയുടെ തുടർച്ചയായാണ് ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ദേവാലയത്തിലെത്തിവരെ ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ, മുസ്ലിം ഐക്യത്തിൽ വിള്ളൽ വീഴ്ത്തുകയെന്ന ലക്ഷ്യമാണ് ഇസ്ലാമിക തീവ്രവാദികൾക്കുളളതെന്ന് തനിക്ക് സംശയമില്ലെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയ്ക്ക് നൽകിയ പ്രസ്താവനയില്‍ ബിഷപ്പ് ജസ്റ്റിൻ കിയൻറ്റേക വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെമാത്രം രാജ്യത്ത് അറുപതിന് മുകളിൽ ക്രൈസ്തവ വിശ്വാസികളാണ് വിവിധ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. പാശ്ചാത്യ മാധ്യമങ്ങളും, സർക്കാരുകളും ക്രൈസ്തവ പീഡനങ്ങൾ ഗൗനിക്കുന്നില്ലെന്ന് ബിഷപ്പ് കിയൻറ്റേക ചൂണ്ടിക്കാട്ടി.

ഈ ദയനീയ അവസ്ഥ മനസിലാക്കി ബുർക്കിന ഫാസോയിലെ കലുഷിതമായ സാഹചര്യത്തിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച ബുർക്കിന ഫാസോയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിൽ പ്രാർത്ഥനയ്ക്കായെത്തിയ ക്രൈസ്തവരെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായ അക്രമികള്‍ ഞായറാഴ്ച ഉച്ചയോടുകൂടി ദേവാലയത്തിൽ പ്രവേശിച്ച് വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മരിച്ചവരുടെ കൂട്ടത്തില്‍ കുട്ടികളും ഉള്‍പ്പെടുന്നു.


Related Articles »