Daily Saints.

April 18: മിലാനിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ ഗാള്‍ഡിന്‍

സ്വന്തം ലേഖകന്‍ 18-04-2024 - Thursday

ഇറ്റലിയുടെ ചരിത്രത്തില്‍ മിലാനിലെ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച ‘വാവാസ്സോര്‍സ് ഓഫ് ലാ സ്കാലാ’ എന്ന പ്രഭുകുടുംബത്തിലായിരുന്നു വിശുദ്ധ ഗാള്‍ഡിന്‍ ജനിച്ചത്. നിഷ്കളങ്കതയും, നന്മയുമായിരുന്നു യുവാവായിരിക്കെ വിശുദ്ധന്റെ ആഭരണങ്ങള്‍. പുരോഹിത പട്ടം ലഭിച്ച വിശുദ്ധനെ, മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ സ്ഥാനപതിയും, ആര്‍ച്ച്‌ ഡീക്കനുമായി നിയമിച്ചു. അന്നുമുതല്‍ സഭാ-ഭരണമെന്ന ഭാരിച്ച ഉത്തരവാദിത്വത്തിന്റെ ഒരു നല്ല പങ്ക് വിശുദ്ധ ഗാള്‍ഡിന്റെ ചുമലിലായി.

1159-ല്‍ ഇംഗ്ലീഷ്കാരനായിരുന്ന അഡ്രിയാന്‍ നാലാമന്‍ മാര്‍പാപ്പായുടെ മരണത്തോടെ, ദൈവഭക്തനും പണ്ഡിതനുമായിരുന്ന അലെക്സാണ്ടര്‍ മൂന്നാമന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അഞ്ച് കര്‍ദ്ദിനാളന്മാര്‍ കൂടിചേര്‍ന്ന് ഗൂഡാലോചന നടത്തുകയും ഒക്ടോവിയന്റെ സഹായത്തോടെ മതപരമായ ഭിന്നിപ്പിന് തുടക്കമിടുകയും ചെയ്തു. ചക്രവര്‍ത്തിയായിരുന്ന ഫ്രെഡറിക്ക് ഒന്നാമന്‍, പരിശുദ്ധ സഭയുമായുള്ള കലഹം നിമിത്തം സഭയുടെ വരുമാനും പിടിച്ചടക്കുകയും, മെത്രാന്‍മാരുടെ നിയമനങ്ങളില്‍ ഇടപെടുകയും ചെയ്തു. കൂടാതെ ഫ്രെഡറിക്ക് ഒന്നാമന്‍ വിക്ടര്‍ എന്ന പേരോടുകൂടിയ ഒക്ടാവിയനെ അനൌദ്യോഗിക പാപ്പായായി അവരോധിച്ചു. എന്നാല്‍ മിലാന്‍ നഗരം യഥാര്‍ത്ഥ പാപ്പായായ അലെക്സാണ്ടര്‍ മൂന്നാമനെ പിന്തുണക്കുകയാണ് ചെയ്തത്.

ഇതില്‍ കോപം പൂണ്ട ചക്രവര്‍ത്തി 1161-ല്‍ വലിയൊരു സൈന്യവുമായി മിലാനെ ആക്രമിച്ചു. ഈ ഉപരോധം ഏതാണ്ട് 10 മാസങ്ങളോളം തുടര്‍ന്നു. ഒടുവില്‍ 1162-ല്‍ ചക്രവര്‍ത്തിക്ക് കീഴടങ്ങേണ്ടതായി വന്നു. പ്രതികാരദാഹിയായ ചക്രവര്‍ത്തി മിലാന്‍ നഗരത്തെ നിലംപരിശാക്കി. 1166-ല്‍ മെത്രാപ്പോലീത്തയായിരുന്ന ഹൂബെര്‍ട്ട് മരണപ്പെടുകയും, അതേതുടര്‍ന്ന്‍ വിശുദ്ധ ഗാള്‍ഡിന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മാര്‍പാപ്പാ നേരിട്ടാണ് അദ്ദേഹത്തെ കര്‍ദ്ദിനാളും, തന്റെ സ്ഥാനപതിയുമായി നിയമിച്ചത്. പുതിയ ഇടയന്‍ ദുഃഖിതരായ വിശ്വാസഗണത്തിന് ഏറെ ധൈര്യം പകര്‍ന്നു. മാത്രമല്ല മത ഭിന്നിപ്പിനെതിരായി അദ്ദേഹം തന്റെ സ്വാധീനം വളരെ വിജയകരമായി ലൊംബാര്‍ഡി മുഴുവന്‍ പ്രയോഗിച്ചു. മിലാന്‍ നഗരത്തെ പുനര്‍നിര്‍മ്മിക്കുവാനായുള്ള ഒരു ഉടമ്പടിയില്‍ ലൊംബാര്‍ഡ് നഗരങ്ങള്‍ മുഴുവനും ഒപ്പ് വെച്ചു.

നഗര ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍, നഗരവാസികള്‍ വളരെ സന്തോഷപൂര്‍വ്വം 1167 ഏപ്രില്‍ 27ന് മിലാനിലേക്ക് തിരികെ വന്നു. ഇതറിഞ്ഞ ചക്രവര്‍ത്തി മിലാനിലേക്ക് വീണ്ടും തന്റെ പടയെ നയിച്ചു. എന്നാല്‍, മിലാന്റെ കയ്യില്‍ നിന്നും ദയനീയ പരാജയം ഏറ്റുവാങ്ങുകയാണ് ചെയ്തത്. ഈ പടനീക്കത്തില്‍ ലൊംബാര്‍ഡി, വെനീസ്, സിസിലി തുടങ്ങി ഇറ്റലിയുടെ ഭൂരിഭാഗം പ്രദേശങ്ങളും അദ്ദേഹത്തിനെതിരായി നിലകൊണ്ടു. തുടര്‍ന്ന്‍ ചക്രവര്‍ത്തി, പാപ്പായുമായി വെനീസില്‍ വെച്ച് ഒരു കൂടികാഴ്ചക്ക് സമ്മതിക്കുകയും, മതഭിന്നത ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. അങ്ങനെ 1177-ല്‍ സഭയുമായി സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഈ പ്രതിസന്ധികള്‍ക്കിടയിലും വിശുദ്ധ ഗാള്‍ഡിന്‍ വിശ്രമമില്ലാതെ സുവിശേഷം പ്രഘോഷിക്കുകയും, ദരിദ്രരേ സഹായിക്കുകയും ചെയ്തു. വിശുദ്ധന്റെ ഹൃദയത്തില്‍ പ്രഥമസ്ഥാനം ദരിദ്രര്‍ക്കായിരുന്നു. ആത്മാര്‍ഥമായ വിനയമുണ്ടായിരിന്ന അദ്ദേഹം, തന്റെ രൂപതയിലെ ഏറ്റവും എളിയവനായിട്ടായിരുന്നു ജീവിച്ചിരുന്നത്. മറ്റുള്ളവരുടെ സങ്കടങ്ങളും, ബുദ്ധിമുട്ടുകളും വിശുദ്ധന്‍ തന്റേതായി കരുതുകയും അവര്‍ക്ക് വേണ്ട കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ സമയം കണ്ടെത്തുകയും ചെയ്തു. കത്താരി, മാനിച്ചീസ് തുടങ്ങിയ മതവിരുദ്ധ സിദ്ധാന്തങ്ങളെ വിശുദ്ധന്‍ തെറ്റാണെന്ന് തെളിയിച്ചു.

നിരന്തരമായ പ്രാര്‍ത്ഥനകള്‍ വഴി വിശുദ്ധന്‍ തന്റെ വിശ്വാസഗണത്തിന്റെ മേല്‍ ദൈവകടാക്ഷമെത്തിച്ചു. പര്‍വ്വതത്തില്‍ വെച്ച് ദൈവവുമായുള്ള സംഭാഷണത്തിനു ശേഷം വെട്ടിതിളങ്ങുന്ന മുഖവുമായി മോശ ഇറങ്ങിവന്നപോലെയായിരിന്നു വിശുദ്ധനും. പൊതുപരിപാടികളില്‍ ദൈവീക വചനങ്ങള്‍ പ്രഘോഷിക്കുകയും, പ്രാര്‍ത്ഥന കൊണ്ട് ജ്വലിക്കുന്ന മുഖവും, ഉത്സാഹപൂര്‍വ്വമുള്ള കാരുണ്യപ്രവര്‍ത്തനങ്ങളും വഴി വഴങ്ങാത്ത മര്‍ക്കടമുഷ്ടിക്കാരേപോലും തന്റെ പാതയിലേക്ക് കൊണ്ടു വരുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഏറെ ക്ഷീണിതനായിരിന്നുവെങ്കിലും വിശുദ്ധ കുര്‍ബാന മദ്ധ്യേ വളരെ തീക്ഷ്ണതയോട് കൂടി സുവിശേഷം പ്രഘോഷിച്ചു കൊണ്ടിരിന്നു. അങ്ങനെ 1176 ഏപ്രില്‍ 18ന് ആ പ്രസംഗവേദിയില്‍ വെച്ച് വിശുദ്ധന്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. എല്ലാവരും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സങ്കടപ്പെട്ടു. നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്റെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മിലാനിലെ പുരാതന ആരാധനക്രമങ്ങളിലും, പ്രാര്‍ത്ഥനക്രമങ്ങളിലും, റോമന്‍ രക്തസാക്ഷിത്വ പട്ടികയിലും വിശുദ്ധന്റെ നാമം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ഇതര വിശുദ്ധര്‍

1. ആജിയാ

2. പെഴ്സ്യായിലെ അന്തൂസ

3. റോമന്‍ സെനറ്ററായ അപ്പൊളോണിയസ്

4. അയര്‍ലന്‍റിലെ ബിത്തെയൂസും ജെനോക്കൂസും

5. ബ്രേഷിയായിലെ കലോസെരൂസു

6. കൊജിത്തോസൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക