News - 2024

ശിരഛേദന രക്തസാക്ഷിത്വം തുടരുന്നു: നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ തലവനെ കഴുത്തറുത്ത് കൊന്നു

സ്വന്തം ലേഖകന്‍ 22-01-2020 - Wednesday

ബൊക്കോഹറാം തീവ്രവാദികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അയച്ച വീഡിയോയില്‍ ദൈവത്തെ സ്തുതിച്ച് ഈ മാസത്തിന്റെ ആരംഭത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നൈജീരിയന്‍ സുവിശേഷ പ്രഘോഷകനെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു. നൈജീരിയന്‍ സംസ്ഥാനമായ അഡമാവയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയുടെ (സി.എ.എന്‍) ചെയര്‍മാനും, നൈജീരിയയിലെ ബ്രദറന്‍ സഭയുടെ (ഇ.വൈ.എന്‍) നേതാവുമായ റവ. ലാവന്‍ അന്‍ഡിമിയെയാണ് ജനുവരി ഇരുപതിന് ബൊക്കോഹറാം തീവ്രവാദികള്‍ ശിരഛേദനം ചെയ്ത് കൊലപ്പെടുത്തിയത്. തീവ്രവാദ ആക്രമണങ്ങളുടെ പ്രത്യേക റിപ്പോര്‍ട്ടറായ അഹമദ് സാല്‍കിഡയാണ് അന്‍ഡിമി കൊല്ലപ്പെട്ട കാര്യം പുറംലോകത്തെ അറിയിച്ചത്.

“ഉച്ചകഴിഞ്ഞ് റവ. ലാവന്‍ അന്‍ഡിമി ശിരഛേദം ചെയ്യപ്പെട്ടിരിക്കുന്നു, ഒരു സൈനികന്റെ ഒപ്പമുള്ള ഭയാനകമായ കൊലപാതകത്തിന്റെ വീഡിയോ ഉച്ചകഴിഞ്ഞ് 2:42 നാണ് ലഭിച്ചത്. ഇന്ന്‍ രാവിലെ ഈ വാര്‍ത്ത പൊതുജനങ്ങളില്‍ എത്തുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ കുടുംബത്തേയും, അധികാരികളേയും, സഭയേയും അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്”. അഹമ്മദ് സാല്‍കിഡ പോസ്റ്റ്‌ ചെയ്ത ട്വീറ്റില്‍ പറയുന്നു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വടക്ക്-കിഴക്കന്‍ നൈജീരിയയിലെ അഡാവാമ സംസ്ഥാനത്തിലെ മിഷിഗ കൗണ്ടിയില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് റവ. അന്‍ഡിമി ബൊക്കോഹറാമിന്റെ പിടിയിലാകുന്നത്. അദ്ദേഹത്തിന്റെ മോചനദ്രവ്യം സംബന്ധിച്ച് തീവ്രവാദികളുമായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ജനുവരി അഞ്ചിന് റവ. അന്‍ഡിമി തന്റെ മോചനത്തിന് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ബൊക്കോഹറാം പുറത്തുവിട്ടിരുന്നു. അഡമാവ സംസ്ഥാന ഗവര്‍ണറായ അഹമദു ഫിണ്ടീരിയെ ഇക്കാര്യത്തില്‍ ഇടപെടുത്തണമെന്നും അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെട്ടു. തന്റെ ഭാര്യയേയും മക്കളേയും വീണ്ടും കാണുവാന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരിന്നു.

“മോചനത്തിനുള്ള അവസരം ലഭിച്ചില്ലെങ്കില്‍ ദൈവഹിതം നിറവേറട്ടെ. നിങ്ങള്‍ കരയുകയോ, വിഷമിക്കുകയോ ചെയ്യരുത്, ക്ഷമയോടെ ദൈവത്തിനു നന്ദി പറയണമെന്നാണ് എന്റെ ഉറ്റവരോടും ഉടയവരോടും സഹപ്രവര്‍ത്തകരോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്” എന്നതായിരുന്നു പുറംലോകം കേട്ട റവ. അന്‍ഡിമിയുടെ അവസാന വാക്കുകള്‍. അഞ്ചു കോടി നൈറ മോചനദ്രവ്യമായി നല്‍കാം എന്നറിയിച്ചിട്ടും, ഇരുപതു കോടി നൈറയില്‍ തീവ്രവാദികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും സി.എ.എന്‍ നേതാവായ ഡാമി മംസ അറിയിച്ചു. റവ. അന്‍ഡിമിയുടെ ഭാര്യയെ വിളിച്ച് അദ്ദേഹത്തെ ശനിയാഴ്ച കൊല്ലുമെന്ന മുന്നറിയിപ്പും നല്‍കിയിരിന്നു. തിങ്കളാഴ്ചയാണ് ശിരഛേദം ചെയ്തത്. അന്‍പത്തിയെട്ടു വയസ്സായിരിന്ന റവ. അന്‍ഡിമിക്ക് ഭാര്യയും ഒന്‍പത് മക്കളുമാണുള്ളത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »