News - 2024

ഭാരതത്തില്‍ ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണത്തിന് റോമിൽ മതാന്തര പ്രാർത്ഥന യോഗം

സ്വന്തം ലേഖകന്‍ 25-02-2020 - Tuesday

റോം: ഭാരതത്തില്‍ ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണത്തിനും ഐക്യത്തിനും റോമിൽ മതാന്തര പ്രാർത്ഥന യോഗം നടന്നു. ഫെബ്രുവരി 21നു വൈകുന്നേരം അഞ്ച് മണിക്ക് റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രാര്‍ത്ഥനയില്‍ വൈദികരും സന്യസ്ഥരും ഉള്‍പ്പെടെ ഇരുന്നൂറ്റിയന്‍പതോളം പേര്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തെ കേന്ദ്രീകരിച്ച് ഭാരതത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥന നടന്നത്.

ഗായകസംഘം ആലപിച്ച 'അസതോമ സത്ഗമയ' എന്ന പരമ്പരാഗത ഗാനത്തോടെയാണ് പ്രാർത്ഥന ആരംഭിച്ചത്. തുടര്‍ന്നു വിവിധ മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നുള്ള വായനകൾ ഉണ്ടായിരുന്നു. ബൈബിളിൽ നിന്ന് അഷ്ട സൗഭാഗ്യങ്ങളാണ് പാരായണം ചെയ്തത്. ഓരോ വായനയ്ക്കും ശേഷം നിശബ്ദമായ ധ്യാനവും സ്തുതിഗീതവും ആലപിക്കപ്പെട്ടു. പ്രാർത്ഥനയുടെ അവസാനം വൈഷ്ണവ ജനതോ എന്ന ഗാനവും എല്ലാവരും ചേര്‍ന്ന് ആലപിച്ചു.

ഏതെങ്കിലും പാർട്ടിയുടെയോ, സമൂഹത്തിന്‍റെയോ, സംഘടനയുടെയോ ഭാഗമായല്ല മറിച്ച് രാജ്യത്തിന് വേണ്ടിയുള്ള പൗര സമൂഹമാണ് ഈ പ്രാർത്ഥനാ യോഗത്തിനായി പ്രവര്‍ത്തിച്ചതെന്നു ഫാ. സേവ്യർ ജോസഫ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങൾ പരിരക്ഷിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിക്കും ഇറ്റലിയിലെ ഇന്ത്യൻ അംബാസഡര്‍ക്കും അയയ്ക്കാനുള്ള കത്തില്‍ എല്ലാവരും ഒപ്പുവെച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എല്ലാവരും ഏറ്റ് ചൊല്ലി. തുടര്‍ന്ന് ദേശീയ ഗാനാലാപനത്തോടെയാണ് മതാന്തര പ്രാർത്ഥന യോഗം സമാപിച്ചത്.


Related Articles »