India - 2024

ദൈവമക്കളുടെ ഭവനങ്ങളിൽ അടുപ്പിൽ തീ പുകയുന്നുണ്ടെന്നു വൈദികര്‍ ഉറപ്പാക്കണം: മാര്‍ തോമസ് തറയില്‍

സ്വന്തം ലേഖകന്‍ 24-03-2020 - Tuesday

ചങ്ങനാശ്ശേരി: ദൈവജനത്തിനുവേണ്ടി കരങ്ങൾ സ്വർഗ്ഗത്തിലേക്കുയരേണ്ട സമയമാണിതെന്നും വൈദികര്‍ ദൈവമക്കളുടെ ഭവനങ്ങളിൽ അടുപ്പിൽ തീ പുകയുന്നുണ്ടെന്നു ഉറപ്പാക്കുകയും വേണമെന്നും ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുരിശിലെ ദൈവപുത്രന്റെ സഹനം ഇന്നും ഒരു ദിവ്യരഹസ്യമായിരിക്കുന്നതുപോലെ, മനുഷ്യജീവിതത്തിലെ സഹനങ്ങളും ഒരു രഹസ്യമായി ശേഷിക്കുന്നുവെന്നും സഹനങ്ങളെ ഈശോയോടൊപ്പം നേരിടാനാണ് നാം പഠിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു.

കൊറോണ ഭീതിയിൽ പള്ളികളും പൊതുസ്ഥാപനങ്ങളും അടച്ചിടാൻ നിര്ബന്ധിതമായിരിക്കുന്നു. ഒരുപക്ഷെ, നമ്മുടെ ഓർമയിൽ ഇങ്ങനൊരു സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അസാധാരണമായ ആത്മീയവിചാരങ്ങളോടെയേ നമുക്കിതിനെ മനസിലാക്കാനാവു. ദൈവം എന്തുകൊണ്ട് സഹനങ്ങൾ അനുവദിക്കുന്നു എന്നത് മനുഷ്യനുണ്ടായ കാലം മുതലുള്ള ചോദ്യമാണ്. ഇതുവരെ തൃപ്തികരമായ ഉത്തരം കിട്ടിയോ എന്ന് നിശ്ചയമില്ല. പക്ഷെ, ഒന്ന് പറയാം: സഹനങ്ങൾ എന്തുകൊണ്ടുണ്ടാകുന്നു എന്നതിനുത്തരം കിട്ടിയില്ലെങ്കിലും സഹനങ്ങളിൽ കൂടെ നടക്കുന്ന ദൈവത്തെ കാൽവരിയിലെ കുരിശു നമുക്ക് കാട്ടി തന്നു. കുരിശിലെ ദൈവപുത്രന്റെ സഹനം ഇന്നും ഒരു ദിവ്യരഹസ്യമായിരിക്കുന്നതുപോലെ, മനുഷ്യജീവിതത്തിലെ സഹനങ്ങളും ഒരു രഹസ്യമായി ശേഷിക്കുന്നു. എങ്കിലും, സഹനങ്ങളെ ഈശോയോടൊപ്പം നേരിടാനാണ് നാം പഠിക്കേണ്ടത്. ഏതവസ്ഥയിലും എന്റെ കർത്താവ് എന്റെ കൂടെയുണ്ട്.

പ്രിയപ്പെട്ട വൈദികർ ഒരു കാര്യം മറക്കരുത്: പള്ളികളിൽ പൊതുചടങ്ങുകൾ വേണ്ടെന്നു വച്ചതു ജനങ്ങൾ വരാതിരുന്നിട്ടല്ല. മറിച്ചു, ജനങ്ങൾ കൂടുതലായി വരുന്നതുകൊണ്ട് സർക്കാർ നിർദേശങ്ങൾ പാലിക്കാൻ വേണ്ടി മാത്രമാണ്. ജനത്തിന് ദൈവിക ശക്തി ഏറ്റവും ആവശ്യമായ സമയമാണിത്. അതിനാൽ, ആളൊഴിഞ്ഞ ദൈവാലയങ്ങളിലും എല്ലാ ദിവസവും പരിശുദ്ധ കുർബാന ഉണ്ടാവണം. ദൈവജനത്തിനുവേണ്ടി നമ്മുടെ കരങ്ങൾ സ്വർഗ്ഗത്തിലേക്കുയരേണ്ട സമയമാണിത്. ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രാർത്ഥനകളും വചന വിചിന്തനങ്ങളും ജനങ്ങളിലേക്കെത്തിക്കണം. നമ്മുടെയും മറ്റുള്ളവരുടെയും വിശുദ്ധീകരണത്തിനുവേണ്ടി ഈ സമയം ചെലവഴിക്കണം. ഒപ്പം, ദിവസക്കൂലിക്കാരായ നമ്മുടെ മക്കളുടെ ഭവനങ്ങളിൽ അടുപ്പിൽ തീ പുകയുന്നുണ്ടെന്നു ഉറപ്പാക്കുകയും വേണം. ദൈവം നമ്മോടുകൂടെ. ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

Posted by Pravachaka Sabdam on 

Related Articles »