India - 2024

വിശുദ്ധവാരത്തെ സംബന്ധിച്ച് മലങ്കര കത്തോലിക്ക സഭയിലും പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

01-04-2020 - Wednesday

തിരുവനന്തപുരം: ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ ദേവാലയങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രസിദ്ധീകരിച്ചു. കേരളത്തിനു പുറത്തുള്ള ഭദ്രാസനങ്ങളിലും അമേരിക്കയിലും പ്രാദേശിക ഭരണ സംവിധാനങ്ങളുടെ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് അതത് ഭദ്രാസന അധ്യക്ഷന്മാര്‍ നിര്‍ദേശങ്ങള്‍ നല്‍കും.

ആളുകളുടെ പങ്കാളിത്തമില്ലെങ്കിലും പീഡാനുഭവ വാരത്തിലെ വിശുദ്ധ കുര്‍ബാനയും യാമ പ്രാര്‍ത്ഥനകളും മറ്റു ശുശ്രൂഷകളും നടത്തും. ഭദ്രാസന അധ്യക്ഷന്‍മാര്‍ ഭദ്രാസന ദേവാലയങ്ങളിലോ അവര്‍ താമസിക്കുന്ന ഭവനങ്ങളിലെ ചാപ്പലുകളിലോ ശുശ്രൂഷ നടത്തണം. വൈദികര്‍ അവര്‍ താമസിക്കുന്ന സ്ഥലത്തെ ദേവാലയങ്ങളിലാണ് ശുശ്രൂഷ നടത്തേണ്ടത്. ഉച്ചഭാഷിണി ഉപയോഗിക്കരുത്. ശുശ്രൂഷകള്‍ ലൈവായി ആളുകള്‍ക്ക് ലഭ്യമാക്കുന്നു വെങ്കില്‍ അതിനാവശ്യമായ മൈക്ക് ഉപയോഗിക്കാം. സഭയ്ക്ക് പൊതുവായി തിരുവനന്തപുരത്തെ മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ചാനല്വെഴി ലൈവ് ടെലികാസ്റ്റ് ഉണ്ടാകും.

അതത് ഭദ്രാസനങ്ങളില്‍ അധ്യക്ഷന്മാര്‍ ആവശ്യമെങ്കില്‍ അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. ഓശാന ഞായറാഴ്ച കുരുത്തോല വാഴ്‌വ് സൂചനാ പരമായി നടത്തും. പെസഹാ വ്യാഴാഴ്ച മെത്രാന്മാര്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ഉണ്ടായിരിക്കില്ല. അന്നേ ദിവസം ദേവാലയങ്ങളില്‍ വൈദികര്‍ ദിവ്യകാരുണ്യ ആരാധന നടത്തും. ഭവനങ്ങളില്‍ പെസഹാ അപ്പം മുറിക്കാന്‍ കുടുംബനാഥന്‍ നേതൃത്വം നല്‍കും.

ദുഃഖവെള്ളിയാഴ്ച എല്ലാ ശുശ്രൂഷകളും യാമപ്രാര്‍ത്ഥനകളും ദേവാലയത്തില്‍ നടക്കും. ഭവനങ്ങളിലെല്ലാം യാമപ്രാര്‍ത്ഥനകള്‍ നടത്തും. ദുഃഖ ശനിയാഴ്ച ദേവാലയങ്ങളില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥന നടത്തും. അന്നേ ദിവസം രാത്രിയില്‍ ഈസ്റ്റര്‍ ശുശ്രൂഷകളും കുര്‍ബാനയും നടത്തും. സഭയ്ക്ക് മുഴുവനായുള്ള ആശീര്‍വാദം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ നല്‍കും. ലോകം നേരിടുന്ന വലിയ മഹാമാരിയില്നിവന്നും ദൈവത്തിന്റെ സംരക്ഷണത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കാതോലിക്കാ ബാവാ സഭാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »