Life In Christ - 2024

ആഗോള വിശ്വാസികള്‍ക്ക് ജപമാലയില്‍ ഒരുമിക്കാനുള്ള വെബ്സൈറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു

സ്വന്തം ലേഖകന്‍ 29-04-2020 - Wednesday

ഒന്‍റാരിയോ: കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് ജപമാലയില്‍ ഒരുമിച്ച് ഒന്നിക്കുന്നതിനായി യുവ സുഹൃത്തുക്കള്‍ തയ്യാറാക്കിയ വെബ്സൈറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. ആഗോള വിശ്വാസികള്‍ക്ക് തങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുവാനും ആ നിയോഗങ്ങളെ മുന്‍നിറുത്തി ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ക്ക് ജപമാല ചൊല്ലുവാനും സൗകര്യമൊരുക്കുകയാണ് “മാപ്പ് ഓഫ് ഹോപ്‌” എന്ന പുതിയ വെബ്സൈറ്റ് ചെയ്യുന്നത്. ലളിതമായ ഉള്‍ക്കാഴ്ചയില്‍ നിന്നുമാണ് മാപ്പ് ഓഫ് ഹോപ്‌ രൂപം കൊണ്ടതെന്നാണ് ജോ കിം, ജൊവാന്ന ഹെര്‍ണാണ്ടസ്, മൈക്ക് ഡെല്‍ പോണ്ടെ എന്നിവരടങ്ങുന്ന ടീം പറയുന്നത്.

കൊറോണ വൈറസിനെ പിന്തുടരുന്ന മാപ്പുകളിലാണ് നമ്മുടെ ഇപ്പോഴത്തെ ശ്രദ്ധ. അതിനുപകരം ഓരോ വ്യക്തിയുടേയും പ്രാര്‍ത്ഥനാ സ്ഥലം പിന്തുടരുകയാണ് പുതിയ വെബ്സൈറ്റ് ചെയ്യുന്നത്. കൊറോണ വൈറസും അതേ തുടര്‍ന്നുള്ള ഭയവും എപ്രകാരം ലോകത്തെ കീഴടക്കുന്നുവെന്ന് കാണിക്കുന്ന കൊറോണ മാപ്പുകള്‍ ജനങ്ങളില്‍ ആശങ്കകള്‍ സൃഷ്ടിക്കുകയും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന എന്തെങ്കിലും സൃഷ്ടിച്ചാല്‍ എങ്ങനെയിരിക്കും എന്ന തങ്ങളുടെ ചോദ്യത്തിനുത്തരമാണ് പുതിയ വെബ്സൈറ്റെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ഏതാണ്ട് ആയിരത്തിമുന്നൂറോളം പ്രാര്‍ത്ഥനാ നിയോഗങ്ങളാണ് സൈറ്റില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ടിരിക്കുന്നത്. നിയോഗങ്ങള്‍ക്ക് വേണ്ടി ജപമാല ചൊല്ലുവാന്‍ ലോകത്തിന്റെ വിവിധ ദേശങ്ങളിലുള്ള വിശ്വാസി സമൂഹത്തോട് മാപ്പ് ഓഫ് ഹോപ്‌ അഭ്യര്‍ത്ഥിക്കുന്നു. വരുന്ന മെയ് മാസത്തിലുടനീളം കുടുംബങ്ങളില്‍ പ്രത്യേകമാം വിധം ജപമാല ചൊല്ലണമെന്ന് ആഗോള വിശ്വാസീ സമൂഹത്തോടു ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ‘മാപ്പ് ഓഫ് ഹോപ്‌’ന് പ്രത്യേക പ്രാധാന്യമാണുള്ളത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »