Arts

7000 മണിക്കൂറുകള്‍ നീണ്ട ഗ്രിഗോറിയന്‍ ഗീതം: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റെക്കോര്‍ഡിംഗുമായി ഫ്രഞ്ച് സന്യാസിനികൾ

പ്രവാചക ശബ്ദം 04-06-2020 - Thursday

പാരീസ്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓഡിയോ റെക്കോര്‍ഡിംഗ് പദ്ധതിയുടെ ഭാഗമായ തങ്ങളുടെ ഗ്രിഗോറിയന്‍ ഗീതങ്ങളുടെ ഏഴായിരം മണിക്കൂറുകള്‍ നീണ്ട ഓഡിയോ റെക്കോര്‍ഡിംഗ് ഫ്രാന്‍സിലെ ബെനഡിക്ടന്‍ കന്യാസ്ത്രീകള്‍ പുറത്തുവിട്ടു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് തെക്കന്‍ ഫ്രാന്‍സിലെ ഐക്-സെന്‍ പ്രവിശ്യക്ക് സമീപമുള്ള നോട്രഡാം ഡെ ഫിഡെലിറ്റെ ഓഫ് ജോക്കസ് ബെനഡിക്ടന്‍ മഠത്തിലെ 45 കന്യാസ്ത്രീകളാണ് തങ്ങളുടെ മൂന്നു വര്‍ഷത്തെ ഗ്രിഗോറിയന്‍ സ്തുതിപ്പുകളുടെ റെക്കോര്‍ഡിംഗ് പുറത്തുവിട്ടത്. അമേരിക്കന്‍ സംഗീതജ്ഞന്‍ ജോണ്‍ ആന്‍ഡേഴ്സന്റെ സഹായത്തോടെയാണ് ഇത് റെക്കോര്‍ഡിംഗ് ചെയ്തു കൊണ്ടിരുന്നത്.

മഠത്തിലെ ചാപ്പലില്‍ എട്ടോളം മൈക്രോഫോണുകള്‍ ഘടിപ്പിച്ചുകൊണ്ടാണ് ആന്‍ഡേഴ്സന്‍ ഓരോ ദിവസത്തേയും റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കിയിരുന്നത്. ദേവാലയത്തില്‍ പ്രവേശിക്കുന്ന സന്യാസിനികള്‍ ‘റെക്കോര്‍ഡ്’ ബട്ടണ്‍ അമര്‍ത്തികൊണ്ട് ഗ്രിഗോറിയന്‍ ആലാപനം ആരംഭിക്കുകയും പ്രാര്‍ത്ഥനകളുടെ അവസാനത്തില്‍ ‘സ്റ്റോപ്പ്‌’ ബട്ടണ്‍ അമര്‍ത്തി റെക്കോര്‍ഡിംഗ് അവസാനിപ്പിക്കുകയും ചെയ്യുകയുമായിരിന്നു. സന്യസ്ഥരുടെ ആചാരനിഷ്ടകള്‍ക്ക് ഭംഗം വരാതെ ഓരോ ദിവസത്തെ റെക്കോര്‍ഡിംഗും ഒരു വിദൂര ഡ്രൈവിലേക്ക് അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടായിരിന്നു. മുന്‍പ് ഒരിക്കലും റെക്കോര്‍ഡിംഗ് ചെയ്യാത്ത സ്തുതി ഗീതങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഒരു ദിവസത്തിന്റെ പകുതിഭാഗവും ഈ സന്യാസിനികള്‍ പ്രാര്‍ത്ഥനയും സ്തോത്ര ഗീതങ്ങളുമായി ദേവാലയത്തില്‍ തന്നെയാണ് ചിലവഴിക്കുന്നതെന്നാണ് ആന്‍ഡേഴ്സന്‍ പറയുന്നത്. റെക്കോര്‍ഡ് ചെയ്യപ്പെട്ട സ്തുതിഗീതം ഒരു വലിയ പാട്ടുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ കാരണം വിശുദ്ധവാരവുമായി ബന്ധപ്പെട്ട സമൂഹപ്രാര്‍ത്ഥനകള്‍ ഒഴിവാക്കപ്പെട്ടതിന് പകരമായാണ് തങ്ങളുടെ പ്രാര്‍ത്ഥനാഗീതം പുറത്തിറക്കുവാന്‍ സന്യാസിനികള്‍ തീരുമാനിച്ചത്. എട്ടാം നൂറ്റാണ്ടില്‍ ഉത്ഭവം കൊണ്ട സ്തോത്ര ഗാനങ്ങളായ ഗ്രിഗോറിയന്‍ സ്തുതിപ്പുകളാണ് ബെനഡിക്ടന്‍ സന്യാസിനിമാര്‍ പിന്തുടര്‍ന്നുവരുന്നത്.


Related Articles »