News - 2024

ഒന്നര പതിറ്റാണ്ടിന് ശേഷം അമേരിക്കയില്‍ വീണ്ടും വധശിക്ഷ ഒരുങ്ങുന്നു: എതിര്‍പ്പുമായി ദേശീയ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 02-07-2020 - Thursday

വാഷിംഗ്ടണ്‍ ഡി‌.സി: ഒന്നര പതിറ്റാണ്ടിന് ശേഷം അമേരിക്കയില്‍ വീണ്ടും ഫെഡറല്‍ വധശിക്ഷ നടപ്പിലാക്കുവാനുള്ള തീരുമാനത്തിനെതിരെ ദേശീയ മെത്രാന്‍ സമിതി. വധശിക്ഷക്ക് വിധിക്കപ്പെട്ട നാലു പേരുടെ അപ്പീല്‍ സുപ്രീം കോടതി നിരസിച്ചതിനെ തുടര്‍ന്നു ജൂലൈ 13ന് വിധി നടപ്പിലാക്കുവാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തോട് അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഡൊമസ്റ്റിക് ജസ്റ്റിസ് ആന്‍ഡ്‌ ഹ്യൂമന്‍ ഡെവലപ്മെന്റ് വിഭാഗം തലവനും ഒക്ലഹോമ അതിരൂപതാധ്യക്ഷനുമായ പോള്‍ കോക്ലി രംഗത്തെത്തിയിരിക്കുന്നത്. പരമാവധി ശിക്ഷയായ വധശിക്ഷ അവസാനിപ്പിക്കണമെന്ന് ദശാബ്ദങ്ങളായി മെത്രാന്‍ സമിതി ആവശ്യപ്പെട്ടുവരികയാണെന്ന് മറ്റൊരു കേസിലെ സുപ്രീം കോടതി തീരുമാനത്തെ പരാമര്‍ശിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ കുറിച്ചു.

ആധുനിക സമൂഹത്തിനു ചേര്‍ന്നതല്ല വധശിക്ഷയെന്ന സഭാ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും, ബെനഡിക്ട് പതിനാറാമനും, ഫ്രാന്‍സിസ് പാപ്പയും ആഗോളതലത്തില്‍ തന്നെ വധശിക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കാര്യവും മെത്രാപ്പോലീത്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി അവസാനിപ്പിച്ച വധശിക്ഷ, നീതിന്യായ വിഭാഗവും ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണും പുനഃരാരംഭിക്കുവാന്‍ പോകുകയാണെന്ന്‍ അറ്റോര്‍ണി ജെനറല്‍ വില്യം ബാര്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇവരുടെ അപ്പീല്‍ സുപ്രീം കോടതി നിരസിച്ചതോടെയാണ് വീണ്ടും വധശിക്ഷക്ക് കളമൊരുക്കിയത്. ഇവരില്‍ 3 പേരുടെ വധശിക്ഷ ജൂലൈ 13-നാണ് നിശ്ചയിച്ചിരിക്കുന്നത്. 2003 ജൂണിലാണ് അമേരിക്കയില്‍ അവസാനമായി ഫെഡറല്‍ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നിര്‍ത്തലാക്കണമെന്നു ലോകരാജ്യങ്ങളോട് ഫ്രാന്‍സിസ് പാപ്പ പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചു കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തില്‍ പാപ്പ മാറ്റം വരുത്തിയിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്ന പ്രബോധനത്തിന് പകരം ഒരു സാഹചര്യത്തിലും വധശിക്ഷ അരുതെന്നാണ് പാപ്പ കൂട്ടിചേര്‍ത്തത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »