Social Media - 2024

ഹാഗിയ സോഫിയ: സാദിഖ് അലി തങ്ങള്‍ പറഞ്ഞതല്ല യഥാര്‍ത്ഥ ചരിത്രം

ഫാ. സാജു കൂത്തോടിപുത്തന്‍പുരയില്‍ സിഎസ്ടി 29-07-2020 - Wednesday

ഹാഗിയ സോഫിയ എന്ന പുരാതന ക്രൈസ്തവ ദേവാലയം മോസ്‌കാക്കി മാറ്റിയതിലൂടെ, കഴിഞ്ഞ പതിമൂന്നു നൂറ്റാണ്ടുകളില്‍ ലോകം കണ്ട അതേ നയങ്ങളാണ് ഇന്നും ചില മുസ്ലിം ഭരണാധികാരികളെ നയിക്കുന്നതെന്നു തെളിയുകയാണ്. അവശരായും അഭയാര്‍ഥികളായും അടുത്തുകൂടുക, ക്രമേണ ശക്തിപ്രാപിക്കുക, അവസരം വരുന്‌പോള്‍ ആക്രമിച്ചു കീഴടക്കുക എന്ന തന്ത്രം യൂറോപ്പിന്റെ ചരിത്രത്തില്‍ മുമ്പും കണ്ടിട്ടുള്ളതാണ്. ഹാഗിയ സോഫിയയെപ്പറ്റി പാണക്കാട് സാദിഖ് അലി തങ്ങള്‍ ചന്ദ്രികയിലൂടെ പറഞ്ഞതല്ല യഥാര്‍ത്ഥ ചരിത്രം. ഹാഗിയ സോഫിയയും യൂറോപ്പിന്റെ ചരിത്രവും സംബന്ധിച്ച് ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ പലതുണ്ട്.

സ്‌പെയിനിലും ഗ്രീസിലും മോസ്‌കുകള്‍ തിയറ്ററുകളും പള്ളികളുമായി മാറിയിട്ടുണ്ട് എന്നു ചന്ദ്രികയിലെ ലേഖനത്തില്‍ പറഞ്ഞതിന് ഒരു മറുവശമുണ്ട്. ഇസ്ലാം മതം രൂപംകൊണ്ട ഏഴാം നൂറ്റാണ്ടിനു മുന്പും ആ രാജ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നുമാത്രമല്ല, അവിടെ എണ്ണമറ്റ ക്രൈസ്തവ ദേവാലയങ്ങളും ഉണ്ടായിരുന്നു. അതിനുശേഷം യൂറോപ്പിനെ ആക്രമിച്ച ഇസ്ലാമിക ഭരണാധികാരികള്‍ പല ദേശങ്ങളും കീഴടക്കുകയുണ്ടായി. അത്തരത്തില്‍ യൂറോപ്പില്‍ ഏറ്റവും ആദ്യം ആക്രമിച്ചു കീഴടക്കപ്പെട്ട രാജ്യമാണ് സ്‌പെയിന്‍. പിടിച്ചെടുക്കപ്പെട്ട സ്ഥലങ്ങളിലുണ്ടായിരുന്ന െ്രെകസ്തവ ദേവാലയങ്ങള്‍ ഏറിയപങ്കും നശിപ്പിക്കപ്പെടുകയും മറ്റുള്ളവ മോസ്‌കാക്കി മാറ്റപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്.

പില്‍ക്കാലത്തു സ്‌പെയിന്‍ ഉള്‍പ്പെടെ ചില പ്രദേശങ്ങള്‍ മുസ്ലിം ആധിപത്യത്തില്‍നിന്നു തിരിച്ചുപിടിക്കാന്‍ കഴിഞ്ഞപ്പോള്‍ മുസ്ലിംകള്‍ നാടുവിടുകയുണ്ടായി. സ്‌പെയിനിലും ഗ്രീസിലും മറ്റും അത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടുകിടന്ന കെട്ടിടങ്ങളില്‍ ചിലത് തിയറ്ററുകളും ജയിലുകളും കച്ചവട സ്ഥാപനങ്ങളുമായിട്ടുണ്ടാകാം. പള്ളികള്‍ തകര്‍ത്ത് മോസ്‌ക് ആക്കി മാറ്റിയ ദേവാലയങ്ങളില്‍ ചിലത് തിരികെ പള്ളികളായിട്ടുണ്ടാകാം. ഇതിനെ, ഇസ്ലാം എന്ന ആശയം പോലും ജന്മം കൊള്ളുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്പ് നിര്‍മിക്കപ്പെട്ട മഹത്തായ ഹാഗിയ സോഫിയ ദേവാലയം യുദ്ധം ചെയ്ത് പിടിച്ചെടുത്തു തങ്ങളുടേതാക്കി മാറ്റിയതുമായി എങ്ങനെയാണു താരതമ്യം ചെയ്യാന്‍ കഴിയുക?

ഹാഗിയ സോഫിയ എന്ന െ്രെകസ്തവ ദേവാലയം വെറുമൊരു ക്രിസ്ത്യന്‍ പള്ളിയായിരുന്നില്ല. ലോകത്തിലെ ഏറ്റവും പ്രബലരായിരുന്ന രാഷ്ട്രീയ സാമ്രാജ്യത്തിന്റെ ഐക്കണ്‍ കൂടിയായിരുന്നു അത്. എക്കാലത്തെയും ക്രൈസ്തവരുടെ അഭിമാനവും ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനവുമായിരുന്നു ഹാഗിയ സോഫിയ. ഏറ്റവും പ്രബലമായിരുന്ന ഒരു ഭരണകൂടത്തിന്റെയും ക്രൈസ്തവ സമൂഹത്തിന്റെയും മേല്‍ ഒരേസമയം അധീശത്വം സ്ഥാപിച്ചിരിക്കുന്നതായി പ്രതീകാത്മകമായി പ്രഖ്യാപിക്കുക കൂടിയായിരുന്നു ഓട്ടോമന്‍ സുല്‍ത്താന്റെ ലക്ഷ്യം. അതിനാലാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ സാമ്രാജ്യം കീഴ്‌പ്പെടുത്തിയതോടൊപ്പം ഈ ദേവാലയത്തെ പിടിച്ചെടുക്കാനും അദ്ദേഹം തീരുമാനിച്ചത്. ഈ ശൈലി ഇസ്ലാമിക അധിനിവേശങ്ങളിലുടനീളം കാണാവുന്നതാണ്. അതേ പ്രതീകാത്മകതയില്‍ ഇന്നത്തെ ചില മുസ്ലിം ഭരണാധികാരികളും വിശ്വസിക്കുന്നു എന്നാണ് ഒരിക്കല്‍ക്കൂടി ഹാഗിയ സോഫിയ മോസ്‌ക് ആയി മാറിയതിലൂടെ വെളിപ്പെടുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുന്പ് കൈവിട്ടുപോയി മറ്റൊരു ജനതയുടേതായി മാറിയ ഒരു ദേശത്തെ സമഭാവനയോടെ കാണാന്‍ െ്രെകസ്തവ സമൂഹത്തിനും ലോകരാജ്യങ്ങള്‍ക്കും കഴിയുന്നതിനാലാണ് ചരിത്രവസ്തുതകള്‍ ഉയര്‍ത്തിക്കാണിച്ച് ആ ദേവാലയത്തിനുമേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാത്തത്. അതുകൊണ്ടു മറ്റൊരു രാജ്യത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര സ്മാരകത്തിനുമേല്‍ 'അവകാശവാദം ഉന്നയിക്കാത്തത്' ചരിത്രപരമായി അതിന് സാധുതയില്ലാത്തതിനാലാണ് എന്ന സാദിഖ് അലി തങ്ങളുടെ വാദം യുക്തിരഹിതമാണ്.

മുസ്ലിംകള്‍ക്ക് നിസ്‌കാര സ്വതന്ത്ര്യമില്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളുണ്ട് എന്ന പ്രസ്താവവും വസ്തുതാപരമല്ല. ഒരു ജനതയുടെയും ആരാധനാ സ്വാതന്ത്ര്യം വിലക്കിയിട്ടുള്ള യൂറോപ്യന്‍ രാജ്യമോ ക്രൈസ്തവ രാജ്യമോ ഇല്ല എന്നിരിക്കെ, ഇസ്ലാമിക രാജ്യങ്ങളില്‍ മറ്റു മതസ്ഥരോടുള്ള സമീപനം എന്താണെന്നു ചിന്തിക്കുന്നതും യുക്തമാണ്.

ഓട്ടോമന്‍ സുല്‍ത്താന്‍ മെഹ്മൂദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിളിനോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതകളാണ് എന്നുള്ളതും തുടര്‍ന്നുവന്ന ഭരണാധികാരികള്‍ അമുസ്ലിംകളായ ജനലക്ഷങ്ങളെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട് എന്നുള്ളതും മൂടിവച്ചുകൊണ്ടാണ് തുര്‍ക്കിയിലെ മതസൗഹാര്‍ദത്തെക്കുറിച്ചു ലേഖനത്തില്‍ വാചാലനാകുന്നത്.

ഓട്ടോമന്‍ ഭരണകൂടം തന്നെ നേതൃത്വം നല്‍കിയ അര്‍മേനിയന്‍ വംശഹത്യയില്‍ കൊല്ലപ്പെട്ടത് പതിനഞ്ച് ലക്ഷത്തില്‍പരം ക്രൈസ്തവരാണ് എന്ന ചരിത്രസത്യം വിസ്മരിക്കാനാവില്ല. പിന്നീടിങ്ങോട്ട് അത്തത്തുര്‍ക്കിന്റെ കാലശേഷവും തുര്‍ക്കിയില്‍നിന്ന് ഗത്യന്തരമില്ലാതെ എല്ലാമുപേക്ഷിച്ച് പലായനം ചെയ്തത് പതിനായിരക്കണക്കിന് െ്രെകസ്തവ കുടുംബങ്ങളാണ്. യൂറോപ്യന്‍ യൂണിയനിലുള്ള അംഗത്വം കൊതിച്ചാണ് തുര്‍ക്കി ഒരു മതേതര മുഖം മൂടി അണിഞ്ഞിരുന്നത് എന്നതാണ് വാസ്തവം. കേരളത്തിലുള്‍പ്പെടെ ഇസ്ലാമിക അജന്‍ഡകളോടെ ചിലര്‍ നടപ്പാക്കുന്ന പദ്ധതികളുടെ മറ്റൊരു രൂപമാണ് തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്.

ഫാ. സാജു കൂത്തോടിപുത്തന്‍പുരയില്‍ സിഎസ്ടി. സെക്രട്ടറി, കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ ‍


Related Articles »