News - 2024

തീവ്രവാദി ആക്രമണത്തിന് ശേഷം നീസിലെ ബസിലിക്ക ദേവാലയത്തില്‍ വീണ്ടും വിശുദ്ധ കുര്‍ബാന

പ്രവാചക ശബ്ദം 02-11-2020 - Monday

പാരീസ്: ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇസ്ലാമിക തീവ്രവാദി മൂന്നുപേരെ ദാരുണമായി കൊലപ്പെടുത്തിയ നീസിലെ പരിശുദ്ധ ദൈവമാതാവിന്റെ ബസിലിക്കയില്‍ ഇന്നലെ വീണ്ടും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. ലോകത്തെ ഞെട്ടിച്ച ആക്രമണത്തിന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം കനത്ത സുരക്ഷാവലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് നീസിലെ മെത്രാന്‍ ഡോ. ആന്ദ്രേ മര്‍സോ കാര്‍മികത്വം വഹിച്ചു. പട്ടണത്തിലെ ചുരുക്കം ഇടവക വൈദികരും ഇടവകാംഗങ്ങളും മാത്രമേ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പള്ളിയില്‍ എത്തിയിരുന്നുള്ളൂ. നീസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസിയും സന്നിഹിതനായിരുന്നു. ദേവാലയത്തില്‍വെച്ചു നരഹത്യ നടന്നതിനാല്‍ വിശുദ്ധ വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പ് പ്രത്യേക പരിഹാര പ്രാര്‍ത്ഥനകള്‍ നടന്നു.

അതേസമയം ഫ്രാന്‍സിലെ എല്ലാ ദേവാലയങ്ങളിലും ഇന്നലെ നടന്ന സകല വിശുദ്ധരുടെ തിരുനാള്‍ കര്‍മ്മങ്ങളില്‍ നീസിലെ രക്തസാക്ഷികളായ ദേവാലയ ശുശ്രൂഷി വിന്‍സെന്റ് ലോക്ക് (54), നാദനെ ദെവിയ്യെ (60), ബ്രസീല്‍ സ്വദേശിനി സിമോണെ ബരേത്തോ സില്‍വ (44) എന്നിവരെ പ്രത്യേകം സ്മരിച്ചു. ക്രൈസ്തവരായതുകൊണ്ടാണ് അവര്‍ കൊല്ലപ്പെട്ടതെന്നും കൊന്നവര്‍ ദൈവനാമത്തില്‍ കൊല്ലുന്നു എന്ന് അവകാശപ്പെട്ടവരാണെന്നും ബൂര്‍ജിലെ ആര്‍ച്ച് ബിഷപ്പ് ഡോ. ജെറോം ബോ പറഞ്ഞു. ദൈവനാമത്തില്‍ നമുക്ക് ആരേയും കൊല്ലാനാവില്ല. കാരണം അപരനെ നിഷേധിക്കുന്നവന്‍ ദൈവത്തെയാണ് നിഷേധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ക്രൈസ്തവ നരഹത്യയില്‍ വ്യാപക അന്വേഷണം തുടരുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »