Wednesday Mirror - 2024

നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 11

ആന്‍റോ അക്കര / പ്രവാചക ശബ്ദം 04-11-2020 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ആഗസ്റ്റ് 25-നു രാവിലെ സരങ്കോടിനടുത്തുള്ള ഗുട്ടിംഗിയ ഗ്രാമത്തിൽ ആയുധധാരികളായ ഒരു സംഘം എത്തി. ആക്രമണത്തെ ഭയന്ന്, 24 ക്രിസ്തീയ കുടുംബങ്ങളും വനാന്തരങ്ങളിലേക്ക് പലായനം ചെയ്തു. അവർ ജീവനും കൊണ്ടോടുമ്പോൾ, ഹിന്ദുക്കളാകാതെ ഒരിക്കലും ഗ്രാമത്തിലേക്ക് തിരിച്ചുവരുവാൻ അനുവദിക്കയില്ലെന്ന് അക്രമിസംഘം വിളിച്ചു കൂവുന്നുണ്ടായിരുന്നു. കാട്ടിനുള്ളിൽ കോരിച്ചൊരിയുന്ന മഴയത്ത് നാലു ദിവസം പട്ടിണി സഹിച്ചശേഷം മണിക്കൂറുകളോളം നടന്നാണ് അവർ ഉദയഗിരിയിലെ അഭയാർത്ഥി ക്യാമ്പിൽ എത്തിയത്. മൂന്ന് ആഴ്ചകൾക്കു ശേഷം രുണിമ ഡിഗൾ ഭർത്താവ് ഈശ്വറുമൊത്ത് അവളുടെ പിതൃഗ്രാമത്തിലേക്ക് യാത്രയായി. നാലു മക്കളെയും അഭയാർത്ഥി ക്യാമ്പിൽ നിർത്തിയാണ് അവർ പോയത്. കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തിരുന്ന വീട് പരിശോധിക്കാനുള്ള വ്യഗ്രത കൊണ്ട് സ്വന്തം ഗ്രാമത്തത്തിലൂടെയാണ് സെപ്തംബർ 20-ആം തീയതി അവർ മടങ്ങിയത്.

ഈശ്വറും ഭാര്യയും ഗ്രാമത്തിൽ വന്ന വാർത്ത അറിഞ്ഞ ഉടനെ ഒരു ഡസൻ മതഭ്രാന്തന്മാർ അവരെ അന്വേഷിച്ചിറങ്ങി. എല്ലാ വീടുകളിലും തിരഞ്ഞിട്ട് അവർക്ക് ഈശ്വറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഗുട്ടിംഗിയ ഗ്രാമത്തിൽ നിന്ന് അഭയാർത്ഥി ക്യാമ്പിലേക്ക് പോകുവാനുള്ള ബസിൽ കയറാൻ പോകുമ്പോൾ ഈശ്വറും രുണിമയും അവരെ അന്വേഷിച്ചിരുന്ന അക്രമിസംഘത്തിന്റെ മുന്നിൽ ചെന്നുപെട്ടു.

"ഹിന്ദുവാകാതെ ഈ ഗ്രാമത്തിലേക്ക് മടങ്ങാൻ നിനക്ക് എങ്ങനെ ധൈര്യമുണ്ടായി?" എന്ന് ചോദിച്ച് അവർ അയാളെ തള്ളി. ഭർത്താവിനെ സംരക്ഷിക്കുന്നതിന് മുന്നോട്ടുവന്ന രുണിമയെ അവർ തള്ളിമാറ്റി. "അവർ എന്റെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. അദ്ദേഹത്തെ വെട്ടിനുറുക്കുന്നതു കണ്ട ഞാൻ ബോധമറ്റു വീണു. ഓർമ വന്നപ്പോൾ ചുറ്റുപാടും ആരും ഉണ്ടായിരുന്നില്ല. രക്തപ്പാടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ." ആ വിധവ വിതുമ്പിക്കൊണ്ട് പറഞ്ഞു.

ബോധം തെളിഞ്ഞപ്പോൾ രുണിമ അവിടെനിന്ന് ഉറ്റവരും അടുത്തുള്ള സി.ആർ.പി.എഫ്.ക്യാമ്പിൽ ചെന്ന് - അത് ഒരു കി.,മീ. അകലെ പപ്പുംഗിയ എന്ന സ്ഥലത്തായിരുന്നു - ഭർത്താവ് കൊല്ലപ്പെട്ട വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. തത്ക്ഷണം അവളെയും കൂട്ടി അവർ കൊലപാതകസ്ഥലത്തെത്തി. എന്നാൽ അതിനിടയിൽ സംഭവസ്ഥലത്തെ രക്തക്കറകൾ പോലും നീക്കിയിരുന്നു.

സി.ആർ.പി.എഫ്. അറിയിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറും എസ്.പി.യും സ്ഥലത്തെത്തി. അവരോടും രുണിമ തന്റെ ഭീകരാനുഭവം വിശദീകരിച്ചു. കൊലപാതകം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും തെളിവില്ലെന്ന കാരണം പറഞ്ഞ് ഈ പൈശാചിക കൃത്യം അംഗീകരിക്കാനോ ക്രിമിനൽ കേസ് രേഖപ്പെടുത്താനോ പോലീസ് തയ്യാറായില്ല. (കന്ധമാലിൽ പരക്കെ പ്രയോഗിച്ചിരുന്ന ഒരു കുതന്ത്രമാണ്. കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കൽ "ശവം പോലും ഇല്ലാതാക്കി നഷ്ടപരിഹാരം നിഷേധിക്കുന്നു.")

പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ "Kandhamal - a blot on Indian Secularism" (കന്ധമാൽ ഭാരതത്തിന്റെ മതേതരത്വത്തിന് ഒരു കളങ്കം) എന്ന എന്റെ ഗ്രന്ഥത്തിൽ, ഈശ്വറിന്റെ പോലീസ് അംഗീകരിക്കാത്ത കൊലപാതകത്തെക്കുറിച്ച് വിശദീകരിച്ചതിന്റെയും ആവർത്തിച്ചുള്ള പരാതികളുടെയും ഫലമായി അധികാരികൾ നിലപാട് മാറ്റി. എട്ട് മാസങ്ങൾക്കു ശേഷം അവർ കൊലപാതകം നടന്നതായി അംഗീകരിച്ചു. 2009 ഏപ്രിൽ ഒഡീഷാ സർക്കാർ ആ വിധവയ്ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നൽകി. കേന്ദ്ര സർക്കാരിൽ നിന്ന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തു.

"ഞാൻ കുറ്റവാളികൾക്കെതിരെ പരാതിപ്പെട്ടതിനാൽ അവർ എന്നെത്തേടി നടക്കുകയാണ്. പ്രതികളെ ബന്ധനസ്ഥരാക്കാതെ എനിക്ക് എങ്ങനെയാണ് എന്റെ ഗ്രാമത്തിൽ പ്രവേശിക്കാനാകുക? "2009 ജനുവരിയിൽ ഉദയഗിരിയിലെ അഭയാർത്ഥി ക്യാമ്പിൽവച്ച് രുണിമ പരിതപിച്ചു. ക്രൈസ്തവ വിരുദ്ധ കലാപങ്ങളുടെ ഇരകളായ നൂറുകണക്കിന് വിശ്വാസികളെ അലട്ടിയിരുന്ന ചോദ്യമാണ് ആ വിധവയിൽ നിന്ന് മുഴങ്ങിക്കേട്ടത്.

("ആ സമത്ത് ബഹുഭൂരിപക്ഷം കുറ്റവാളികളും സ്വതന്ത്രരായി വിഹരിക്കുകയായിരുന്നു. രജിസ്റ്റർ ചെയ്ത 828 ക്രിമിനൽ കേസുകളിലായി, 11,348 പേർ കുറ്റാരോപിതരായിരുന്നെങ്കിലും, 2009 ഏപ്രിൽ വരെ 700-ൽ താഴെ പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിരുന്നുള്ളൂ.")

അതൊക്കെയാണെങ്കിലും, ആ വിധവ തന്റെ വിശ്വാസത്തിൽ അചഞ്ചലയായി നിലകൊണ്ടു. "എന്തുതന്നെ സംഭവിച്ചാലും എന്റെ വിശ്വാസം ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ഏതു വിശ്വാസത്തിനു വേണ്ടിയാണോ എന്റെ ഭർത്താവ് കൊല്ലപ്പെട്ടത്, ആ വിശ്വാസം എനിക്ക് എങ്ങനെ തള്ളിക്കളയാനൊക്കും ?" രുണിമ ചോദിച്ചു.

മൂന്നു വർഷങ്ങൾക്കുശേഷം കന്ധമാലിലെ അനാഥരുടെയും വിധവകളുടെയും സമ്മേളനത്തിൽവച്ച് ഞാൻ അവരെ വീണ്ടും കണ്ടുമുട്ടിയപ്പോഴും തന്റെ പലായനം അവസാനിച്ചിട്ടില്ലെന്ന് രുണിമ എടുത്തുപറഞ്ഞു. 2012-ലെ നവവത്സരപ്പുലരിയിൽ, നുവാഗാമിലെ പാസ്റ്ററിൽ സെന്ററിലെ കൂടിക്കാഴ്ചയിൽ രുണിമ പറഞ്ഞു: "എന്റെ ഇളയ ആൺകുട്ടികൾ രണ്ടുപേരും ഇപ്പോൾ ക്രിസ്ത്യൻ ഹോസ്റ്റലിലാണ്. ഒരു വാടകവീട്ടിലാണ് ഞങ്ങൾ കഴിഞ്ഞുകൂടുന്നത്. ഞാൻ ദിവസവും കൂലിപ്പണിക്കു പോയിട്ടാണ് കുടുംബം പോറ്റുന്നത്. "ഇതിനകം രുണിമയുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞിരുന്നു. രണ്ടാമത്തെ മകളാകട്ടെ, അമ്മയോടൊപ്പം വാടക വീട്ടിൽ താമസിച്ച് ഉദയഗിരിയിലെ ഹൈസ്ക്കൂളിൽ പഠിക്കുകയായിരുന്നു.

വിശ്വാസത്തിനു വേണ്ടി വീട്ടുകാരെ വെടിഞ്ഞ വിധവ ‍

പാസ്റ്ററായ തന്റെ ഭർത്താവ് ദിവ്യസുന്ദർ ഡിഗളിനെ കാവിപ്പട ആക്രമിക്കാൻ പദ്ധതിയിട്ടുണ്ടെന്ന് ആഗസ്റ്റ് 24-നാണ് പുഷ്‌പാഞ്‌ജലി പോണ്ട അറിഞ്ഞത്. ആ നിമിഷം മുതൽ അവൾ ഉത്കണ്ഠാകുലയായി. ഞായറാഴ്ച്ച രാവിലെയുള്ള ശുശ്രൂഷയ്ക്കായി ദ്രെപാംഗിയ എന്ന സ്ഥലത്തേക്ക് പോയിരുന്ന ഭർത്താവിനെ ഫോണിൽ വിളിച്ചു.

"അവർ നിങ്ങളെ അന്വേഷിക്കുകയാണ്. ദയവായി, ഇങ്ങോട്ടു വരരുത്. അവിടെത്തന്നെ താമസിക്കുക," പുഷ്‌പാഞ്‌ജലി അന്നു വൈകിട്ട് ഭർത്താവിന് മുന്നറിയിപ്പ് നൽകി. യാത്രചെയ്തിരുന്ന ക്രൈസ്തവരെ കാവിപ്പട ആക്രമിച്ചിരുന്നതുകൊണ്ട് പാസ്റ്റർ ദിവ്യസുന്ദർ ആ ഗ്രാമത്തിൽതന്നെ തങ്ങി.

അടുത്ത ദിവസം വൈകിട്ട് ഒരു ലോറിയിൽ അക്രമിസംഘം പുഷ്പ്പാഞ്ജലിയുടെ വസതിയിലെത്തി. ഭർത്താവ് എവിടെയാണെന്നാണ് അവർ അന്വേഷിച്ചത്. പാസ്റ്റർ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയായിരുന്നു അവരുടെ ലക്‌ഷ്യം. അദ്ദേഹം ഞായറാഴ്ച്ച ശുശ്രൂഷ കഴിഞ്ഞ് താസിച്ചിരുന്ന ഗ്രാമമേതെന്ന് അവർക്ക് അറിയാമായിരുന്നു. ഉടനെ അവർ എട്ടു കി.മീ. ദൂരെയുള്ള ദ്രെപാംഗിയയിലേക്ക് തിരിച്ചു.

"രാത്രിമുതൽ അദ്ദേഹത്തിന്റെ (മൊബൈൽ) ഫോണിൽനിന്ന് ഒരു മറുപടിയും ലഭിക്കാതിരുന്നതിനാൽ ഞാൻ ആകെ അസ്വസ്ഥയായി. നേരം വെളുത്തപ്പോൾ ഞാൻ മകളെയുംകൊണ്ട് അങ്ങോട്ട് പോയി," മുപ്പത്തെട്ടുകാരിയായ ആ വിധവ പറഞ്ഞു. ഒരു പാസ്റ്റർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ജഡം വഴിയോരത്ത് കിടക്കുകയാണെന്നും വഴിമധ്യേ ഒരു ചെറുപ്പക്കാരൻ അവരെ ധരിപ്പിച്ചു.

ഈ വാർത്ത ഉണ്ടാക്കിയ ഞെട്ടൽ വകവെയ്ക്കാതെ അവൾ നടപ്പു തുടർന്നു. ഗ്രാമത്തിലെത്തിയപ്പോൾ അവൾ കണ്ടകാഴ്ച്ച ഭയാനകമായിരുന്നു. കുത്തും വെട്ടുമേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭർത്താവിന്റെ ശരീരം. ഏതാനും ഹിന്ദുയുവാക്കളുടെ സഹായത്തോടെ മൃതശരീരം സൈക്കിളിൽ കെട്ടിവച്ച് അവൾ സ്വന്തം ഗ്രാമത്തിൽ എത്തിച്ചു. ഈ ദാരുണരംഗത്തിന് സാക്ഷിയായി അവളുടെ എട്ടുവയസുള്ള മകൾ കരഞ്ഞു കൊണ്ട് പിന്നിൽ നടന്നിരുന്നു.

പുഷ്‌പാഞ്‌ജലിയുടെ ദുരിതങ്ങൾ ഇതോടെ അവസാനിച്ചില്ല. ഭർത്താവിനെ വധിച്ച സംഘത്തലവൻ അവളെ സമീപിച്ച് പോലീസിൽ പരാതിപ്പെടുകയോ സർക്കാരിൽ നിന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ കൈപ്പറ്റുകയോ ചെയ്‌താൽ അവളെയും കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി. നഷ്ടധൈര്യയായ ആ വിധവ, മകളെയുംകൂട്ടി റൈക്കിയിലെ, അഭയാർത്ഥി ക്യാമ്പിലേക്ക് മാറിത്താമസിച്ചു. അക്രമികൾ അഭയാർത്ഥി ക്യാമ്പിൽ വന്നുപോലും അവളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. തന്മൂലം അവൾ ഭുവനേശ്വറിലുള്ള വൈ.എം.സി.എ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി. നാനൂറിൽപരം അഭയാർത്ഥികൾ ഇതിനകം അവിടെ എത്തിയിരുന്നു.

രണ്ടു മാസക്കാലം അവിടെ താസിച്ചതിനുശേഷം പുഷ്‌പാഞ്‌ജലി കട്ടക്കിലെ ഒരു വാടകവീട്ടിലേക്ക് താമസം മാറി. മകളെ അവിടെയുള്ള ക്രിസ്ത്യൻ സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കാനായിരുന്നു അത്.

കാവിപ്പടയുടെ തുടർച്ചയായ ഭീഷണികൾക്കു പുറമെ, സ്വന്തം വീട്ടുകാരുടെ എതിർപ്പും ആ വിധവയ്ക്ക് ഏറെ വിഷമമുണ്ടാക്കി. തന്റെ ഉറ്റവരുടെയും ഉടയവരുടെയും പ്രതികരണം അവൾ വിവരിച്ചു: "എന്നെ ഹിന്ദുമതത്തിലേക്ക് പിൻതിരിപ്പിക്കുവാൻ പരിശ്രമിക്കുകയാണ് അവർ. ക്രിസ്ത്യൻ വിധവയായി ജീവിക്കുന്നത് ഏറ്റവും ദുസ്സഹമായിരിക്കും എന്ന് അവർ എന്നെ ഭയപ്പെടുത്തുന്നു." എന്നാൽ, വിശ്വാസത്തിനുവേണ്ടി വീട്ടുകാരെ വകവെയ്ക്കാതെ, മുന്നോട്ടുപോകാൻ തന്നെയാണ് പുഷ്‌പാഞ്‌ജലി തീരുമാനിച്ചത്.

"ഹിന്ദുമതത്തിലേക്കു തിരിച്ചുചെന്നാൽ സർവസഹായ സഹകരണങ്ങളും നൽകാമെന്ന് എന്റെ വീട്ടുകാർ ഉറപ്പുനൽകിയിട്ടുണ്ട്. പക്ഷേ, ഞാൻ തിരിച്ചുപോവുകയില്ല. ഞാൻ ക്രിസ്ത്യാനിയായി ജീവിക്കും, അങ്ങനെ തന്നെ മരിക്കുകയും ചെയ്യും." ദൃഢസ്വരത്തിൽ പുഷ്പാഞ്ജലി പ്രഖ്യാപിച്ചു. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പുഷ്‌പാഞ്‌ജലി പാസ്റ്റർ ദിവ്യ സുന്ദറുമായി പ്രണയത്തിലായതിനുശേഷമാണ് ക്രിസ്ത്യാനിയായതും അദ്ദേഹത്തെ വിവാഹം ചെയ്‌തതും.

നിരക്ഷരയെങ്കിലും വിശ്വാസത്തിൽ അചഞ്ചലയായ വിധവ ‍

കൊല്ലപ്പെട്ട പാസ്റ്റർ മദൻ നായകിന്റെ വിധവയായ, നിരക്ഷരയായ സാവിത്രി നായക് 2009 ജനുവരി 11-ന് ദോക്കേടി ഗ്രാമത്തിലേക്ക് യാത്രതിരിച്ചു. അവിടെ സമാധാനം പുന:സ്ഥാപിച്ചിരിക്കുമെന്നു വിചാരിച്ചാണ് അവർ ഉദയഗിരിയിലെ അഭ്യാർത്ഥിക്യാമ്പിൽ നിന്ന് പുറപ്പെട്ടത്. "എന്തുകൊണ്ടാണ് ഹിന്ദുവാകാതെ നിങ്ങൾ മടങ്ങിവന്നത്?" ഗ്രാമത്തിലെത്തിയ ഉടനെ മതഭ്രാന്തന്മാർ അവളെ തടഞ്ഞുനിർത്തി ചോദിച്ചു.

"അവർ എന്റെമേൽ മണ്ണെണ്ണ ഒഴിച്ചു. എന്നെ ജീവനോടെ കത്തിച്ചുകളയാനായിരുന്നു അവരുടെ നീക്കം." 60 വയസ് കഴിഞ്ഞ, നിരക്ഷരയായ വിധവ, തന്റെ ഭീകരാനുഭവം അനുസ്മരിച്ചു. ആ വിധവയുടെ ഭാഗ്യമെന്ന് പറയാം. ഹിന്ദു ഗ്രാമത്തലവൻ ആ സമയത്ത് അവിടെ വരാനിടയായി. വിധവയെ തീ കൊളുത്താൻ തയ്യാറായി നിന്നിരുന്ന സംഘത്തോട് അദ്ദേഹം ചോദിച്ചു. "നിങ്ങൾ എന്തുകൊണ്ടാണ് ഈ വൃദ്ധയെ കൊല്ലാൻ ശ്രമിക്കുന്നത്?" അവളെ വിട്ടയയ്ക്കുക." അവളുടെ പാസ്റ്ററായ ഭർത്താവിനെ അക്രമികൾ നേരത്തെ കൊന്നിട്ടുണ്ട് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ആ മുതിർന്ന ഹിന്ദുവിന്റെ വാക്കുകൾ അനുസരിച്ച് അക്രമികൾ സാവിത്രിയെ വിട്ടയച്ചു. എങ്കിലും ക്രിസ്ത്യാനിയായിആ ഗ്രാമത്തിൽ ജീവിക്കുവാൻ അനുവദിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്താൻ അവർ മറന്നില്ല. തന്റെ ഭർത്താവ് അഭിമുഖീകരിക്കേണ്ടി വന്നതുപോലുള്ള അനുഭവം നേരിടേണ്ടിവന്നതിൽ സ്തബ്‌ധയായ വിധവ അഭയാർത്ഥികേന്ദ്രത്തിലേക്കു തിരിച്ചുപോയി.

ക്രിസ്ത്യാനിയായതിന്റെ പേരിൽ സാവിത്രിക്കുണ്ടായ യാതനകൾക്ക് തുടക്കം കുറിച്ചത് ആഗസ്റ്റ് 26-നാണ്. അവളുടെ ഗ്രാമത്തിലെ ക്രിസ്തീയഭവനങ്ങൾ കൊള്ളയടിച്ച് അഗ്നിക്കിരയാക്കിയത് അന്നായിരുന്നു. സായുധസംഘത്തെ ഭയന്ന് മറ്റു ക്രൈസ്തവരെല്ലാം ജീവനും കൊണ്ടോടി. അവരുടെ ഒപ്പം ഓടിയെത്താൻ പ്രായമേറിയ ആ സ്ത്രീ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്.

ശ്രീതിക്കുട എന്ന സ്ഥലത്ത് ഞായറാഴ്‌ച്ച ശുശ്രൂഷ നടത്തുകയായിരുന്നു ഭർത്താവ് പാസ്റ്റർ മദൻ. ശശികാന്ത നായക്, ഫിദെം നായക് എന്നീ രണ്ടു പാസ്റ്റർമാരും മടക്കയാത്രയിൽ പാസ്റ്റർ മദന്റെ കൂടെ ഉണ്ടായിരുന്നു. ഗുർപാകിയ എന്ന സ്ഥലത്തെത്തിയപ്പോൾ, ക്രൈസ്തവരെ തേടി നടന്നിരുന്ന ഒരു അക്രമിസംഘം അവരെ തടഞ്ഞു.

മൂന്നുപേരുടെയും ബാഗുകൾ പരിശോധിച്ചപ്പോൾ ബൈബിൾ കണ്ടതോടെ അവർ പാസ്റ്റർമാരാണെന്ന് മതഭ്രാന്തന്മാർക്ക് ഉറപ്പായി. ക്രിസ്‌തീയ വിശ്വാസം ഉപേക്ഷിക്കുന്നതിന്റെ തെളിവായി ബൈബിൾ കത്തിച്ചു കളയാൻ അവർ കൽപ്പിച്ചു. പക്ഷെ യഥാർത്ഥ വിശ്വാസികളെപോലെ പാസ്റ്റർമാർ ആ കൽപ്പന അവഗണിക്കുകയാണ് ചെയ്‌തത്‌. തന്നെയുമല്ല തങ്ങളുടെ വിശ്വാസം ഒരിക്കലും ത്യജിക്കുകയില്ലെന്ന് അവർ ആവർത്തിക്കുകയും ചെയ്‌തു.

ആ വിശ്വാസപ്രഖ്യാപനത്തിൽ ക്ഷുഭിതരായ അക്രമികൾ അവർ മൂന്നുപേരുടെയും കൈകൾ ബന്ധിച്ചശേഷം പൈശാചികമായ രീതിയിൽ അടിച്ച് കൊലപ്പെടുത്തി. എന്നിട്ടും അവരുടെ കോപം അടങ്ങിയില്ല. മൃതശരീരങ്ങൾ തുണ്ടംതുണ്ടമായി വെട്ടിനുറുക്കി, ബൈബിളുകളോടൊപ്പം അഗ്നിക്കിരയാക്കി. "ഞാൻ സംഭവസ്ഥലത്തു ചെല്ലുമ്പോൾ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ മാത്രമേ, അവിടെ ഉണ്ടായിരുന്നുള്ളു. മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ അവിടെ എത്തിയത്," ഈറനണിഞ്ഞ മിഴികളോടെ ആ വിധവ വിവരിച്ചു.

"ഭാവിയെപ്പറ്റി ഉൽക്കണ്ഠയുണ്ടോ?" എന്ന ചോദ്യത്തിന് സാവിത്രി ശാന്തമായാണ് മറുപടി പറഞ്ഞത്: "എനിക്ക് പേടിയോ, ആശങ്കയോ ഇല്ല. എന്റെ ഭർത്താവ് വിശ്വാസത്തിനുവേണ്ടി മരണമടഞ്ഞു. ഞാനും ആ വിശ്വാസം ഉപേക്ഷിക്കുകയില്ല." സാവിത്രിയുടെ ഏകമകൻ ശിശിർ ഇതിനകം കന്ധമാലിനു പുറത്ത് പാസ്റ്ററായി ശുശ്രൂഷ ചെയ്യാൻ ആരംഭിച്ചിരുന്നു.

തുടരും... (അടുത്ത ബുധനാഴ്ച: മാനഭംഗം ചെയ്യപ്പെട്ട സിസ്റ്ററിന് 'യേശു കുരിശില്‍ അമര്‍ത്യന്‍' )

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »