News - 2024

അര്‍ജന്റീനയില്‍ അബോര്‍ഷന്‍ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം: അഞ്ഞൂറിലധികം നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി

പ്രവാചക ശബ്ദം 02-12-2020 - Wednesday

ബ്യൂണസ് അയേഴ്സ്: കുരുന്നു ജീവനുകളെ ഇല്ലാതാക്കുന്ന ഗര്‍ഭഛിദ്രമെന്ന മാരക തിന്മ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍. നവംബര്‍ 28 ശനിയാഴ്ച അഞ്ഞൂറിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “നിയപരമാണെങ്കിലും അല്ലെങ്കിലും ഭ്രൂണഹത്യ ഒരു കൊലപാതകം തന്നെയാണ്”, “സത്യത്തെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ക്ക് ഭയമില്ല”, “ജീവനെ സംരക്ഷിക്കുന്നവര്‍ ഒരുപാടുണ്ട്”, “ഞങ്ങളാണ് നീല ഭൂരിപക്ഷം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു നവംബര്‍ തുടക്കത്തില്‍ അര്‍ജന്റീനയിലെ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.

നിരവധി പ്രമുഖരും പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്സില്‍ നടന്ന പ്രതിഷേധത്തില്‍ നിയമസാമാജിക വിക്ടോറിയ മൊറാലെസ് ഗോര്‍ലേരി പങ്കുചേര്‍ന്നു. ബില്ലിനെതിരെ ഫ്രാന്‍സിസ് പാപ്പ തനിക്കെഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിക്ടോറിയ സംസാരിക്കുന്ന ഒരു വീഡിയോയും പ്രോലൈഫ് സംഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്. അര്‍ജന്റീനയിലെ പ്രോലൈഫ് യൂണിറ്റി സംഘടനയിലെ കമീല ഡൂറോ, ഡോക്ടേഴ്സ് ഓഫ് ലൈഫ് പ്രസിഡന്റ് ഡോ. മരിയ ജോസ് മാന്‍സിനോ, മാസ് വിദാ അര്‍ജന്റീനയുടെ റാവുള്‍ മാഗ്നാസ്കോ, മുന്‍ കോണ്‍ഗ്രസ് വനിതാംഗമായ സിന്തിയ ഹോട്ടണ്‍ തുടങ്ങിയ പ്രമുഖരും ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ആരോഗ്യമേഖലയിലെ സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറക്കുന്നതിനു വേണ്ടിയാണ് ഈ പുതിയ ബില്ലെന്നാണ് സിന്തിയ ഹോട്ടണ്‍ പറയുന്നത്. ഡിസംബര്‍ പത്തോടെ പുതിയ ബില്‍ ചേംബര്‍ ഡെപ്യൂട്ടീസിന്റെ വോട്ടിംഗിനിടുവാനാണ് സര്‍ക്കാര്‍ ശ്രമം. 2018-ല്‍ സമാനമായ ഒരു ബില്‍ പാസാക്കിയെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തെ സെനറ്റ് പരാജയപ്പെടുത്തിയിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »