Seasonal Reflections - 2024

വിശുദ്ധ ജോസഫിന്റെ ചരട്

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 15-01-2021 - Friday

വിശുദ്ധ ജോസഫിൻ്റെ ചരടിനോടുള്ള (The Cord of St .Joseph) ജനകീയ ഭക്തിയെ (popular devotion) കുറിച്ചാണ് ഇന്നത്തെ ചിന്ത. ജനകീയ ഭക്തിയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ പറയുന്ന വാക്കുകളോടെ നമുക്കു ആരംഭിക്കാം: "ജനകീയ ഭക്തി നമ്മുടെ ശക്തികളിൽ ഒന്നാണ്, കാരണം ജനഹൃദയങ്ങളിൽ ആഴത്തിൽ വേരുറച്ചിട്ടുള്ള പ്രാർത്ഥനകൾ അത് ഉൾകൊള്ളുന്നു. അവ സഭാ ജീവിതത്തിൽ നിന്നു അകന്നു കഴിയുന്നവരുടെയും വിശ്വാസത്തെക്കുറിച്ചു ശരിയായ ജ്ഞാനമില്ലാത്തവരുടെയും ഹൃദയങ്ങളെപ്പോലും ചിലപ്പോൾ ചലിപ്പിക്കുന്നു."

ബൽജിയത്തുള്ള ഒരു തുറമുഖ പട്ടണമാണ് ആൻ്റ് വെർപ് (Antwerp). ഈ നഗരത്തിൽ 1637 ൽ ഉത്ഭവിച്ച മനോഹരമായ ഒരു ഭക്താചരണത്തെക്കുറിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത. ആൻ്റ് വെർപ്പിലെ അഗസ്റ്റീനിയൻ സഭാംഗമായ സി. എലിസബത്തിനു മാരകമായ ഒരു രോഗം ബാധിച്ചു. വിദഗ്ദരായ പല ഡോക്ടർമാർ പരിശോധിച്ചട്ടും രോഗത്തിൻ്റെ കാരണം പിടി കിട്ടിയില്ല. മരണം മുമ്പിൽ കണ്ടു കൊണ്ട് ദിവസങ്ങൾ എണ്ണിക്കഴിയവേ യൗസേപ്പിതാവിനോടു സവിശേഷ ഭക്തി ഉണ്ടായിരുന്ന സി. എലിസബത്ത് യൗസേപ്പിൻ്റെ ബഹുമാനാർത്ഥം ഒരു ചരട് ആശീർവദിച്ചു കൊടുക്കാമോ എന്നു സഭാധികാരികളോട് ആവശ്യപ്പെട്ടു. ആശീർവദിച്ച ചരട് അവൾ തന്നെ അരയിൽ കെട്ടി. ഏതാനും ദിവസങ്ങൾക്കു ശേഷം സി. എലിസബത്തു സുഖം പ്രാപിച്ചു. ഈ സംഭവം അറിഞ്ഞ നിരവധി ഡോക്ടർമാർ, പ്രൊട്ടസ്റ്റൻ്റു ഡോക്ടർ മാർ ഉൾപ്പെടെ അവിടെ വരുകയും സി. എലിസബത്തിൻ്റെ സൗഖ്യം ഒരു അത്ഭുഭുതമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇരുനൂറു വർഷങ്ങൾക്കു ശേഷം ഇറ്റലിയിലെ വെറോണ (Verona)യിലും പിന്നീട് റോമിലും ഈ അത്ഭുതം പരസ്യമായി.1842 മാർച്ചുമാസത്തിൽ വെറോണ നഗരത്തിലെ ഒരു ആശുപത്രി, അവിടെ ഉണ്ടായിരുന്ന രോഗികൾക്കു വിശുദ്ധ യൗസേപ്പിൻ്റെ വെഞ്ചിരിച്ച ചരട് വിതരണം ചെയതു. 1859 സെപ്റ്റംബർ പത്തൊമ്പതാം തീയതി പീയൂസ് ഒൻപതാം മാർപാപ്പ വിശുദ്ധ ജോസഫിൻ്റെ ചരടിനോടുള്ള ഭക്തി ഔദ്യോഗികമായി അംഗീകരിക്കുകയും, ആശീർവ്വാദ ക്രമം രൂപപ്പെടുത്തുകയും സ്വകാര്യ ഉപയോഗത്തിനു അനുവാദം നൽകുകയും ചെയ്തു.

വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏഴു വ്യാകുലങ്ങളെയും സന്തോഷങ്ങളെയും സൂചിപ്പിക്കാൻ ഏഴ് കെട്ടുകൾ ജോസഫ് ചരടിൽ ഉണ്ട്. വിശുദ്ധി, എളിമ എന്നി പുണ്യങ്ങളുടെ അരപ്പട്ടയായി അരയിലും അനുസരണത്തിനായി ചുമലിലും വിശ്വാസികൾ ഈ ചരട് ധരിക്കുന്നു. അഭിഷിക്തനായ പുരോഹിതനുമാത്രമേ ഈ ചരട് ആശീർവ്വദിക്കാൻ അനുവാദമുള്ളു. ജോസഫ് ചരട് വെഞ്ചിരിക്കാനുള്ള ക്രമം അംഗീകരിച്ചത് ഒമ്പതാം പീയൂസ് മാർപാപ്പയാണ്.

വിശുദ്ധ ജോസഫി ചരട് ധരിക്കുന്നവർക്ക് അഞ്ച് കൃപകൾ ലഭിക്കുന്നു എന്നാണ് പൊതു വിശ്വാസം

1) വിശുദ്ധ യൗസേപ്പിതാവിൻ്റെ പ്രത്യേക സംരക്ഷണം

2) ആത്മാവിൻ്റ പരിശുദ്ധി

3) വിശുദ്ധി പാലിക്കാനുള്ള കൃപ

4) സ്ഥിരോത്സാഹം

5) മരണ സമയത്തുള്ള പ്രത്യേക സഹായം

വിശുദ്ധ ജോസഫിൻ്റെ ചരട് വിശുദ്ധ യൗസേപ്പിൻ്റെ മാധ്യസ്ഥം നമ്മോടു കൂടയുണ്ട് എന്നതിന് ഒരു അടയാളമാണ് യൗസേപ്പിതാവിൻ്റെ ഹൃദയ വിശുദ്ധിയോടെ യേശുവിലേക്കു വളരുക എന്നതാണ് പ്രധാനം.


Related Articles »