News - 2024

വത്തിക്കാന്‍ ചത്വരത്തിന് സമീപം കൊടുംതണുപ്പിൽ മരിച്ച ഭവനരഹിതനെ വേദനയോടെ സ്മരിച്ച് പാപ്പ

പ്രവാചക ശബ്ദം 25-01-2021 - Monday

റോം: സെന്റ് പീറ്റേഴ്സ് സ്ക്വയറിന് സമീപം കൊടുംതണുപ്പിൽ മരിച്ച ഭവനരഹിതനു വേണ്ടി ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കുശേഷം ഫ്രാൻസിസ് മാർപാപ്പ ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തി. സാൻ എജിഡിയോ സംഘടനയിലെ അംഗങ്ങളാണ് നാല്‍പ്പത്തിയാറു വയസ്സുള്ള എഡ്വിൻ എന്ന നൈജീരിയൻ വംശജനെ കഴിഞ്ഞ ബുധനാഴ്ച ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ പരിതാപകരമായ അവസ്ഥയിൽ കഴിഞ്ഞ നാളുകളിൽ മരിച്ച ആളുകളുടെ പേരിന്റെ കൂടെ എഡ്വിന്റെ പേരും എഴുതിച്ചേർക്കപെടുകയാണെന്ന് പാപ്പ പറഞ്ഞു. ഒരു ഭിക്ഷക്കാരൻ തണുപ്പത്ത് മരിച്ചപ്പോൾ, അന്ന് ദുഃഖവെള്ളിയാഴ്ചയ്ക്ക് സമാനമായ ദിവസമായതിനാൽ കുർബാന അർപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞ വിശുദ്ധ ഗ്രിഗറിയുടെ വാക്കുകൾ നാം ഓർക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

"നമുക്ക് എഡ്വിനെ സ്മരിക്കാം. തണുപ്പത്ത് ആരാരും നോക്കാനില്ലാതെ കിടന്നപ്പോൾ എന്തായിരിക്കും അദ്ദേഹത്തിന് തോന്നിയത്? നമുക്ക് എഡ്വിനു വേണ്ടി പ്രാർത്ഥിക്കാം". പാപ്പ പറഞ്ഞു. റോമാ ടുഡേ എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ഈവർഷം മരിക്കുന്ന നാലാമത്തെ ഭവനരഹിതനാണ് എഡ്വിൻ. റോമിൽ ഏതാണ്ട് എണ്ണായിരത്തോളം ഭവനരഹിതർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ നിരവധി പേർ സെന്റ് പീറ്റേഴ്സ് സ്ക്വയറിന് സമീപമാണ് ഉറങ്ങുന്നത്. എഡ്വിന്റെ മൃതശരീരം കണ്ടെത്തിയ ദിവസം വത്തിക്കാൻ സംരക്ഷിക്കുന്ന ഭവനരഹിതർക്ക് വേണ്ടി കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ ആരംഭിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »