Arts - 2024

വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുനാളില്‍ വിശുദ്ധന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ഉറുഗ്വേ കര്‍ദ്ദിനാള്‍

പ്രവാചക ശബ്ദം 03-02-2021 - Wednesday

ഉറുഗ്വേ: വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുനാളുമായി ബന്ധപ്പെട്ട് ഉറുഗ്വേയിലെ മോണ്ടെവീഡിയോ ആർച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ ഡാനിയൽ സ്റ്റർള പങ്കുവെച്ച വിശുദ്ധന്റെയും പിന്‍ഗാമിയുടെയും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. പാബ്ളോ അൽബേര എന്ന ബാലൻ ഡോൺ ബോസ്കോയുടെ അടുത്ത് കുമ്പസാരിക്കുന്നതാണ് ഈ മനോഹര ചിത്രം. അൽബേര പിന്നീട് ഡോൺ ബോസ്കോയുടെ പിൻഗാമിയായി മാറിയിരിന്നു. തന്റെ രണ്ടാമത്തെ പിൻഗാമിയായി മാറുവാനിരുന്ന കുട്ടി ഡോൺ ബോസ്കോയോട് കുമ്പസാരിക്കുന്ന ഈ ചിത്രമാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ഫോട്ടോയെന്നും സലേഷ്യൻ കുടുംബത്തിനു മുഴുവൻ ശുഭദിനമെന്നും കുറിച്ചുകൊണ്ടാണ് കർദ്ദിനാൾ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

സലേഷ്യൻ സഭയുടെ ചരിത്രത്തിൽ 'കൊച്ചു ഡോൺ ബോസ്കോ' എന്ന അപര നാമത്തിലാണ് ചിത്രത്തിലെ ഫാ. അൽബേര അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലെ ഡോൺ ബോസ്കോയുമായി പരിചയമുണ്ടായിരുന്നു. 1845 ജൂൺ ആറിനാണ് സാധാരണ കർഷക കുടുംബത്തി പാബ്ളോ ജനിച്ചത്. ടൂറിനും പിനേറോളോയ്ക്കും ഇടയ്ക്കുളള നോനെയായിരിന്നു ജന്മസ്ഥലം. പതിമൂന്നു വയസ് ഉള്ളപ്പോഴാണ് ഗ്രാമത്തിൽ വച്ച് അദ്ദേഹം ഡോൺ ബോസ്കോയെ ആദ്യമായി കാണുന്നത്. 1858 ഒക്ടോബർ 18 ന് അദ്ദേഹം വാൾ ഡോക്കോ ഒറേറ്ററിയിൽ ചേർന്നു.

1860 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ഡോൺ ബോസ്കോ യ്ക്ക് മുമ്പാകെ അദ്ദേഹം ആദ്യ വ്രതവാഗ്ദാനം നടത്തി. ദൈവശാസ്ത്ര പഠനത്തിനു ശേഷം മിറാബെല്ലോയിൽ നിന്ന് സാഹിത്യത്തിൽ ബിരുദം നേടി. 1868 ആഗസ്റ്റ് 2 ന് തന്റെ 23-ാം വയസ്സിൽ അദ്ദേഹം വൈദികനായി. പ്രായപൂർത്തിയായതിനു ശേഷം ദൈവവിളി സ്വീകരിച്ചെത്തുന്നവർക്കായി 1875 ൽ അദ്ദേഹം ഒരു ഭവനം ആരംഭിച്ചു. 1881ൽ ഫ്രാൻസിലെ സലേഷ്യൻ പ്രവർത്തനങ്ങളുടെ പരിശോധകനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അതിന്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചു.

മാർസെയ്ലിൽവെച്ചാണ് ലെ പെറ്റീറ്റ് (കൊച്ചു) ഡോൺ ബോസ്കോ എന്ന വിളിപ്പേരുണ്ടായത്. 1891ൽ ടൂറിനിൽ സലേഷ്യൻ സമൂഹത്തിന്റെ വേദോപദേശകനായി തിരിച്ചെത്തിയ അദ്ദേഹം 1900 ൽ അമേരിക്കയിലെ സലേഷ്യൻ ഭവനങ്ങളെ സന്ദർശിക്കുവാനായി അയക്കപ്പെട്ടു. 1910 മുതൽ മരണം വരെ അദ്ദേഹം സലേഷ്യൻ സഭയുടെ റെക്ടർ മേജറായിരുന്നു. ഡോൺ ബോസ്കോയ്ക്കു ശേഷം ഈ സ്ഥാനമലങ്കരിച്ച രണ്ടാമത്തെയാൾ അദ്ദേഹമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ (1914-1918) സമയമായിരുന്നിട്ട് കൂടി സലേഷ്യൻ സഭയെ സംബന്ധിച്ചിടത്തോളം ഇത് വളർച്ചയുടെ കാലമായിരുന്നു. 1921 ഒക്ടോബർ 24ന് ടൂറിനിൽവെച്ച് തന്റെ 76-ാo വയസ്സിൽ അദ്ദേഹം അന്തരിച്ചു.


Related Articles »