News

ലോക പ്രശസ്തമായ തിരുക്കുടുംബ ബസിലിക്ക ഗോപുരത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂർത്തിയായേക്കും

പ്രവാചക ശബ്ദം 04-02-2021 - Thursday

ബാഴ്സിലോണ: സ്പെയിനിലെ ബാഴ്സിലോണയിൽ നിർമ്മാണത്തിലിരിക്കുന്ന പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസിലിക്ക ദേവാലയ ഗോപുരത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂർത്തിയാക്കുമെന്ന് നിർമ്മാതാക്കൾ. കന്യകാമറിയത്തിന്റെ ഗോപുരമാണ് ശീർഷഭാഗത്ത് പന്ത്രണ്ട് അഗ്രങ്ങളുള്ള നക്ഷത്രത്തോടൊപ്പം പൂർത്തിയാവുക. 450 അടി ഉയരമുള്ള ഗോപുരം ബസിലിക്കയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഗോപുരമായിരിക്കും. മധ്യഭാഗത്തുള്ള യേശുക്രിസ്തുവിന്റെ ഗോപുരമാണ് ഏറ്റവും ഉയരമുള്ളത്. അതിനു ചുറ്റും സുവിശേഷകന്മാരുടെ നാല് ഗോപുരങ്ങളുണ്ട്.

കന്യാമറിയത്തിന്റെ ഗോപുരത്തിന്റെ മുകളിൽ ആദ്യം നിർമ്മിക്കുന്നത് 20 അടി ഉയരമുള്ള കല്ലു കൊണ്ടുള്ള കിരീടമാണ്. അതിന്റെ മുകൾ ഭാഗത്ത് ചുറ്റിലുമായി ഉരുക്കുകൊണ്ടുള്ള പന്ത്രണ്ട് നക്ഷത്രങ്ങൾ ഒരുക്കുന്നുണ്ട്. ഇതിന്റെ മധ്യഭാഗത്ത് 60 അടി ഉയരമുള്ള ഒരു സ്തൂപം. അതിന്റെ മുകളറ്റം മൂന്നായി വേർപെട്ട് മുകളിലുള്ള നക്ഷത്രത്തെ താങ്ങി നിർത്തും. വെളുത്തതും നീലയും കല്ലുകൾ കൊണ്ടുണ്ട മൊസൈക്ക് കൊണ്ട് സ്തൂപം പൊതിഞ്ഞിരിക്കും. ഏറ്റവും മുകളിലായാണ് 25 അടി വ്യാസമുള്ള നക്ഷത്രം സ്ഥാപിക്കുക. പന്ത്രണ്ട് അഗ്രങ്ങളുളള നക്ഷത്രം സ്ഫടികം കൊണ്ട് നിർമ്മിച്ച് ഉള്ളിൽ നിന്ന് പ്രകാശിക്കുന്നതായിരിക്കുമെന്ന് ദേവാലയ അധികൃതര്‍ പറഞ്ഞു.

മഹാമാരി നിയന്ത്രണാതീതമായാൽ കഴിഞ്ഞ വർഷത്തേ പോലെ നിര്‍മ്മാണം തടസ്സപ്പെട്ടേക്കാമെന്നും അധികൃതര്‍ പറഞ്ഞു. കൊറോണ വ്യാപനത്തെ തുടർന്ന് നൂറിലധികം ദിവസം അടഞ്ഞുകിടന്ന ബസിലിക്ക 2020 ജൂലൈ നാലിനാണ് വീണ്ടും തുറന്നത്. തുറന്നതിനു ശേഷം മെഡിക്കൽ ജീവനക്കാർക്കും കുടുംബങ്ങൾക്കും പ്രവേശനം സൗജന്യമായിരുന്നു. 1882 നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്‍റോണിയോ ഗൗഡി എന്നയാളാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 1914 മുതൽ അദ്ദേഹം മറ്റെല്ലാ പണികളും നിർത്തിവെച്ചു. 1926ൽ ഗൗഡി മരിക്കുമ്പോൾ ദേവാലയ നിർമ്മാണം വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. അദ്ദേഹം മരിച്ചിട്ട് 100 വർഷം തികയുന്ന 2026ൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍.

137 വർഷങ്ങൾക്കു ശേഷം 2019ലാണ് ബസിലിക്കയ്ക്കു ഔദ്യോഗികമായ നിർമ്മാണാനുമതി ലഭിച്ചത്. സ്വകാര്യ വ്യക്തികളുടെ സംഭാവനയിൽ മാത്രം ആശ്രയിച്ചിരുന്നതിനാൽ നിർമ്മാണം മന്ദഗതിയിലായിരിന്നു. സ്പാനീഷ് ആഭ്യന്തര കലാപകാലത്ത് ദേവാലയത്തിന്റെ പൂർത്തിയായ ചില ഭാഗങ്ങൾക്ക് അക്രമികൾ തീയിടുകയും ഗൗഡി ഡിസൈൻ ചെയ്ത പ്ലാസ്റ്റർ മോഡലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രകൃതി രൂപങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഉരുണ്ടതും വളവും തിരിവുമുള്ള രൂപങ്ങളാണ് ഗൗഡിയുടെ നിർമ്മിതികളുടെ പ്രത്യേകത. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ കത്തീഡ്രല്‍ ദേവാലയം ഇടംപിടിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്.


Related Articles »