Faith And Reason

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബസിലിക്കയും ഉണ്ണീശോയുടെ രൂപവും സാംസ്ക്കാരിക നിധിയായി പ്രഖ്യാപിക്കുവാന്‍ ഫിലിപ്പീന്‍സ്

പ്രവാചക ശബ്ദം 26-02-2021 - Friday

സെബു: ഫിലിപ്പീന്‍സിലെ സെബു നഗരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാന്റോ നിനോ മൈനര്‍ ബസിലിക്ക എന്നറിയപ്പെടുന്ന ‘ബസിലിക്ക മിനോര്‍ ഡെല്‍ സാന്റോ’ ദേവാലയത്തേയും, സാന്റോ നിനോ ഡെ സെബു എന്ന ഉണ്ണിയേശുവിന്റെ രൂപത്തേയും ദേശീയ സാംസ്കാരിക നിധികളായി പ്രഖ്യാപിക്കുമെന്ന് ഫിലിപ്പീന്‍സ് നാഷ്ണല്‍ മ്യൂസിയത്തിന്റെ പ്രഖ്യാപനം. ഫിലിപ്പീന്‍സിലെ ആദ്യ ജ്ഞാനസ്നാനത്തിന്റെ അഞ്ഞൂറാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അഗസ്റ്റീനിയന്‍ പ്രോവിന്‍ഷ്യല്‍ കമ്മിറ്റി സംഘടിപ്പിച്ച “ബൗണ്ട് ബൈ ഹിസ്റ്ററി: മഗല്ലന്‍, സാന്റോ നിനോ ആന്‍ഡ്‌ ദി ബിഗിനിംഗ് ഓഫ് അഗസ്റ്റീനിയന്‍ ഇവാഞ്ചലൈസേഷന്‍” എന്ന വെബിനാര്‍ പരമ്പരയില്‍ പങ്കെടുക്കവേയാണ് ഫിലിപ്പീന്‍സിലെ നാഷ്ണല്‍ ഹിസ്റ്റോറിക് കമ്മീഷന്‍ (എന്‍.എച്ച്.സി.പി) ചെയര്‍പേഴ്സണായ ഡോ. റെനെ എസ്കാലന്‍റെ പ്രഖ്യാപനം നടത്തിയത്.

ഫിലിപ്പീന്‍സിലെ ആദ്യ മാമ്മോദീസയുടെ അഞ്ഞൂറാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഏപ്രില്‍ 14നായിരിക്കും പ്രഖ്യാപനമെന്ന്‍ അദ്ദേഹം പറഞ്ഞു. ഫിലിപ്പീനോ ജനതയുടെ ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള പൈതൃകത്തിനു രാഷ്ട്രം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഖ്യാപനത്തിന്റെ ഭാഗമായി ചരിത്രത്തിന്റെ പുനരാവിഷ്കാരമെന്ന നിലയില്‍ അഞ്ഞൂറു കുട്ടികളുടെ മാമ്മോദീസ സാന്റോ നിനോ ബസിലിക്കയില്‍വെച്ച് നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. ഫിലിപ്പീന്‍സിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ചാള്‍സ് ജോണ്‍ ബ്രോണ്‍ മെത്രാപ്പോലീത്തയുടെ സാന്നിധ്യം ചടങ്ങിലുണ്ടായിരിക്കും.

1521 ഏപ്രില്‍ 14-ന് രാജാ ഹുമാബോണിന്റേയും, പത്നിയുടേയും മാമ്മോദീസയെ തുടര്‍ന്ന്‍ പോര്‍ച്ചുഗീസ് നാവികനായ ഫെര്‍ഡിനാന്‍‌ഡ് മഗല്ലന്‍ സമ്മാനിച്ചതാണ് സാന്റോ നിനോ എന്ന തടിയില്‍ നിര്‍മ്മിച്ച മനോഹരമായ ഉണ്ണിയേശുവിന്റെ രൂപം. പിന്നീട് കാണാതായ രൂപം ദശാബ്ദങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ സ്ഥലത്താണ് സാന്റോ നിനോ ബസിലിക്ക പണികഴിപ്പിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭത്തിന്റേയും വളര്‍ച്ചയുടേയും പ്രതീകങ്ങളായിട്ടാണ് ഈ കത്തോലിക്കാ ദേവാലയത്തേയും ഉണ്ണീശോയുടെ രൂപത്തെയും രാജ്യത്തെ വിശ്വാസി സമൂഹം പരിഗണിച്ചു വരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »