Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ മരിയ ഗൊരേറ്റി

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 05-03-2021 - Friday

"എന്റെ ശരീരം പിച്ചി ചീന്തിയാലും ഞാൻ പാപം ചെയ്യുകയില്ല" - വിശുദ്ധ മരിയ ഗൊരേറ്റി (1890-1902).

കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ച കുഞ്ഞു വിശുദ്ധയാണ് നോമ്പിലെ ഇന്നത്തെ നമ്മുടെ സഹയാത്രിക. ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിൽ ലുയിജി അസൂന്ത ദമ്പതികളുടെ ആറുമക്കളിൽ മൂന്നാമത്തെ സന്താനമായി 1890 ഒക്ടോബർ പതിനാറിനാണ് വിശുദ്ധ മരിയ തേരേസാ ഗൊരേത്തി ജനിച്ചത്‌.

വീട്ടുജോലികളിൽ ചെറുപ്പം മുതലേ അമ്മയെ സഹായിക്കുമായിരുന്ന മരിയ ബാല്യം മുതലേ ദൈവീക കാര്യങ്ങളോട് താൽപര്യം കാണിച്ചിരുന്നു. മരിയയ്ക്ക് 12 വയസ്സുള്ളപ്പോള്‍ തൻ്റെ പരിശുദ്ധി കവർന്നെടുക്കാൻ വന്ന അലസ്സാണ്ട്രോ സെറിനെല്ലി എന്ന യുവാവിൻ്റെ ഇംഗിതത്തിനു വഴങ്ങാത്തതിനാൽ കുത്തേൽക്കുകയും ഇരുപതു മണിക്കൂറുകൾക്കു ശേഷം മരണത്തിനു കീഴടങ്ങുകയാണ് ചെയ്തത്. മരിക്കുന്നതിനു മുൻപ് അവൾ അലസ്സാണ്ട്രോയ്ക്ക് മാപ്പു കൊടുക്കുകയും, അയാളെ തനിക്ക് സ്വർഗത്തിൽ വച്ച് കാണണമെന്ന് പറയുകയും ചെയ്തു.

പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയാണ് മരിയയെ വാഴ്ത്തപ്പെട്ടവളായും (1947) വിശുദ്ധയായും ( 1950 ) പ്രഖ്യാപിച്ചത് തദവസരത്തിൽ മരിയയുടെ അമ്മ അസൂന്തയെ "അനുഗൃഹീതയും,സന്തോഷവതിയുമായ മാതാവ്" എന്നാണ് വിശേഷിപ്പിച്ചത്.

വിശുദ്ധ മരിയ ഗൊരേത്തിയോടൊപ്പം നമുക്കു പ്രാർത്ഥിക്കാം

വിശുദ്ധ മരിയ ഗൊരേത്തിയേ, ചെറുപ്രായത്തിൽത്തന്നെ പരിശുദ്ധി കാത്തു സൂക്ഷിക്കാൻ നീ എടുത്ത ധീരമായ നിലപാടുകൾ എനിക്കു വലിയ മാതൃകയാണ്. സാഹചര്യങ്ങളിൽ അനുകൂലമായാലും പ്രതികൂലമയാലും വിശുദ്ധിയ്ക്കു വേണ്ടി നിലകൊള്ളാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.


Related Articles »