Seasonal Reflections - 2024

ജോസഫ് - അഭയാർത്ഥികളുടെ മധ്യസ്ഥൻ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 12-05-2021 - Wednesday

2021 മെയ് മാസം ഒന്നാം തീയതി തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പ ജോസഫ് ലുത്തിനിയായിൽ പുതിയതായി ഏഴു വിശേഷണങ്ങൾ കൂടി അംഗീകരിച്ചുവല്ലോ, അതിലെ അഭയാർത്ഥികളുടെ മധ്യസ്ഥൻ (Patrone exsulum) എന്ന വിശേഷണമാണ് ഇന്നത്തെ വിചിന്തനം. യൗസേപ്പിതാവ് ഒരു അഭയാർത്ഥി ആയിരുന്നു, തിരുക്കുംബത്തിന്റെ ആദ്യ യാത്ര തന്നെ പിറന്നനാടുപേക്ഷിച്ചു അന്യനാട്ടിലേക്കുള്ള യാത്രയായിരുന്നു.

വളരെ അപകടകരമായ അവസ്ഥയില്‍ ജന്‍‌മനാടുപേക്ഷിച്ച് അലയേണ്ടി വരുന്നവരാണ് അഭയാര്‍ത്ഥികൾ. അവരുടെ ഹൃദയ നൊമ്പരം പൂർണ്ണ അളവിൽ മനസ്സിലാക്കുന്നവനാണ് യൗസേപ്പ്.സുരക്ഷിതത്വമില്ലാത്ത അവസ്ഥയിൽ അഭയാർത്ഥിയായ യൗസേപ്പ് ദൈവത്തിൽ അഭയം കണ്ടെത്തുന്നു. അഭയാർത്ഥികളുടെ പലായനം പ്രതീക്ഷകള്‍ നിറഞ്ഞതാണ്. അവ നിറവേറണമെങ്കിൽ ലോകം മുഴുവനിലേക്കും തുറന്ന ഒരു ഹൃദയം ഭരണാധികാരികൾക്കും രാജ്യങ്ങൾക്കും ഉണ്ടാകണം. ഫ്രാൻസീസ് മാർപാപ്പയുടെ 'ഫ്രത്തേല്ലി തൂത്തി' Fratelli tutti (എല്ലാവരും സഹോദരര്‍) എന്ന ചാക്രിക ലേഖനത്തിലെ നാലാം അധ്യായത്തിൽ കുടിയേറ്റത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. അതിന്റെ ശീർഷകം " ലോകം മുഴുവനിലേക്കും തുറന്ന ഒരു ഹൃദയം " എന്നാണ്. യുദ്ധം, പീഢനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, മനസാക്ഷിയില്ലാത്ത മനുഷ്യക്കടത്ത്, ഇവ നിമിത്തം കുടിയേറ്റക്കാരുടെ ജീവിതം അപകടത്തിലാവുകയാണ്. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും പിന്തുണക്കുകയും അവരെ ഉൾപ്പെടുത്തുകയും ചെയ്യണമെന്നു ഫ്രാൻസീസ് പാപ്പ പറയുന്നു.

മൂന്നാം സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ ആഗോള പ്രശ്നങ്ങളിലൊന്നായ അഭയാർത്ഥി വിഷയത്തെ നമ്മൾ അഭിമുഖീകരിക്കുമ്പോൾ യൗസേപ്പിതാവിനെപ്പോലെ തുറവിയുള്ളതും വിശാലമായതുമായ ഒരു ഹൃദയം നാം സ്വന്തമാക്കണം, അതിനായി പ്രാർത്ഥിക്കണം.


Related Articles »