Wednesday Mirror

"കേരളത്തിലെ ക്രിസ്ത്യാനികളോട് പറയാനുള്ളത് കന്ധമാലിലെ ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയെക്കുറിച്ചാണ്" | ലേഖന പരമ്പര- ഭാഗം 26

ആന്‍റോ അക്കര / പ്രവാചക ശബ്ദം 12-05-2021 - Wednesday

കന്ധമാല്‍ ലേഖന പരമ്പരയുടെ ആദ്യം മുതലുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പുതിയ സുപ്പീരിയർമാരെ അവരോധിക്കുവാനാണ് 'ഈശോയുടെ തിരുരക്തത്തിന്റെ ഉപവിയുടെ മക്കൾ' (Daughters of Charity of Most Precious Blood) എന്ന സന്യാസസഭയുടെ ഒഡീഷ മിഷൻ ഡയറക്ടർ ആയിരുന്ന സിസ്റ്റർ മരിയ ബെർത്തില്ല കുന്നത്തൂർ 2008 ആഗസ്റ്റ് 27 - ന് ജുബഗുഡയിലെ മഠത്തിൽ എത്തിയത്. പുതിയ സുപ്പീരിയറെ അവരോധിക്കുന്ന കുർബാനയ്ക്കും മറ്റു ചടങ്ങിനുംശേഷം ഭക്ഷണം കഴിഞ്ഞ് രാത്രിയിൽ ഒന്നര മണിക്കൂർ യാത്രചെയ്ത് സിസ്റ്റർ ബെർത്തില്ല കൊട്ടഗഡിലെ മഠത്തിൽ തിരിച്ചെത്തി. അപ്പോഴാണ് ഭൂമികുലുക്കംപോലെ കന്ധമാലിനെ വിറപ്പിച്ച സ്വാമിയുടെ കൊലപാതക വാർത്ത വന്നത്. യാത്ര ചെയ്യുന്നതിനുമുമ്പ് അൽപം ഉറങ്ങാൻ കിടന്നെങ്കിലും അതിശക്തമായ ഇടിവെട്ടും മഴയും കാരണം ഒരു മണിയോടെ എഴുന്നേറ്റു.

എത്രയും വേഗം കന്ധമാലിനു പുറത്തുകടക്കാനായി ഒരു യുവ കന്യാസ്ത്രീയേയും രണ്ട് പെൺകുട്ടികളെയുംകൂട്ടി, ആ സിസ്റ്റർ വാനിൽ യാത്രയായി. "മഴയത്ത് ഉച്ചത്തിൽ ജപമാല ചൊല്ലിയാണ് ഞങ്ങൾ സഞ്ചരിച്ചത്," ഇന്ത്യയിൽ 108 അംഗങ്ങളുള്ള അവരുടെ സമൂഹത്തിന്റെ റീജിയണൽ സുപ്പീരിയറായ സിസ്റ്റർ ബെർത്തില്ല 2017 മെയ് മാസത്തിൽ പറഞ്ഞു. ജീപ്പ് ഉദയഗിരിക്ക് സമീപം എത്തിയപ്പോൾ ഒരുസംഘം ആ വാഹനത്തെ തടയുവാൻ ശ്രമിച്ചു. ഡ്രൈവർ അവരെ ഒഴിവാക്കി, ജീപ്പ് മുന്നോട്ട് പായിച്ചപ്പോൾ, അവരിൽ ചിലർ ബൈക്കുകളിൽ ജീപ്പിനെ പിന്തുടർന്നു.

"പുലർച്ചെ 3.30 ന് ഉദയഗിരി ടൗണിൽ എത്തിയപ്പോൾ അക്രമികൾ ജീപ്പ് തടഞ്ഞ് ചില്ലുകളെല്ലാം അടിച്ചുതകർത്തു. ഞങ്ങൾക്ക് ചുറ്റും പൊട്ടിയ ചില്ലുകളായിരുന്നു. ആ സമയത്ത്, പുറത്തുനിന്ന് ഒരാൾ മലയാളത്തിൽ പറഞ്ഞു: സിസ്റ്റർ നിങ്ങൾ പുറത്തിറങ്ങി വരൂ," സിസ്റ്റർ ബെർത്തില്ല അനുസ്മരിച്ചു. "ഞങ്ങൾ ഇറങ്ങി നടന്നപ്പോൾ, ആ മലയാളി ഞങ്ങളുടെ പിന്നിലുണ്ടായിരുന്നു. 'അടുത്തുതന്നെ പോലീസ് സ്റ്റേഷനാണ്, അങ്ങോട്ട് നടക്കൂ' എന്ന് ഞങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേഷനിൽ എത്തി തിരിഞ്ഞു നോക്കിയപ്പോൾ നല്ല സമരിയാക്കാരനായ ആ മലയാളിയെ കണ്ടില്ല," പാലാരിവട്ടത്തിന് സമീപം വെണ്ണലയിലെ മരിയസദനിൽ വച്ച് സിസ്റ്റർ ബെർത്തില്ല പറഞ്ഞു.

"നിങ്ങൾ എന്തുഭാവിച്ചാണ് യാത്ര? ഈ രാത്രിയിൽ നിങ്ങൾ എങ്ങനെയാണ് ഇവിടെ എത്തിയത്?" പോലീസ് അധികാരി സിസ്റ്ററോട് ചോദിച്ചു. കേരളത്തിലേക്ക് തിരിച്ചുപോകാനുള്ള തിടുക്കത്തിലാണ് എന്ന് മറുപടി പറഞ്ഞതിനുശേഷം, അടുത്തുള്ള ചാരിറ്റി സിസ്റ്റേഴ്‌സിന്റെ മഠത്തിൽ എത്തിക്കണമെന്ന് സിസ്റ്റർ ബെർത്തില്ല അഭ്യർത്ഥിച്ചു. സബ് ഇൻസ്പെക്ടറടക്കം ആറു പോലീസുകാർ അകമ്പടിയായി, അവരെ ഉടൻതന്നെ മഠത്തിലെത്തിച്ചു. ചെലവഴിച്ച 10 ദിവസങ്ങളിൽ ബോംബ് സ്ഫോടനങ്ങളുടെയും കെട്ടിടങ്ങൾ തകർത്ത് കത്തിക്കുന്നതിന്റെയും കോലാഹലവും കരച്ചിലുമൊക്കെ കേട്ട് രാവുംപകലും ഞെട്ടിവിറച്ചാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്," എറണാകുളം ജില്ലയിൽ തലയോലപ്പറമ്പിനടുത്ത് മേവെള്ളൂര് സ്വദേശിയായ സിസ്റ്റർ ഓർത്തു.

"ഞങ്ങൾ താമസിച്ചിരുന്നത് ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്ന മഠത്തിലായതുകൊണ്ട്, അത് ആക്രമിക്കപ്പെടുകയില്ല എന്ന വിശ്വാസമായിരുന്നു ഞങ്ങൾക്ക്," ഭയാനക സാഹചര്യത്തിൽ കഴിഞ്ഞതിനെക്കുറിച്ച് സിസ്റ്റർ കൂട്ടിച്ചേർത്തു. 10 ദിവസത്തിനുശേഷം പോലീസ് അകമ്പടിയോടെ കന്ധമാലിന് പുറത്തുകടന്ന് 160 കി.മീ. ദൂരെയുള്ള ബരാംപൂരിൽ എത്തി. "കന്ധമാലിൽ മറക്കാനാവില്ല. കഷ്ടതകളിൽ ദൈവം നമ്മെ രക്ഷിക്കും. ഞങ്ങൾ ഇരുന്ന ജീപ്പ് തല്ലിത്തകർത്തിട്ടും ഞങ്ങൾക്ക് ഒരു പോറൽ പോലും പറ്റിയില്ല,"/ സിസ്റ്റർ ബെർത്തില്ല എടുത്തുപറഞ്ഞു.

മിഷണറി തീക്ഷണതയിൽ എരിയുന്ന വൈദികൻ ‍

"ഞാൻ ബല്ലിഗുഡ ഇടവകയിൽ ചെന്ന വർഷം പെസഹാ വ്യാഴത്തിന് (1986 -ലെ) കാലുകഴുകാൻ ഏഴുപേരെ മാത്രമേ കിട്ടിയുള്ളൂ," കാഞ്ഞിരപ്പള്ളി സ്വദേശിയായ മാത്യു പുതിയേടമച്ചൻ തന്റെ മിഷണറി പ്രവർത്തനത്തിലെ മറക്കാത്ത ഒരു അനുഭവം അനുസ്മരിപ്പിച്ചു. കാരണം, അന്ന് ബല്ലിഗുഡ ഇടവകയിൽ ഒരു ഡസനിൽ താഴെ കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, 15 വർഷത്തെ സേവനം കഴിഞ്ഞ്, പുതിയേടമച്ചൻ അവിടെനിന്ന് 2000 ൽ സ്ഥലം മാറിയപ്പോൾ ബല്ലിഗുഡ ഫൊറോനയുടെ കീഴിൽ 15,000-ത്തിലേറെ കത്തോലിക്കരുണ്ടായിരുന്നു. റൂത്തുംഗിയ, കുർത്തംഗഡ് തുടങ്ങിയ ഇടവകകളും നിർധനരായ കുട്ടികൾക്ക് പഠിക്കാനായി ആറ് ഹോസ്റ്റലുകളും അച്ചൻ തന്റെ കഠിനാദ്ധ്വാനം വഴി സ്ഥാപിച്ചിരുന്നു.

"ഞാൻ ഹോസ്റ്റലുകളിൽ പഠിക്കാൻ സഹായിച്ച പലരും വളരെ നല്ല നിലയിൽ എത്തിയിട്ടുണ്ട്. അവർ എന്നോട് അടുത്തബന്ധം പുലർത്തുന്നുണ്ട്; മറ്റുള്ളവരെ സഹായിക്കുവാനുള്ള എന്റെ അഭ്യർത്ഥനയ്ക്കു വളരെ ഉദാരമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്," 1973-ൽ ആലുവയിലെ മംഗലപ്പുഴ സെന്റ് ജോസഫ് സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ പുതിയേടമച്ചൻ പറഞ്ഞു. വൈദിക പരിശീലനത്തിൽ ആദ്യവർഷങ്ങൾ ഒഡീഷയിൽ ചെലവഴിച്ച ശേഷമാണ് അച്ചൻ ഫിലോസഫി പഠനത്തിന് 1956-ൽ മംഗലപ്പുഴ സെമിനാരിയിൽ എത്തിയത്. കട്ടക്ക് ഭുവനേശ്വർ അതിരൂപതയുടെ വൈദികനാണെങ്കിലും, കഴിഞ്ഞ 43 വർഷവും അദ്ദേഹം കന്ധമാലിലെ ഗ്രാമങ്ങളിൽ മാത്രമാണ് സേവനമനുഷ്ഠിച്ചിട്ടുള്ളത്.

"ഞാൻ പഠിക്കുവാൻ സഹായിച്ച 32 കുട്ടികൾ ഇതിനകം വൈദികരായിട്ടുണ്ട്. അതിൽ ഒരാൾ ബിഷപ്പുമായി," പുതിയേടമച്ചൻ അഭിമാനപൂർവ്വം വെളിപ്പെടുത്തി. ഇപ്പോഴത്തെ സമ്പാൽപൂർ ബിഷപ്പായി നിരഞ്ചൻ സുവാൽസിംഗാണ് പുതിയേടമച്ചൻ പഠിപ്പിച്ച ആ വിദ്യാർത്ഥി. "എന്റെ മകനെ പഠിപ്പിക്കുവാൻ ഒരു വഴിയുമില്ല" എന്ന് നിരഞ്ചന്റെ പിതാവ് അച്ചനോട് പറഞ്ഞപ്പോൾ, ആ കുട്ടിക്ക് ഹോസ്റ്റലിൽ പഠനസൗകര്യമൊരുക്കി, സ്‌കോളർഷിപ്പും കണ്ടെത്തിയ പുതിയേടമച്ചൻ പറഞ്ഞു: "ഞാൻ പഠിപ്പിച്ച ഒരു വിദ്യാർത്ഥി ബിഷപ്പ് ആയതിൽ എനിക്ക് വലിയ സന്തോഷം ഉണ്ട്."

ഒഡീഷയിൽ മതപരിവർത്തനം നിയന്ത്രിക്കുന്ന കടുത്ത നിയമം പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും, അത് ഒരിക്കലും തന്റെ വൈദിക പ്രവർത്തനത്തിൽ ഒരു പ്രശ്നമായിരുന്നില്ല: " ഞാൻ നിരവധി മാമ്മോദീസകൾ നടത്തിയിട്ടുണ്ട്. പക്ഷേ, ഒരിക്കലും ആരും എന്നെ ചോദ്യം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല."

രണ്ടായിരമാണ്ടിൽ കന്ധമാൽ ജില്ലാ തലസ്ഥാനമായ ഫുൽബാനി പള്ളി വികാരിയായി എത്തിയപ്പോൾ അവിടെ ഏതാനും കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രിസ്തീയവിശ്വാസം ആശ്ലേഷിക്കുന്നതിന് താത്പര്യം കാണിച്ച 20 കുടുംബങ്ങൾക്ക് ഒന്നിച്ചുതാമസിക്കുന്നതിനായി അച്ചൻ സ്ഥലം വാങ്ങി ഒരു ക്രിസ്ത്യൻ കോളനി തുടങ്ങി. അച്ചനോട് വളരെ അടുപ്പമുള്ള പുതുക്രിസ്ത്യാനികൾ തങ്ങളുടെ കോളനിക്ക് അനുയോജ്യമായ പേര് കണ്ടുപിടിച്ചു. "മാത്യു കോളനി' എന്നാണ് ആ സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത്.

ചിലപ്പോഴൊക്കെ ആർപ്പുവിളികളും കൂവലുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും, ഒരിക്കലും സംഘപരിവാറിന്റെ ഭീഷണിയോ ആക്രമണമോ അച്ചൻ നേരിടേണ്ടിവന്നില്ല - 2008 -ലെ സംഹാരതാണ്ഡവം വരെ. സ്വാമിയുടെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഫുൾബാനി പള്ളിക്കുമുമ്പിൽ നിറുത്തി, കളക്ടറുടെയും ഡസൻ കണക്കിന് പോലീസുകാരുടെയും സാന്നിധ്യത്തിൽ പള്ളി അവഹേളിച്ചത് ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. അക്രമികളിൽ നിന്ന് രക്ഷപ്പെടുവാൻ പുതിയേടമച്ചൻ ആ സമയത്ത് കക്കൂസിലൊളിച്ചു.

പക്ഷേ, അദ്ദേഹത്തിന്റെ അഗ്നിപരീക്ഷ മറ്റൊരു രൂപത്തിലാണ് വന്നത്. സ്‌കൂൾ പഠനം ഉപേക്ഷിച്ചവർക്കും മറ്റുള്ളവർക്കും പള്ളിയോട് ചേർന്ന് ഒരു യൂത്ത് ഹോസ്റ്റൽ അച്ചൻ തുടങ്ങിയിരുന്നു. ഡ്രൈവിങ്ങും മറ്റ് ജോലികളും പഠിച്ച് സ്വന്തം കാലിൽ നിന്ന് ജീവിതം പടുത്തുയർത്തുന്നതിന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ.

പള്ളി ആക്രമണത്തിനുശേഷം ഭയംമൂലം അവിടെനിന്ന് സ്വന്തം വീടുകളിലേക്ക് പലായനം ചെയ്‌ത ഹീരാലാൽ പ്രധാന സംഘപരിവാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. സ്വാമിയുടെ ഘാതകനെന്ന് ആരോപിച്ച് സംഘപരിവാർ രൂപകൽപന ചെയ്തതനുസരിച്ച് ഹീരാലാലിനെക്കൊണ്ട് പുതിയേടമച്ചൻ പറഞ്ഞിട്ടാണ് ക്രിസ്ത്യാനികൾ സ്വാമിയെ കൊന്നത് എന്ന കുറ്റസമ്മതം പോലീസ് ഒപ്പിട്ടുവാങ്ങുകയും ഈ വാർത്ത മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതിയേടമച്ചന്റെ ഭാഗ്യമെന്ന് പറയട്ടെ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഈ കെട്ടുകഥ തെളിയിക്കുവാൻ അസാധ്യമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ട്, ഈ ആരോപണത്തെക്കുറിച്ച് അച്ചനെ ചോദ്യം ചെയ്യുകപോലുമുണ്ടായില്ല.

സ്വാമിയുടെ ഘാതകരെന്ന് ആരോപിച്ച് സംഘപരിവാർ തല്ലിച്ചതച്ച് പോലീസിൽ ഏൽപിച്ച, ഹീരാലാൽ അടക്കമുള്ള ഏഴ് ക്രിസ്ത്യാനികളെ 40 ദിവസം കഴിഞ്ഞ് പോലീസ് വെറുതെ വിട്ടിരുന്നു. ഇതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളെല്ലാം 'കന്ധമാലിലെ സ്വാമി ലക്ഷമണാനന്ദയെ കൊന്നതാര്?' എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

മലയാളി വൈദികനെന്ന നിലയിൽ തന്റെ വിവിധ അനുഭവങ്ങളെക്കുറിച്ച് 2017 മെയ് മാസത്തിൽ എന്നോട് സംസാരിച്ചപ്പോൾ, യൂത്ത് ഹോസ്റ്റലിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ ഇപ്പോൾ കേരളത്തിൽ അങ്ങുമിങ്ങുമായി സേവനം ചെയ്യുന്നുണ്ടെന്ന് അച്ചൻ പ്രത്യേകം പറഞ്ഞു. 2011-ൽ ഫുൾബാനിയിൽ നിന്ന് നയാഗഡ് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ട തന്നോട് പല വിദ്യാർത്ഥികളും ഫോണിൽ സംസാരിക്കുന്നത് മലയാളത്തിലാണ് എന്ന് അച്ചൻ സന്തോഷത്തോടെ പറഞ്ഞു. "കേരളത്തിലെ ക്രിസ്ത്യാനികളോട് എനിക്ക് പറയാനുള്ളത് കന്ധമാലിലെ ക്രൈസ്തവരുടെ വിശ്വാസതീക്ഷണതയെക്കുറിച്ചാണ്," പുതിയേടമച്ചൻ പറഞ്ഞു.

തന്റെ പ്രിയപ്പെട്ട 'മാത്യു കോളനി' യിലെ വീടുകൾ തകർത്തിട്ട്, അവർ നിരാശരായില്ല. "ഫാദർ, എന്നെ അനുഗമിക്കുന്നവർ പീഡിപ്പിക്കപ്പെടും എന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. എന്ത് സംഭവിച്ചാലും ഞങ്ങൾക്ക് ഒരു ഭയവുമില്ല. അവരുടെ വാക്കുകൾ പുതിയേടമച്ചൻ ആവർത്തിച്ചു.

...............തുടരും...................

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]


Related Articles »