Faith And Reason

പീഡനത്തിനിടയിലും ആഫ്രിക്കയില്‍ ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ സ്ഫോടനാത്മക വളര്‍ച്ച

പ്രവാചക ശബ്ദം 13-05-2021 - Thursday

നെയ്റോബി: കടുത്ത മതപീഡനങ്ങള്‍ക്കിടയിലും ആഫ്രിക്കയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ സ്ഫോടനാത്മകമായ വളര്‍ച്ചയാണെന്ന വെളിപ്പെടുത്തലുമായി പുതിയ പഠനഫലം പുറത്ത്. ‘ക്രിസ്തുമതത്തിന്റെ വളര്‍ച്ചയും, സര്‍ക്കാരുകള്‍ നല്‍കുന്ന പിന്തുണയും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് പഠിക്കുവാന്‍ ഗവേഷകരായ നിളെയ് സയ്യയും, സ്റ്റുടി മാഞ്ചന്ദയും 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലോകമെമ്പാടുമുള്ള 166 രാഷ്ട്രങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ശ്രദ്ധേയമായ ഈ വിവരമുള്ളത്. ‘സോഷ്യോളജി ഓഫ് റിലീജിയന്‍ അക്കാദമിക് ജേര്‍ണല്‍’ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ടാന്‍സാനിയ, മലാവി, സാംബിയ, ഉഗാണ്ട, റുവാണ്ട, മഡഗാസ്കര്‍, ലൈബീരിയ, കെനിയ, കോംഗോ, അംഗോള എന്നീ പത്തു ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ക്രൈസ്തവ സമൂഹം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ കെനിയ, ടാന്‍സാനിയ, സാംബിയ എന്നീ രാഷ്ടങ്ങളില്‍ മാത്രമാണ് ക്രൈസ്തവ സമൂഹത്തിന് ഭരണകൂടത്തില്‍ നിന്നും അല്‍പ്പമെങ്കിലും പിന്തുണ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രിസ്തുമതം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

സര്‍ക്കാരിന്റെ പിന്തുണയുണ്ടായിട്ടും ക്രിസ്തുമതം അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ, ലാത്വിയ, എസ്റ്റോണിയ, അല്‍ബേനിയ, മോള്‍ഡോവ, സെര്‍ബിയ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നു. ജര്‍മ്മനി, ലിത്വാനിയ, ഹംഗറി എന്നിവയാണ് ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന മറ്റ് രാഷ്ട്രങ്ങള്‍. ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മതപീഡനമോ, പണമോ, വിദ്യാഭ്യാസമോ, ബഹുസ്വരതയോ അല്ലെന്നും, സര്‍ക്കാരിന്റെ നിലപാടാണെന്നും ഇവാഞ്ചലിക്കല്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിളെയ് സയ്യ പറഞ്ഞു.

സമ്പത്തും, ശാസ്ത്രവും, സാങ്കേതിക വിദ്യയും, വിദ്യാഭ്യാസവുമല്ല മറിച്ച്, നിയമത്തിലൂടെയും, നയങ്ങളിലൂടേയും ഭരണകൂടങ്ങള്‍ നല്‍കുന്ന ഔദ്യോഗിക പിന്തുണയാണ് ക്രിസ്തുമതത്തിന്റെ 'തളര്‍ച്ച'യില്‍ നിര്‍ണ്ണായകമാകുന്നത്. ക്രൈസ്തവ വിശ്വാസം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആഫ്രിക്കയിലെ 10 രാഷ്ട്രങ്ങളിലും ക്രിസ്ത്യാനികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയ ഗവേഷക വിഭാഗം 'സര്‍ക്കാരിന്റെ പിന്തുണ കൂടുംതോറും ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്ന പ്രവണതയും' ചൂണ്ടിക്കാട്ടി. ഏതാണ്ട് 70 കോടി ക്രിസ്ത്യാനികള്‍ ഉള്ള ആഫ്രിക്കന്‍ ഭൂഖണ്ഡമാണ് ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ഭൂഖണ്ഡമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ക്രൈസ്തവ വംശഹത്യയും നടക്കുന്ന ആഫ്രിക്കയില്‍ രക്തസാക്ഷികളുടെ രക്തം തന്നെയാണ് സഭയുടെ വളര്‍ച്ചയുടെ വളമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »