Faith And Reason - 2024

ചിലിയിൽ പുതിയ ഭരണഘടന ഒരുങ്ങുന്നു: ജപമാല യജ്ഞവുമായി വിശ്വാസികൾ

പ്രവാചക ശബ്ദം 24-06-2021 - Thursday

സാന്റിയാഗോ: പുതിയ ഭരണഘടന രൂപീകരിക്കാനുള്ള നടപടികളുമായി ചിലിയിലെ സർക്കാർ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഈ നിയോഗത്തെ സമർപ്പിച്ച് ജപമാല യജ്ഞം ആരംഭിച്ചിരിക്കുകയാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികൾ. 'എ റോസറി ഫോർ ചിലി' എന്ന സംഘടനയാണ് റോസറി ഓഫ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന ജപമാല യജ്ഞത്തിന് നേതൃത്വം നൽകുന്നത്. ഇന്നലെ ജൂൺ 23നു ജപമാലയത്‌നം ആരംഭിച്ചു. 78% വോട്ടുകൾ ഭരണഘടന നിർമ്മാണത്തിന് അനുകൂലമായും 22% വോട്ടുകൾ പ്രതികൂലമായും ഡിസംബർ മാസം ലഭിച്ചതിനുശേഷം എ റോസറി ഫോർ ചിലി എന്ന സംഘടന ജപമാല പ്രാർത്ഥന ആളുകളുടെ ഇടയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ മാസം കോൺസ്റ്റിറ്റ്യൂഷണൽ കൺവെൻഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 155 അംഗങ്ങളെ പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. അതിലെ അംഗങ്ങളാണ് ഭരണഘടനാ നിർമ്മാണത്തിന് നേതൃത്വം നൽകുക. ഏകാധിപതിയായിരുന്ന അഗസ്റ്റോ പിനോഷെയുടെ കാലത്ത് 1980ൽ രൂപം നൽകിയ ഭരണഘടനയാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. സബ്‌വേ നിരക്ക് വര്‍ദ്ധനവിന് എതിരെ 2019-ൽ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പിന്നീട് നിരക്കുവർധനവ് സർക്കാർ പിൻവലിച്ചെങ്കിലും സാമ്പത്തിക അസമത്വങ്ങളും, ആരോഗ്യ മേഖലയിലെ പ്രതിസന്ധിയും ചൂണ്ടിക്കാണിച്ചുകൊണ്ട് മറ്റു പ്രദേശങ്ങളിലേക്ക് പ്രതിഷേധപ്രകടനങ്ങൾ വ്യാപിച്ചു. ആറ് മാസത്തോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കിടെ നിരവധി ദേവാലയങ്ങൾ പോലും അഗ്നിയ്ക്കിരയായി.

രാജ്യത്തിന്റെ ഭരണഘടനയാണ് പ്രശ്നങ്ങളുടെ മൂലകാരണമെന്ന് പ്രതിഷേധക്കാരും, രാഷ്ട്രീയ നേതാക്കളും ആരോപിച്ചിരുന്നു. അങ്ങനെയാണ് പുതിയ ഭരണഘടന രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് രാജ്യം എത്തുന്നത്. പുതിയ ഭരണഘടന മനുഷ്യാവകാശത്തെയും, മൂല്യങ്ങളെയും, ജീവിക്കാനുള്ള അവകാശത്തെയും മാനിക്കുന്നത് ആയിരിക്കണമെന്ന് ചിലിയിലെ മെത്രാൻ സമിതി ആവശ്യപ്പെട്ടു കഴിഞ്ഞു. കോൺസ്റ്റിറ്റ്യൂഷണൽ കൺവെൻഷനിലെ അംഗങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച ജൂലൈ നാലാം തീയതി നടക്കും.


Related Articles »