News - 2024

അമേരിക്കയില്‍ മതസ്വാതന്ത്ര്യ വാരത്തിന് ആരംഭം: പരസ്യമായി വിശ്വാസ ​സ്വാതന്ത്ര്യം ആഘോഷിക്കുവാനുള്ള അവസരമെന്ന് അര്‍ലിംഗ്ടണ്‍ മെത്രാന്‍

പ്രവാചക ശബ്ദം 24-06-2021 - Thursday

അര്‍ലിംഗ്ടണ്‍: “സ്വാതന്ത്ര്യത്തില്‍ ഐക്യദാര്‍ഢ്യം” എന്ന പ്രമേയവുമായി അമേരിക്കയിൽ ‘മതസ്വാതന്ത്ര്യ വാരത്തിന് ആരംഭം. റിലീജിയസ് ഫ്രീഡം വീക്കിന് ജൂണ്‍ 22നാണ് തുടക്കമായത്. പരസ്യമായി വിശ്വാസത്തില്‍ ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി നിലപാടെടുക്കുവാന്‍ അമേരിക്കന്‍ ക്രൈസ്തവർക്ക് ലഭിച്ച ഒരവസരമാണെന്ന് അര്‍ലിംഗ്ടണ്‍ മെത്രാന്‍ മൈക്കേല്‍ എഫ്. ബര്‍ബിഡ്ജ് പറഞ്ഞു.

പ്രാര്‍ത്ഥന-വിചിന്തനം-പ്രവര്‍ത്തി എന്ന തലക്കെട്ടോടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കി അമേരിക്കൻ മെത്രാൻ സമിതിയാണ് മതസ്വാതന്ത്ര്യ വാരത്തിലെ ഓരോ ദിവസത്തിനും വേണ്ട പ്രമേയങ്ങള്‍ തയ്യാറാക്കുന്നത്. വല്ലപ്പോഴും കാണിക്കുന്ന ഉദാരമനസ്കതക്കും അപ്പുറമായ അര്‍ത്ഥം ഐക്യദാര്‍ഢ്യത്തിനുണ്ടെന്നും, കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഫ്രത്തേലി തൂത്തി എന്ന ചാക്രിക ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പ് ബര്‍ബിഡ്ജ് പറഞ്ഞു.

മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അകറ്റുവാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കത്തോലിക്കാ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇതു കാണുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ലിംഗ്ടണ്‍ രൂപതയില്‍ മാത്രം കത്തോലിക്ക സന്നദ്ധ സംഘടനകളും, ഇടവകകളും പാവപ്പെട്ടവര്‍ക്ക് അഭൂതപൂര്‍വമായ രീതിയിലാണ് ഭക്ഷണവും മറ്റ് ആവശ്യ സാധനങ്ങളും വിതരണം ചെയ്തതെന്ന് സ്മരിച്ച മെത്രാന്‍ നിരവധി വിശ്വാസികളുടെ ഭവനങ്ങള്‍ അഭയകേന്ദ്രങ്ങളായി മാറിയ കാര്യവും ചൂണ്ടിക്കാട്ടി.

1964-ലെ ‘സിവില്‍ റൈറ്റ്സ് ആക്റ്റ്’ ഭേദഗതി ചെയ്ത് ലിംഗ വ്യത്യാസത്തെ ഇല്ലായ്മ ചെയ്ത് മാനുഷിക ലൈംഗീകതക്ക് പുതിയ നിര്‍വചനം നല്‍കുന്ന നിര്‍ദ്ദിഷ്ട ‘ഈക്വാളിറ്റി ആക്റ്റ്’ പോലെയുള്ള നിരവധി ഭീഷണികള്‍ മതസ്വാതന്ത്ര്യത്തിനുണ്ടെങ്കിലും നന്മയില്‍ ജീവിക്കുവാനും, സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനുമുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കണമെന്ന് മെത്രാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

മതപീഡനത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരായ തോമസ്‌ മൂറിന്റേയും, ജോണ്‍ ഫിഷറിന്റേയും തിരുനാള്‍ ദിനത്തില്‍ ആരംഭിക്കുന്ന ‘മതസ്വാതന്ത്ര്യ വാരം’ ശ്ലീഹന്‍മാരായ വിശുദ്ധ പത്രോസിന്റേയും വിശുദ്ധ പൗലോസിന്റേയും തിരുനാള്‍ ദിനത്തില്‍ അവസാനിക്കുകയാണ് പതിവ്.


Related Articles »