News - 2024

അഫ്ഗാനിലെ ഭൂകമ്പത്തിലും മെക്സിക്കോയിലെ വൈദിക കൊലപാതകങ്ങളിലും ദുഃഖം പ്രകടിപ്പിച്ച് പാപ്പ

പ്രവാചകശബ്ദം 23-06-2022 - Thursday

വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനിൽ ആയിരത്തിലധികം പേരുടെ ജീവനെടുത്ത ഭൂകമ്പ ദുരന്തത്തിലും മെക്സിക്കോയില്‍ നടന്ന വൈദിക കൊലപാതകങ്ങളിലും ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ ഇരുപത്തിരണ്ടാം തീയതി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തില്‍ നല്‍കിയ സന്ദേശത്തിന്റെ സമാപനത്തിലാണ് ഇരട്ട ദുരന്തങ്ങളിലുള്ള ദുഃഖം പ്രകടിപ്പിച്ചത്. അഫ്ഗാനിസ്ഥാനിൽ അനേകരുടെ ജീവൻ അപഹരിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത ഭൂകമ്പം ബാധിച്ച എല്ലാവരോടും തന്റെ അടുപ്പം പ്രകടിപ്പിക്കുന്നതായി പാപ്പ പറഞ്ഞു. ജീവിതം നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും സഹായത്താൽ അഫ്ഗാനിസ്ഥാനിലെ പ്രിയപ്പെട്ട ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

കഴിഞ്ഞ ദിവസം മെക്സിക്കോയിൽ കൊല്ലപ്പെട്ട ജെസ്യൂട്ട് സമൂഹാംഗമായ രണ്ട് വൈദികരുടെയും ഒരു അല്മായ വിശ്വാസിയുടെയും കാര്യം അനുസ്മരിച്ച പാപ്പ, അവരുടെ അകാല വിയോഗത്തിലും ദുഃഖവും അനുശോചനവും അറിയിച്ചു. എത്രമാത്രം മരണങ്ങളാണ് മെക്സിക്കോയിൽ നടക്കുന്നതെന്ന് പറഞ്ഞ പാപ്പ, പ്രാർത്ഥനയിലും, സ്നേഹത്തിലും താൻ അവിടുത്തെ കത്തോലിക്കസമൂഹത്തോട് സമീപസ്ഥനാണെന്ന് പറഞ്ഞു. അക്രമങ്ങൾ പ്രശ്നപരിഹാരത്തിനല്ല, അനാവശ്യ സഹനത്തിനേ ഉപകരിക്കൂവെന്നും പാപ്പ പറഞ്ഞു. യുദ്ധത്തിലൂടെ കടന്നുപോകുന്ന യുക്രൈനെയും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. യുക്രൈനെയും അവിടുത്തെ സഹിക്കുന്ന, കൊല്ലപ്പെടുന്ന ആളുകളെ മറക്കാതിരിക്കാമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.


Related Articles »