Youth Zone - 2024

'ദൈവത്തിലാണ് നമ്മുടെ പ്രത്യാശ'; പോസ്റ്ററുകൾ സ്കൂളുകളിൽ സ്ഥാപിച്ച് ടെക്സാസ് സംസ്ഥാനം

പ്രവാചകശബ്ദം 20-08-2022 - Saturday

ടെക്സാസ്: "ദൈവത്തിലാണ് നമ്മുടെ പ്രത്യാശ"യെന്ന് എഴുതിയ പോസ്റ്ററുകൾ പൊതു വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്നതിന്റെ തിരക്കിൽ അമേരിക്കയിലെ ടെക്സാസ് സംസ്ഥാനം. കഴിഞ്ഞവർഷത്തെ നിയമനിർമ്മാണ സഭയുടെ സമ്മേളനത്തിലാണ് 'സെനറ്റ് ബിൽ 797' എന്ന പേരിൽ അറിയപ്പെടുന്ന ബിൽ സംസ്ഥാനം പാസാക്കിയത്. ഭ്രൂണഹത്യ നടത്താനുള്ള അനുമതി 6 ആഴ്ചയാക്കി പരിമിതപ്പെടുത്താൻ മുൻകൈയെടുത്ത സെനറ്റർ ബ്രയാൻ ഹ്യൂജസാണ് സെനറ്റ് ബിൽ 797നും രൂപം നൽകിയത്. ആരെങ്കിലും സംഭാവന ചെയ്യുകയോ, ആരെങ്കിലും നൽകിയ പണം ഉപയോഗിച്ച് വാങ്ങുകയോ ചെയ്ത പോസ്റ്ററുകൾ മാത്രമേ വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളൂ. ആളുകൾ ശ്രദ്ധിക്കുന്ന സ്ഥലത്ത് ഈ പോസ്റ്ററുകൾ സ്ഥാപിക്കണമെന്ന് നിയമത്തിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഓസ്റ്റിനിൽ നടന്ന പരിപാടിക്ക് ശേഷം ട്വിറ്ററിൽ നടത്തിയ പ്രതികരണത്തിൽ പോസ്റ്ററുകൾ സംഭാവന ചെയ്യാൻ മുൻപോട്ട് വരുന്നവരെ സെനറ്റർ ബ്രയാൻ ഹ്യൂജസ് അഭിനന്ദിച്ചു. ക്രൈസ്തവപരമായ കാര്യങ്ങൾക്ക് പണം നൽകുന്ന ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാട്രിയോട്ട് മൊബൈൽ എന്ന കമ്പനി തിങ്കളാഴ്ച ദിവസം സംസ്ഥാനത്തെ നിരവധി സ്കൂളുകൾക്ക് പോസ്റ്ററുകൾ കൈമാറി. ഡാളസ്- ഫോർട്ട്- വോർത്ത് പ്രദേശത്തെ വിദ്യാലയങ്ങൾക്ക് ഫ്രെയിം ചെയ്ത പോസ്റ്ററുകൾ നൽകിയ കമ്പനി പ്രദേശത്തെ എല്ലാ വിദ്യാലയങ്ങളിലും പോസ്റ്ററുകൾ എത്തുന്നത് വരെ തങ്ങളുടെ ഉദ്യമം തുടരുമെന്നും വ്യക്തമാക്കി.

1956ൽ നിരീശ്വരവാദം പുൽകിയ സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇൻ ഗോഡ് വി ട്രസ്റ്റ് (ദൈവത്തിലാണ് നമ്മുടെ പ്രത്യാശ) എന്ന ആപ്തവാക്യം രാജ്യത്തെ ഔദ്യോഗിക ആപ്തവാക്യമാക്കാനുള്ള പ്രമേയം അമേരിക്കൻ കോൺഗ്രസ് ഐക്യകണ്ഠേന പാസാക്കുന്നത്. പിന്നീട് കറൻസി നോട്ടുകളിലും, സർക്കാർ കെട്ടിടങ്ങളിലും ഈ ആപ്തവാക്യം പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. ആപ്തവാക്യത്തിന്റെ ഉപയോഗത്തിനെതിരെ നിരീശ്വരവാദികൾ നിരന്തരമായി നിയമ പോരാട്ടത്തിൽ ഏർപ്പാടാറുണ്ട്. ഇൻ ഗോഡ് വി ട്രസ്റ്റ് എന്ന ദേശീയ ആപ്തവാക്യം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് 1970ൽ അമേരിക്കയിലെ ഒരു ഫെഡറൽ അപ്പീൽ കോടതി ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു കേസിൽ നടത്തിയ വിധി ന്യായത്തിൽ വ്യക്തമാക്കിയിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »