Faith And Reason

പാദ്രേ പിയോ സിനിമ വഴികാട്ടിയായി; ഹോളിവുഡ് താരം ഷിയാ ലാബിയൂഫ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു

പ്രവാചകശബ്ദം 26-08-2022 - Friday

വാഷിംഗ്ടണ്‍ ഡി‌സി: വിശുദ്ധ പാദ്രേ പിയോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത ഹോളിവുഡ് താരം ഷിയാ ലാബ്യൂഫ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'വേർഡ് ഓൺ ഫയർ' മിനിസ്ട്രിയുടെ സ്ഥാപകൻ ബിഷപ്പ് റോബർട്ട് ബാരണുമായി നടത്തിയ അഭിമുഖത്തിലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ച കാര്യം താരം വെളിപ്പെടുത്തിയത്. വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രത്തിൽ അഭിനയിച്ചതാണ് വഴിത്തിരിവായ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് വ്യക്തിപരമായ നിരവധി പ്രശ്നങ്ങൾ തന്നെ അലട്ടിയിരുന്നതായി ലാബ്യൂഫ് വെളിപ്പെടുത്തി.

വിശുദ്ധ പാദ്രേ പിയോയുടെ സിനിമയുടെ ഭാഗമാകാന്‍ തീരുമാനമെടുത്തപ്പോള്‍ വിശുദ്ധന്റെ ജീവിതം അടുത്തറിയാൻ ഫ്രാൻസിസ്‌ക്കൻ കപ്പൂച്ചിൻ സന്യാസിമാരുടെ ആശ്രമത്തിൽ താമസിച്ച കാലയളവില്‍ തന്റെ ജീവിതത്തില്‍ വലിയ മാറ്റത്തിന്റെ അനുഭവമുണ്ടായതായി 90 മിനിറ്റ് ദീർഘിച്ച അഭിമുഖത്തിൽ അദ്ദേഹം അനുസ്മരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടത്തിലാണ് താന്‍ ഈ പ്രോജക്റ്റിലേക്ക് കടന്നുചെല്ലുന്നത്. ആത്മീയതയുടെ അർത്ഥം കണ്ടെത്തുന്നതിനായി വിവിധ വിശ്വാസ ഗ്രൂപ്പുകളിൽ ചേർന്നു, നിസ്സഹായതയുടെയും ആത്മഹത്യയുടെയും ചിന്തകൾക്കെതിരെ പോരാട്ട ശ്രമം തുടര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

എന്റെ മേശയിൽ ഒരു തോക്ക് ഉണ്ടായിരുന്നു. ഇതെല്ലാം സംഭവിക്കുമ്പോൾ ജീവിക്കണം എന്നുള്ള ആഗ്രഹം പോലും അക്കാലത്ത് നഷ്ടപ്പെട്ടു. തന്റെ പ്രതിസന്ധികള്‍ക്ക് നടുവില്‍ പശ്ചാത്താപത്തെ ക്രൈസ്തവ വിശ്വാസം എങ്ങനെ സമീപിക്കുന്നുവെന്നത് അന്ധകാരത്തിൽ നിന്ന് കരകയറുന്നതിന് സഹായകമായി. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായി പാപം ചെയ്ത മറ്റ് ആളുകളും ക്രിസ്തുവിൽ സമാശ്വാസം കണ്ടെത്തുന്നതു തന്നെ ഏറെ സ്വാധീനിച്ചുവെന്നും ലാബ്യൂഫ് പറയുന്നു. പാദ്രേ പിയോയുടെ ജീവിതം ചിത്രീകരിച്ചപ്പോൾ ഉണ്ടായ വിവിധ അനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സിലെയും ഇന്ത്യാന ജോണ്‍സ് സിനിമകളിലെയും അഭിനയത്തിന് പുറമേ നിരവധി ഡിസ്നി ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രസിദ്ധനാണ് ലാബ്യൂഫ്. 2014-ല്‍ ഫ്യൂരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹം യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നത്. എങ്കിലും കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നില്ല. സിനിമാ നിര്‍മ്മാതാവായ ആബേല്‍ ഫെറാര സംവിധാനം ചെയ്യുന്ന വിശുദ്ധ പാദ്രെ പിയോയുടെ സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ തിരുപ്പട്ടം സ്വീകരിച്ച പാദ്രെ പിയോയ്ക്കു നിരവധി തവണ പഞ്ചക്ഷതാനുഭവം ഉണ്ടായിട്ടുണ്ട്. വിശുദ്ധ പാദ്രെ പിയോ കുമ്പസാരിപ്പിച്ചിട്ടുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് 2012 ജൂണ്‍ 16-ന് പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.


Related Articles »