Youth Zone

രണ്ട് പതിറ്റാണ്ടിന് ഒടുവില്‍ ആഗ്രഹം സഫലം; ബെനഡിക്ട് പാപ്പയെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ച് ആഫ്രിക്കന്‍ വൈദികന്‍

പ്രവാചകശബ്ദം 26-10-2022 - Wednesday

വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനെ നേരില്‍ കാണുവാനുള്ള രണ്ടു ദശകത്തിലേറെയായുള്ള തന്റെ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷം പങ്കുവെച്ച് ആഫ്രിക്കന്‍ വൈദികന്‍. കാമറൂണ്‍ സ്വദേശിയും അമേരിക്കയിലെ ബോസ്റ്റണിലെ സെന്റ്‌ ജോണ്‍സ് സെമിനാരിയിലെ ദൈവശാസ്ത്ര പ്രൊഫസ്സറും, ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്ര ഗവേഷണങ്ങളുടെ പ്രചാരകനുമായ ഫാ. മൌറീസ് ആഷ്ലി അഗ്ബ-എബായിയാണ് നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഇക്കഴിഞ്ഞ 20-നു വത്തിക്കാനിലെത്തി ബെനഡിക്ട് പതിനാറാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. സമയം അനുവദിച്ച മുന്‍ പാപ്പക്ക് ഫാ. മൌറീസ് നന്ദി അറിയിച്ചു. കൂടിക്കാഴ്ചക്കിടയില്‍ ഫാ. മൌറീസ് തന്റെ ദൈവശാസ്ത്ര ക്ലാസ്സിന്റെ ഒരു ഫോട്ടോ മുൻ പാപ്പയെ കാണിച്ചുകൊണ്ട് തന്റെ സെമിനാരി വിദ്യാര്‍ത്ഥികളുടേയും, ഫാക്കല്‍റ്റിയുടേയും പ്രാര്‍ത്ഥനാശംസകള്‍ ബെനഡിക്ട് പതിനാറാമനെ അറിയിച്ചിരിന്നു.

“കഴിഞ്ഞ ഇരുപത്തിയൊന്നിലധികം വര്‍ഷങ്ങളായി ഈ ദിവസത്തിനായി പ്രാര്‍ത്ഥിക്കുന്നതാണെങ്കിലും, ഈ ദിവസം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ഇതൊരു അത്ഭുതമാണ്. എന്നെ സ്വീകരിക്കുവാന്‍ കാണിച്ച അദ്ദേഹത്തിന്റെ മനസ്സിന് നന്ദി''. തന്റെ തീരുമാനങ്ങളുടെയും ആധ്യാത്മികതയുടെയും അക്കാദമിക് നിയന്താവാണ് അദ്ദേഹമെന്നും ആഫ്രിക്കയിലെ ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഫാ. മൌറീസ് പറയുന്നു. ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രം ആഫ്രിക്കയില്‍ യുവ പുരോഹിതരുടെ ഒരു തലമുറക്ക് തന്നെ രൂപം നല്‍കിയെന്നും, ആഫ്രിക്കയിലെ നിരവധി യുവ പുരോഹിതരും, സെമിനാരി വിദ്യാര്‍ത്ഥികളും ഇഷ്ടപ്പെടുന്ന മുന്‍ പാപ്പയുടെ ദൈവശാസ്ത്രം, ക്രിസ്തുവിന്റെ പുരോഹിതനാകുക എന്നത് എത്രമനോഹരമായ കാര്യമാണെന്ന് തങ്ങള്‍ക്ക് കാണിച്ചു തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ പഠിപ്പിക്കുന്ന സെമിനാരിയില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുകയും, അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നത് ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രമാണെന്ന്‍ പറഞ്ഞ ഫാ. മൌറീസ് ‘ജോസഫ് റാറ്റ്സിങ്ങര്‍ ആന്‍ഡ്‌ ദി എന്‍ലൈറ്റ്മെന്റ്’ എന്നൊരു കോഴ്സ് താന്‍ പഠിപ്പിക്കുന്നുണ്ടെന്നും നിരവധി സെമിനാരി വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെനഡിക്ട് പതിനാറാമന്റെ ജീവിതത്തെയും, ദൈവശാസ്ത്രത്തെയും കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള തന്റെ ദൗത്യം ഇനിയും തുടരുമെന്നു ഫാ. മൌറീസ് പറഞ്ഞു.

"ജോസഫ് റാറ്റ്സിംഗറും ആഫ്രിക്കന്‍ ദൈവശാസ്ത്രത്തിന്റെ ഭാവിയും", "യുക്തിയുടെ വെളിച്ചം, വിശ്വാസത്തിന്റെ വെളിച്ചം ജോസഫ് റാറ്റ്സിംഗറും ജര്‍മ്മന്‍ ജ്ഞാനോദയവും”, "ബെനഡിക്ട് പതിനാറാമന്റെ ചിന്തകളെ കുറിച്ചുള്ള ആഫ്രിക്കന്‍ വായന" തുടങ്ങി ബെനഡിക്ട് പതിനാറാമനെ കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഫാ. മൌറീസ്. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും അടിയുറച്ച നിലപാടുകളിലൂടെയും തിരുസഭക്ക് വലിയ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്.


Related Articles »