Arts

തിരുകച്ചയെ അടിസ്ഥാനമാക്കി പുനര്‍നിര്‍മ്മിച്ച ക്രിസ്തു രൂപം സ്പെയിനില്‍ പ്രദര്‍ശനത്തിന്; അടുത്ത വര്‍ഷം അമേരിക്കയില്‍

പ്രവാചകശബ്ദം 10-11-2022 - Thursday

മാഡ്രിഡ്: യേശുവിന്റെ തിരുശരീരം പൊതിഞ്ഞതെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്ന ടൂറിനില്‍ സൂക്ഷിക്കുന്ന തിരുകച്ചയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രീതിയില്‍ പുനര്‍സൃഷ്ടിക്കപ്പെട്ട ക്രിസ്തുവിന്റെ പൂര്‍ണ്ണകായ രൂപം ലാറ്റിന്‍ അമേരിക്കയില്‍ അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. പദ്ധതിക്ക് ചുക്കാന്‍ പിടിച്ച അല്‍വാരോ ബ്ലാങ്കോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2010-ലാണ് പൂര്‍ണ്ണകായ രൂപം ആദ്യമായി പ്രദര്‍ശനത്തിനുവെച്ചതെന്നു ഇ.ഡബ്ല്യു.ടി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലാങ്കോ പറഞ്ഞു.

യേശുവിന്റെ യഥാര്‍ത്ഥ ശരീരത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രീതിയിലുള്ള ആകൃതി ഘടനയോട് കൂടിയ തിരുശരീര പുനര്‍സൃഷ്ടി എന്നത് തന്റെ ഒരു വലിയ ആഗ്രഹമായിരുന്നെന്നും ആദ്യമൊക്കെ ഇത് സംബന്ധിച്ച വലിയ വിവരമൊന്നും തങ്ങള്‍ക്കില്ലായിരുന്നുവെങ്കിലും അവസാനം ഈ രൂപം പുനര്‍സൃഷ്ടിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ബ്ലാങ്കോ പറഞ്ഞു. ''സ്പെയിനിലെ സലാമാങ്കായില്‍ പ്രദര്‍ശനത്തിനുവെക്കുവാനൊരുങ്ങുന്ന ഈ പൂര്‍ണ്ണ കായ രൂപത്തിന്റെ മുഖം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ടൂറിനിലെ തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്ന യേശുവിന്റെ ഛായയില്‍ ആദ്യമായി ചര്‍മ്മം വെച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞു. മുഖം കഴിഞ്ഞാല്‍ പിന്നെ ആളുകളുടെ ശ്രദ്ധ പോകുന്നത് യേശുവിന്റെ ശരീരത്തിലെ മുറിവുകളുടെ എണ്ണത്തിലാണ്''. അവ ടൂറിനിലെ തിരുകച്ചയില്‍ പതിഞ്ഞിരിക്കുന്ന മുറിവുകളുടെ പ്രതിഫലനം തന്നെയാണെന്നു ബ്ലാങ്കോ ആവര്‍ത്തിച്ചു.

പ്രദര്‍ശനം ഒരു തീര്‍ത്ഥാടന രൂപത്തിലാണെന്നും സ്പെയില്‍ ആരംഭിച്ച ഈ തീര്‍ത്ഥാടനം ലാറ്റിന്‍ അമേരിക്കയിലും, യൂറോപ്പിലും തീര്‍ച്ചയായും എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023-ഓടെ അമേരിക്കയില്‍ ഈ രൂപം പ്രദര്‍ശനത്തിനെത്തിക്കുവാനാണ് സാധ്യത. 75 കിലോ തൂക്കമുള്ള യേശുവിന്റെ ഈ രൂപം ലാറ്റെക്സും, സിലിക്കോണും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വരെ വ്യക്തമായി കാണുന്ന തരത്തിലാണ് നിര്‍മ്മാണം. കാലുകള്‍ അല്‍പ്പം വളഞ്ഞ്, കൈകള്‍ അടിവയറിനോട് ചേര്‍ത്ത് പിടിച്ച രീതിയില്‍ യേശു മരിക്കുന്നതിന് തൊട്ട് മുന്‍പ് ശരീരം എങ്ങനെ നിലകൊണ്ടോ അതുപോലെയാണ് നിര്‍മ്മാണമെന്നും അദ്ദേഹം പറഞ്ഞു.

മുടിയും രോമവും മനുഷ്യരുടേത് തന്നെയാണ്. ഈ രൂപം കാണുമ്പോള്‍ ആളുകള്‍ക്കുണ്ടാകുന്ന പ്രതികരണം അമ്പരിപ്പിക്കുന്നതാണെന്ന് പറഞ്ഞ ബ്ലാങ്കോ, റോമിലെ ക്രൈസ്തവര്‍ മുതല്‍ ആയിരകണക്കിന് രീതികളില്‍ ചരിത്രത്തില്‍ ഏറ്റവുമധികം പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്ന മുഖം ക്രിസ്തുവിന്റെ മുഖമാണെന്നും കൂട്ടിച്ചേര്‍ത്തു. 15 വർഷത്തിലധികം നീണ്ട ഗവേഷണത്തിന് ഒടുവിലാണ് അല്‍വാരോ ബ്ലാങ്കോ രൂപം യാഥാര്‍ത്ഥ്യമാക്കിയത്. ബ്ലാങ്കോയുടെ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ ശിൽപ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായി.


Related Articles »