Youth Zone

വിമാന യാത്രയുടെ അവസാനം ബെനഡിക്ട് പാപ്പയെ അനുസ്മരിച്ച് പൈലറ്റിന്റെ സന്ദേശം

പ്രവാചകശബ്ദം 11-01-2023 - Wednesday

വത്തിക്കാന്‍ സിറ്റി: മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ മൃതസംസ്ക്കാര ദിനമായ ജനുവരി 5-ന് സ്പാനിഷ് നഗരമായ സെവില്ലേയില്‍ നിന്നും റോമിലേക്ക് പറന്ന വ്യൂലിംഗ് എയര്‍ലൈന്‍സ് വിമാനത്തില്‍ നടന്ന അസാധാരണ സംഭവം വാര്‍ത്തയാകുന്നു. വ്യൂലിംഗ് എയര്‍ലൈന്‍സിന്റെ കമാന്‍ഡറായ റാവുള്‍ റൂയിസ് യാത്രയുടെ അവസാനത്തില്‍ ബെനഡിക്ട് പാപ്പയ്ക്കു അര്‍പ്പിച്ച വികാരനിര്‍ഭരമായ ശ്രദ്ധാഞ്ജലിയാണ് മാധ്യമ ശ്രദ്ധ നേടുന്നത്. റോമന്‍ സമയം രാവിലെ 9ന് മിലാനില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ മെഗാഫോണിലൂടെ റാവുള്‍ റൂയിസ് നടത്തിയ അറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ അന്തരിച്ച മുന്‍പാപ്പക്കുള്ള ആദരാഞ്ജലിയായി മാറുകയായിരിന്നു.

സാധാരണ അഭിസംബോധന ആയിരിക്കുമെന്ന്‍ കരുതിയ യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു റാവുളിന്റെ വാക്കുകള്‍. “പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ കുറിച്ച് ഏതാനും വാക്കുകള്‍ പറയുവാന്‍ എന്നെ അനുവദിക്കണം” എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച റാവുള്‍, ബെനഡിക്ട് പതിനാറാമന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഭാഗ്യം ലഭിച്ചവര്‍ തങ്ങളേപ്പോലെയുള്ള എളിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ അപേക്ഷിക്കുകയും ചെയ്തു. ആധുനിക ലോകത്തിലെ ഏറ്റവും പ്രഗല്‍ഭനായ ദൈവശാസ്ത്രജ്ഞരില്‍ ഒരാളായ ബെനഡിക്ട് പാപ്പ പറഞ്ഞിട്ടുള്ള പല പ്രശസ്തമായ വാക്യങ്ങളും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

“അധികം താമസിയാതെ തന്നെ ഞാന്‍ എന്റെ ജീവിതത്തിന്റെ അവസാന വിധിക്കായി ഹാജരാവും, ഞാന്‍ എന്റെ ജീവിതത്തിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍; എനിക്ക് സന്തോഷമുണ്ട്, കാരണം ദൈവം എനിക്ക് ഒരു വിധികര്‍ത്താവ് മാത്രമല്ല, എന്റെ സുഹൃത്തും, സഹോദരനും, അഭിഭാഷകനും കൂടിയാണ്” - തന്റെ അന്ത്യത്തെ മുന്‍കൂട്ടി കണ്ടിട്ടെന്നപോലെ ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിട്ടുള്ള വാക്കുകള്‍ റാവുള്‍ അനുസ്മരിച്ചു.

ബെനഡിക്ട് പാപ്പ തന്റെ ഇഹലോക വാസത്തില്‍ അവസാനം പറഞ്ഞ “യേശുവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്ന വാക്കുകളും പൈലറ്റ് അനുസ്മരിച്ചു. ''പരിശുദ്ധ പിതാവേ അങ്ങേക്ക് നന്ദി” എന്ന് പറഞ്ഞുകൊണ്ടാണ് റാവുള്‍ വാക്കുകള്‍ ചുരുക്കിയത്. റാവുളിന്റെ അറിയിപ്പ് പൂര്‍ണ്ണ നിശബ്ദതയോടെ ശ്രദ്ധാപൂര്‍വ്വം കേട്ട യാത്രക്കാര്‍ വികാരനിര്‍ഭരമായ ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

Tag: Pilot pays emotional tribute to Benedict XVI during flight to Rome, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.


Related Articles »