Daily Saints.

July 25: വിശുദ്ധ യാക്കോബ് ശ്ലീഹാ

സ്വന്തം ലേഖകന്‍ 25-07-2023 - Tuesday

ഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരിന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്‍’ എന്നും പേരിലാണ് വിശുദ്ൻ അറിയപ്പെടുന്നത്. യാക്കോബ് നാമധാരികളായ മറ്റുള്ളവരില്‍ നിന്നും തിരിച്ചറിയുവാനായി വിശുദ്ധന്‍ ‘വലിയ യാക്കോബ്’ എന്ന പേരിലും അറിയപ്പെടുന്നു. വിശുദ്ധ പത്രോസിനും, വിശുദ്ധ യോഹന്നാനുമൊപ്പം യാക്കോബിനും യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യം ഉണ്ടായി. പിന്നീട് യേശുവിന്റെ ഗെത്സമന്‍ തോട്ടത്തിലെ കഠിനയാതനയുടെ സമയത്തും വിശുദ്ധനുണ്ടായിരുന്നു. ഹേറോദ് അഗ്രിപ്പായുടെ ഉത്തരവനുസരിച്ച് 42 അല്ലെങ്കില്‍ 43-ല്‍ ജെറുസലേമില്‍ വെച്ച് വിശുദ്ധനെ തലയറുത്ത് കൊലപ്പെടുത്തുകയാണുണ്ടായത്. ഈ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് ഒമ്പതാം നൂറ്റാണ്ടു മുതല്‍ സ്പെയിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ തെളിവ് വിശ്വാസികളുടെ ഭക്തിയില്‍ കവിഞ്ഞതായി ഒന്നുമില്ല.

മധ്യകാലഘട്ടങ്ങളില്‍ കോമ്പോസ്റ്റെല്ലായിലെ വിശുദ്ധ യാക്കോബിന്റെ ദേവാലയത്തിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്കായിരുന്നു. വിശുദ്ധനാട് കഴിഞ്ഞാല്‍ ക്രിസ്തീയലോകത്ത് ഏറ്റവും കൂടുതല്‍ പ്രസിദ്ധവും, തീര്‍ത്ഥാടകര്‍ എത്തിയിരുന്നതും ഇവിടെയായിരുന്നു. കൊമ്പോസ്റ്റെല്ലായിലേക്കുള്ള തീര്‍ത്ഥാടനത്തിനുള്ള പാതകളുടെ ഒരു ശ്രംഖല തന്നെ യൂറോപ്പില്‍ സൃഷ്ടിക്കപ്പെട്ടു. നിരവധി ദേവാലയങ്ങളേയും, തീര്‍ത്ഥാടക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ളതായിരുന്നു ആ പാത, അവയില്‍ ചിലത് ഇപ്പോഴും ഉണ്ട്. സ്പെയിനില്‍ വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത് കുതിരക്കാരുടേയും, പടയാളികളുടേയും മാധ്യസ്ഥനായ ‘എല്‍ സെനോര്‍ സാന്റിയാഗോ’ ആയിട്ടായിരുന്നു. സ്പെയിനിലെ സാന്റിയാഗോ ഡെ കൊമ്പോസ്റ്റെല്ലായിലുള്ള വിശുദ്ധ യാക്കോബിന്റെ പ്രസിദ്ധമായ ദേവാലയം നൂറ്റാണ്ടുകളോളം ഒരു പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായിരുന്നു.

വലിയ യാക്കോബും അദ്ദേഹത്തിന്റെ സഹോദരനായിരുന്ന വിശുദ്ധ യോഹന്നാനും, പത്രോസ്-അന്ത്രയോസ് എന്നീ സഹോദരന്‍മാരുമായി ആഴമായ സൌഹൃദമുണ്ടായിരുന്നു. ഗലീലി നദിയുടെ വടക്കന്‍ തീരപ്രദേശത്തുള്ള ബത്സയിദായിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വിശുദ്ധ യാക്കോബ് യേശുവിനെ ആദ്യമായി കണ്ടത് എവിടെയായിരിന്നുവെന്നും എപ്രകാരമായിരിന്നുവെന്നും എന്നീ കാര്യങ്ങളൊന്നും നമുക്കറിയില്ല; എന്നാല്‍ ഒരു പഴയ ഐതിഹ്യമനുസരിച്ച് യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരിയായിരുന്നു വിശുദ്ധ യാക്കോബിന്റെ അമ്മയായിരുന്ന സലോമി. ആയതിനാല്‍ വിശുദ്ധ യാക്കോബിന് യേശുവിനെ ചെറുപ്പം മുതലേ അറിയുമെന്ന്‍ അനുമാനിക്കുന്നു.

പത്രോസിനും, യോഹന്നാനുമൊപ്പം യാക്കോബും യേശുവിനോട് ഏറ്റവും അടുത്തവരുടെ വലയത്തില്‍ ഉണ്ടായിരുന്ന ആളാണ്‌. യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളയാളാണ് വിശുദ്ധന്‍. കൂടാതെ യേശുവിന്റെ നിരവധി അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്ക് വിശുദ്ധ യോക്കോബ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഗത്സമന്‍ തോട്ടത്തിലേക്ക് യേശു പോയപ്പോള്‍ വിശുദ്ധ യാക്കോബും യേശുവിനെ അനുഗമിച്ചിരുന്നു. യേശുവിന്റെ മരണത്തിനു ശേഷം യാക്കോബ് സുവിശേഷ പ്രഘോഷണത്തില്‍ സജീവമായി. ഉയിര്‍പ്പിന് ശേഷം ഏതാണ്ട് പന്ത്രണ്ടോളം വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വിശുദ്ധന്‍, അക്കാലത്തെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കിരയാവുകയും, രാജാവായിരുന്ന ഹെറോദ് അഗ്രിപ്പായുടെ നിര്‍ദ്ദേശപ്രകാരം വിശുദ്ധനെ പിടികൂടി വധിക്കുകയും ചെയ്തു. ഇതിനു ശേഷം വിശുദ്ധ പത്രോസിനേയും ബന്ധിതനാക്കുകയുണ്ടായി. പുതുതായി ഉണ്ടായ ക്രിസ്തു മതം ജൂതമതത്തിനൊരു വെല്ലുവിളിയാകുമെന്ന് മുന്‍കൂട്ടി കണ്ട് കൊണ്ട് ക്രിസ്ത്യന്‍ നേതാക്കളെ ഇല്ലായ്മ ചെയ്യുവാനുള്ള അഗ്രിപ്പായുടെ ഒരു പദ്ധതിയുടെ ഭാഗമായിരുന്നു വിശുദ്ധ യാക്കോബിന്റെ മരണം.

“നിങ്ങളും ഇതേ കാസയില്‍ നിന്നും കുടിക്കും” എന്ന് പറഞ്ഞത് വഴി തന്റേതുപോലെ തന്നെയായിരിക്കും അവരുടേയും അന്ത്യമെന്ന് യേശു പ്രവചിക്കുകയായിരുന്നു. അപ്പസ്തോലന്‍മാരില്‍ വിശുദ്ധ യാക്കോബിന്റെ മരണമാണ് ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടിയിട്ടുള്ള ഏക മരണം. ആ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരില്‍ തന്റെ ഗുരുവിനായി ജീവന്‍ ബലികഴിക്കുവാനുള്ള ആദ്യത്തെ ഭാഗ്യം ലഭിച്ചത് വിശുദ്ധ യാക്കോബിനാണ്.

ഇതര വിശുദ്ധര്‍

1. ആഫ്രിക്കയിലെ കുക്കുഫാസ്

2. ഫ്രാന്‍സിലെ എബ്രുള്‍ഫുസ്

3. സ്പെയിനിലെ ഫജില്‍ഫുസ്

4. റോമന്‍കാരനായ ഫ്ലോരെന്‍സിയൂസും മാന്‍ഫ്രെഡോണിയായിലെ ഫെലിക്സും

5. ഗ്ലോഡെ

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »