India - 2024

ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും അധിക്ഷേപിക്കുന്നത് അപലപനീയം: മാനന്തവാടി രൂപത

പ്രവാചകശബ്ദം 13-03-2023 - Monday

മാനന്തവാടി: ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും അധിക്ഷേപിക്കുന്ന പ്രവണതകൾ വർദ്ധിച്ചു വരികയാണെന്നും ഇത്തരം സംഘടിതനീക്കങ്ങൾക്കെതിരേ നടപടി സ്വീകരിക്കേണ്ടവർ കൈക്കൊള്ളുന്ന മൗനം അപലപനീയമാണെന്നും മാനന്തവാടി രൂപതാ പാസ്റ്ററൽ കൗൺസിൽ. ക്രൈസ്തവസന്യാസത്തെ അധിക്ഷേപിക്കുന്ന കക്കുകളി എന്ന നാടകം ക്രൈസ്തവസമുദായത്തിന്റെ പ്രതിഷേധങ്ങൾ പോലും മറികടന്നു കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്ന നീക്കം അപകടകരമാണ്. ഒരു മതന്യൂനപക്ഷമായ ക്രൈസ്തവസമുദായത്തിന് അഭിമാനബോധത്തോടെ നിലകൊള്ളാനുള്ള അവകാശത്തെയാണ് ഇത്തരം പ്രവർത്തനങ്ങൾ വെല്ലുവിളിക്കുന്നതെന്ന് പാസ്റ്ററൽ കൗൺസിൽ ചൂണ്ടിക്കാട്ടി.

ക്രൈസ്തവ സന്യാസികളുടെ വസ്ത്രങ്ങൾ മോശമായ രീതിയിൽ ഉപയോഗിച്ചുകൊണ്ടുള്ള പ്രോഗ്രാമുകളും മറ്റും ധാരാളമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മതവിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന എല്ലാ നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ അകലം പാലിക്കേണ്ടതുണ്ടെന്ന് അവരെ ഓർമ്മപ്പെടുത്തേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. എല്ലാത്തരം അധിക്ഷേപങ്ങളോടും നിശബ്ദമായി പ്രതികരിക്കുന്ന ക്രൈസ്തവ സമുദായത്തെ ഏതുവിധേനയും അധിക്ഷേപിക്കാമെന്ന ധാരണ പലർക്കുമുണ്ടെന്ന് പാസ്റ്ററൽ കൗൺസിൽ വിലയിരുത്തി. ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബിഷപ്പ് ജോസ് പൊരുന്നേടം, ബിഷപ്പ് അലക്സ് താരാമംഗലം, മോൺ. പോൾ മുണ്ടോളിക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സജി പുഞ്ചയിൽ എന്നിവർ പ്രസംഗിച്ചു.


Related Articles »