India

സമുദായത്തെ മുഴുവൻ അവഹേളിക്കാൻ ശ്രമിച്ചാൽ ക്രൈസ്തവ സമൂഹം നോക്കി നിൽക്കില്ല: മാർ ടോണി നീലങ്കാവിൽ

പ്രവാചകശബ്ദം 14-03-2023 - Tuesday

തൃശൂർ: സമൂഹത്തിനു സംഭാവനകൾ നൽകിയ മദർ തെരേസയെ പോലുള്ളവരെ എ ടുത്തുകാണിക്കാതെ ചില പുഴുക്കുത്തുകളെ സമൂഹത്തിനുമുമ്പിൽ കൊണ്ടുവന്നു സമുദായത്തെ മുഴുവൻ അവഹേളിക്കാൻ ശ്രമിച്ചാൽ ക്രൈസ്തവസമൂഹം നോക്കി നിൽക്കില്ലെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാനാകില്ല. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ രക്തമാണ് ഞങ്ങളുടെ സിരകളിലൂടെ ഒഴുകുന്നത്. അങ്ങനെയുള്ള ഞങ്ങളെ പിപ്പിടി കാണിച്ച് ഒതുക്കാൻ നോക്കേണ്ട. വികലമായി ചിത്രീകരിക്കുന്ന കക്കുകളി എന്ന നാടകം എതിർക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ അംഗീകാരത്തോടെ നടത്തുന്ന നാടകം വേദനിപ്പിക്കുന്നു. തിന്മയെ നന്മയാക്കാനാണ് ഇവർ ശ്രമിക്കുന്നത്. മാറിമാറി വരുന്ന സർക്കാരുകൾ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകളെ അവഹേളിക്കുന്നു. ഇതു കേരള സമൂഹത്തിന്റെ മൊത്തം പ്രശ്നമാണ്. ഈ നാടകത്തിനുവേണ്ടി സർക്കാർ വേദി തുറന്നുനൽകിയതും ഫണ്ടു നൽകിയതും സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇത് വിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല, ഉയർത്തിപ്പിടിക്കേണ്ട ചില മൂല്യങ്ങളുടെ പ്രശ്നമാണ്. അശ്ലീലവും മറ്റും നാടകമാക്കി അതു പൊതുസമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവന്ന ഒരു സമുദായത്തെ ആകെ മോശക്കാരാക്കാൻ ശ്രമിച്ചാൽ അത്തരക്കാർക്കെതിരേ രംഗത്തിറങ്ങുകതന്നെ ചെയ്യുമെന്ന് ബിഷപ്പ് പറഞ്ഞു. നാടകത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കു നിവേദനം നൽകി.

വികാരി ജനറാൾ മോൺ ജോസ് വല്ലൂരാൻ, സിആർഐ പ്രസിഡന്റ് സിസ്റ്റർ സോഫി പെരേപ്പാടൻ, പി.ഐ. ലാസർ മാസ്റ്റർ, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, ജോഷി വടക്കൻ, സിസ്റ്റർ അഡ്വ. ജോസിയ, എം.പി. പോളി, സി.വി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. മാർച്ചിനു കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ, അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തലക്കോട്ടൂർ, അതിരൂപത പിആർഒ ഫാ. സിംസൺ, ഫാ. ലിൻസൺ തട്ടിൽ, ലൂർദ് കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ഷിന്റോ മാത്യു, എ.എ. ആന്റണി, കെസിവൈഎം അതിരൂപത ഭാരവാഹികളായ അനൂപ് പുന്നപ്പുഴ, അഖിൽ, തൊമ്മി പിടിയത്ത്, സി.എ ൽ. ഇഗ്നേഷ്യസ്, ജെയിംസ് ആഴ്ചങ്ങാടൻ, സി.ജെ. ജെയിംസ്, ജോൺസൺ ജോർജ്, തോമസ് ചിറമ്മൽ, ഫ്രാൻസി ആന്റണി എന്നിവർ നേതൃത്വം നൽകി.


Related Articles »