Youth Zone - 2024

നമ്മുക്ക് സമൂഹ മാധ്യമങ്ങള്‍ക്കും നോമ്പ് പ്രഖ്യാപിക്കാം: ആഹ്വാനവുമായി ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്

പ്രവാചകശബ്ദം 22-03-2023 - Wednesday

ന്യൂയോര്‍ക്ക്: പശ്ചാത്താപത്തിന്റെയും, പാപപരിഹാരത്തിന്റെയും, അനുതാപത്തിന്റെയും കാലമായ നോമ്പുകാലത്തിന്റെ നാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ച വിശ്വാസികള്‍ക്ക് സുപ്രസിദ്ധ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ നോമ്പുകാല സന്ദേശം പ്രചോദനമാകുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവരെ നോമ്പില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വാല്‍ബെര്‍ഗ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ സന്ദേശം ശ്രദ്ധേയമാവുകയാണ്. കുരിശു രൂപത്തിന് മുന്നില്‍ മുട്ടുകുത്തി നിന്ന് തന്റെ പ്രഭാത പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുന്നതോടെയാണ് തന്റെ ഫോളോവേഴ്സിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വാല്‍ബെര്‍ഗിന്റെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്.

നോമ്പുകാലത്തിന്റെ നാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍, ടിവി, ആപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ പോലെയുള്ളവ ഇക്കാലയളവിലെങ്കിലും ത്യജിക്കണമെന്ന് വാല്‍ബെര്‍ഗ് തന്റെ വീഡിയോ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു. യേശുവിന്റെ കാര്യം വരുമ്പോള്‍ പലരും അവനോടൊത്ത് ആനന്ദിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അവന് വേണ്ടി, അവനോടൊത്ത് എന്തെങ്കിലും, ത്യജിക്കുവാനോ സഹിക്കുവാനോ ഇഷ്ടപ്പെടുന്നവര്‍ കുറച്ചുപേര്‍ മാത്രമാണെന്ന് വാല്‍ബെര്‍ഗ് ചൂണ്ടിക്കാട്ടി. നമ്മള്‍ അടുത്തുകഴിഞ്ഞു. ഈ നാലാമത്തെ ആഴ്ചയില്‍ നമ്മള്‍ കൂടുതല്‍ ശക്തരാകണമെന്നും വാല്‍ബെര്‍ഗ് ഓര്‍മ്മിപ്പിച്ചു.



മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ പോലെയുള്ളവയുടെ ഉപയോഗം കുറച്ച് ആ സമയം കര്‍ത്താവിന്റെ പീഡാസഹനത്തേക്കുറിച്ച് ചിന്തിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും വേണ്ടി ഉപയോഗിച്ചാല്‍ നോമ്പ് കൂടുതല്‍ അര്‍ത്ഥവത്താകുമെന്നാണ് താരം തന്റെ വാക്കുകളിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. ബോക്സിംഗ് താരപദവി വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റ്യൂവര്‍ട്ട് ലോംഗിന്റെ ജീവിതം പ്രമേയമാക്കിയ ‘ഫാദര്‍ സ്റ്റ്യൂ’ എന്ന സിനിമയില്‍ ഫാ. സ്റ്റ്യൂവര്‍ട്ടിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് വാല്‍ബെര്‍ഗാണ്. ഇതാദ്യമായല്ല വാല്‍ബര്‍ഗ് തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമാക്കുന്നത്. തനിക്കെല്ലാം തന്നത് ദൈവമാണെന്നും അതിനാല്‍ ക്രിസ്തുവിലുള്ള വിശ്വാസം താന്‍ ഒരിക്കലും മറച്ചുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് ആളുകള്‍ പിന്തുടരുന്ന തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ ക്രിസ്തു വിശ്വാസം നിരവധി പ്രാവശ്യം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള താരം കൂടിയാണ് വാല്‍ബെര്‍ഗ്.

More Archives >>

Page 1 of 37