Arts

ക്രൈസ്തവ കൂട്ടക്കുരുതിയുടെ ഓര്‍മ്മയില്‍ ‘കന്ധമാല്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്സ് 2022’ സമ്മാനിച്ചു

പ്രവാചകശബ്ദം 27-03-2023 - Monday

ഭൂവനേശ്വര്‍: മനുഷ്യാവകാശം, ജനാധിപത്യം, മതേതരത്വം എന്നിവയുടെ സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും “നാഷണല്‍ സോളിഡാരിറ്റി ഫോറം” വര്‍ഷംതോറും നല്‍കിവരാറുള്ള ‘കന്ധമാല്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്സ് 2022’ സമ്മാനിച്ചു. 2008-ല്‍ നടന്ന കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ വര്‍ഗ്ഗീയ കലാപത്തെ അതിജീവിച്ചവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന കന്ധമാല്‍ സര്‍വൈവേഴ്സ് അസോസിയേഷന്‍, ജനകീയ പ്രസ്ഥാനങ്ങളും, സംഘടനകളും ഉള്‍കൊള്ളുന്ന നാഷണല്‍ അലയന്‍സ് പീപ്പിള്‍ മൂവ്മെന്റ്സ്’, ആദിവാസികളുടെ ഉന്നമനത്തിനായി ശ്രമിക്കുന്ന വനവാസി ചേതനാ ആശ്രമത്തിന്റെ സ്ഥാപകനും, ഗാന്ധിയനുമായ ഹിമാന്‍ഷു കുമാറും അവാര്‍ഡിന് അര്‍ഹമായി. ഒഡീഷയുടെ തലസ്ഥാനമായ ഭൂവനേശ്വറില്‍വെച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 23-നാണ് അവാര്‍ഡുകള്‍ കൈമാറിയത്.

മുംബൈയിലെ മനുഷ്യാവകാശ അഭിഭാഷകനും, സമാധാന പ്രവര്‍ത്തകനുമായ ഷക്കീല്‍ അഹമദാണ് വ്യക്തിഗത വിഭാഗത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. 25,000 രൂപയും, പ്രശസ്തിപത്രവും ഉള്‍കൊള്ളുന്നതാണ് വ്യക്തിഗത അവാര്‍ഡ്. മനുഷ്യാവകാശം, പൗര സ്വാതന്ത്ര്യം, വികസനം, സൗഹാര്‍ദ്ദം, സമാധാന പുനഃസ്ഥാപനം തുടങ്ങിയവക്കായി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് സര്‍ക്കാരേതര സംഘടനകള്‍ക്ക് നല്‍കുന്ന അവാര്‍ഡ്. 2008 ഓഗസ്റ്റ്-സെപ്റ്റംബറില്‍ ഒഡീഷയിലെ കന്ധമാലിലും, മറ്റ് ജില്ലകളിലും ക്രൈസ്തവര്‍ക്ക് നേരെ നടന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഇരയായവരെയും, കലാപങ്ങളെ അതിജീവിച്ചവരെയും മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളുന്നവരെയും ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ‘കന്ധമാല്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്സ്.

കന്ധമാല്‍ വര്‍ഗ്ഗീയ കലാപത്തില്‍ നൂറിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും, കന്യാസ്ത്രീ ഉള്‍പ്പെടെ നാല്‍പ്പതോളം സ്ത്രീകള്‍ മാനഭംഗത്തിനിരയാവുകയും, 75,000 പേര്‍ ഭവനരഹിതരാവുകയും, നൂറുകണക്കിന് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു. പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ പഠനത്തേയാണ് കലാപം ബാധിച്ചത്. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6500-ല്‍ അധികം വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്.


Related Articles »