News - 2024

ചൈനയുടെ മതപീഡനം സഹിക്കുവാന്‍ കഴിയാതെ പലായനം ചെയ്ത 63 ക്രൈസ്തവര്‍ക്ക് അമേരിക്കയില്‍ അഭയം

പ്രവാചകശബ്ദം 18-04-2023 - Tuesday

ടെക്സാസ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തില്‍ നിന്നും അറുപത്തിമൂന്നു ചൈനീസ് ക്രൈസ്തവരെ രക്ഷിക്കുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യവുമായി അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍.എഫ്.ഐ). ഷെന്‍സെന്‍ ഹോളി റിഫോംഡ് സമൂഹം എന്നറിയപ്പെട്ടിരുന്ന ഈ ക്രൈസ്തവരെ ചൈനീസ് ഭരണകൂടത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ച് അമേരിക്കയില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ്. ദുഃഖവെള്ളിയാഴ്ച, സമൂഹത്തെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുവാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും യേശുവിനെ പ്രഘോഷിക്കുന്നതിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുമെന്ന ഭയം ഇനി വേണ്ടായെന്നും റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധി ഡേവിഡ് ട്രിംബിള്‍ പറഞ്ഞു.

ചൈനീസ് ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ തെക്കന്‍ ചൈനീസ് നഗരമായ ഷെന്‍സെനില്‍ നിന്നും 2019-ലാണ് ഈ ക്രൈസ്തവര്‍ പലായനം ചെയ്യുന്നത്. തെക്കന്‍ കൊറിയയിലെ ജേജൂ നഗരത്തിലാണ് ഇവര്‍ ആദ്യം അഭയം തേടിയത്. ചൈനയുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു അവിടെ തുടരുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതിനാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ തായ് ലാന്‍ഡില്‍ എത്തി. ഐക്യരാഷ്ട്രസഭയുടെയും, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും നയതന്ത്ര ചാനലുകള്‍ വഴി അമേരിക്കയിലേക്ക് കുടിയേറുന്നതിനുള്ള ശ്രമങ്ങളും ഇതിനിടയില്‍ നടത്തി വരുന്നുണ്ടായിരുന്നു. കുടിയേറ്റ നിയമ ലംഘനത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തായ് അധികാരികള്‍ ഈ കുടുംബങ്ങളെ അറസ്റ്റ് ചെയ്യുകയും ഇവരുടെ യാത്രാരേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഇതിനിടെ ചൈനീസ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ധം കാരണം തായ് അധികാരികള്‍ ഇവരെ തടവിലാക്കുകയും, പിഴ വിധിക്കുകയും, ചൈനയിലേക്ക് നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈനയിലേക്ക് നാടുകടത്തപ്പെട്ടാല്‍ ഇവര്‍ കൊല്ലപ്പെടുവാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരിന്നു. മൈക്കേല്‍ മക്കോള്‍ പോലെയുള്ള പ്രമുഖ കോണ്‍ഗ്രസ് അംഗങ്ങളും, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തായ് അധികാരികളുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ചൈനയിലേക്ക് നാടുകടത്തുന്നതിന് മുന്‍പ് തന്നെ ഇവരെ അമേരിക്കയിലെത്തിക്കുവാന്‍ കഴിഞ്ഞത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 5-ന് അമേരിക്കയിലേക്ക് യാത്രതിരിച്ച ക്രൈസ്തവര്‍ ഡാളസില്‍ സുരക്ഷിതമായി എത്തി. ട്രിംബിള്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ റാഷദ് ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘം ഇവരെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. പ്രദേശത്തെ ചില വീടുകളിലാണ് ഇവരെ ഇപ്പോള്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്.


Related Articles »