News

ലിബിയയില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനും സുവിശേഷം പ്രഘോഷിച്ചതിനും നിരവധി പേര്‍ അറസ്റ്റില്‍

പ്രവാചകശബ്ദം 21-04-2023 - Friday

ട്രിപ്പോളി: വിദേശികളും സ്വദേശികളുമായ ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതും, ക്രിസ്തു വിശ്വാസം പ്രചരിപ്പിക്കുന്നതും തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ട്രിപ്പോളിയില്‍ ലിബിയന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരവധി ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് ലിബിയന്‍ സ്വദേശികളും, ഒരു പാക്കിസ്ഥാന്‍ സ്വദേശിയും, രണ്ടു അമേരിക്കക്കാരും മുഖം മറച്ചുകൊണ്ട് കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ സുരക്ഷാ ഏജന്‍സി പുറത്തുവിട്ടിരുന്നു. രണ്ട് അമേരിക്കക്കാരും അവരിലൊരാളുടെ ഭാര്യയും അസംബ്ലീസ്‌ ഓഫ് ഗോഡ് കൂട്ടായ്മയിലെ അംഗങ്ങളാണെന്നാണ് സര്‍ക്കാര്‍ ഏജന്‍സി പറയുന്നത്.

ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള രഹസ്യ കേന്ദ്രമാക്കി സ്കൂള്‍ മാറ്റിയെന്ന കുറ്റമാണ് അമേരിക്കക്കാരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ലിബിയക്കാരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ അസംബ്ലീസ്‌ ഓഫ് ഗോഡ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നാണ് സുരക്ഷ ഏജന്‍സിയുടെ ആരോപണം. സമൂഹത്തിന്റെ ഇസ്ലാമിക വ്യക്തിത്വത്തിന് ഭീഷണിയായേക്കാവുന്ന പ്രവര്‍ത്തികളെ ആഭ്യന്തര സുരക്ഷാ ഏജന്‍സി സസൂഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സുരക്ഷാ ഏജന്‍സി ഇതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചിരിക്കുന്നത്.

സുപ്രീം കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്, പൊളിറ്റിക്കല്‍ ഡയലോഗ് കമ്മിറ്റി എന്നിവയില്‍ അംഗമായ സാലേം മൂസ മാഡി തന്റെ മകന്‍ സിഫ്വായെ ട്രിപ്പോളിയില്‍ നിന്ന് കാണാതായെന്ന് മാര്‍ച്ച് 26-ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് മകനെ ആഭ്യന്തര സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തതാണെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ലിബിയയില്‍ ഏകദേശം 35,400 ക്രിസ്ത്യാനികളാണ് ഉണ്ടെന്നാണ് ഓപ്പണ്‍‌ഡോഴ്സിന്റെ റിപ്പോര്‍ട്ട്.

2021 ഒക്ടോബര്‍ 1 മുതല്‍ 2022 സെപ്റ്റംബര്‍ അവസാനം വരെ ഇരുനൂറോളം ക്രൈസ്തവര്‍ ലിബിയയില്‍ ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ക്കു ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇക്കാലയളവില്‍ 19 ക്രൈസ്തവര്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുകയും, 15 പേര്‍ അറസ്റ്റിലാവുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാലയങ്ങള്‍ ഉള്‍പ്പെടെ എട്ടോളം ക്രിസ്ത്യന്‍ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 21 ക്രൈസ്തവരെ കഴുത്തറത്തു കൊല്ലപ്പെടുത്തിയ സംഭവത്തിന് വേദിയായ രാജ്യമാണ് ലിബിയ. ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന രാഷ്ടങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ അഞ്ചാമതാണ് ലിബിയയുടെ സ്ഥാനം.


Related Articles »