News - 2024

തിരുവോസ്തി കടത്താന്‍ എറണാകുളത്ത് ശ്രമം; പിന്നില്‍ സാത്താന്‍ സേവക സംഘമാണോയെന്ന ആശങ്ക ശക്തം

പ്രവാചകശബ്ദം 24-04-2023 - Monday

കൊച്ചി: എറണാകുളത്തെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ നൽകിയ തിരുവോസ്തി കടത്താന്‍ ശ്രമം. തിരുവോസ്തി പകുതി കഴിച്ച് പകുതി പോക്കറ്റിലിട്ട മലപ്പുറം സ്വദേശികളായ നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കച്ചേരിപ്പടിയിലുള്ള സെന്റ് തെരേസാസ് ആശ്രമദേവാലയത്തിൽ ഞായറാഴ്ച വൈകിട്ട് 6.30ന് നടന്ന കുർബാനക്കിടെയായിരുന്നു സംഭവം. വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത്, ആദ്യത്തെ യുവാവ് കരങ്ങള്‍ നീട്ടിയെങ്കിലും വൈദികന്‍ വിശുദ്ധ കുര്‍ബാന നാവില്‍ നല്‍കിയപ്പോള്‍ പകുതി മുറിച്ച് പോക്കറ്റിലേക്ക് മാറ്റി. അടുത്തയാളും ഇത് തന്നെ ചെയ്തതോടെയാണ് സംശയം ബലപ്പെട്ടത്. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിശ്വാസികള്‍ ഇവരെ കയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ അക്രൈസ്തവരാണെന്നും മലപ്പുറം സ്വദേശികളാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ഇവരെ പോലീസിന് കൈമാറുകയായിരുന്നു. താനൂർ സ്വദേശികളായ 4 യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന അടക്കമുള്ള പൈശാചിക കൃത്യങ്ങളില്‍ വിശ്വാസ അവഹേളനം നടത്താന്‍ സാത്താൻ സേവകർ തിരുവോസ്തി കടത്താന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ പലപ്പോഴും പണം നല്‍കി യുവതീയുവാക്കളെ വലയിലാക്കുകയാണ് പതിവ്. ഈ പശ്ചാത്തലത്തില്‍ തിരുവോസ്തി പോക്കറ്റിലാക്കിയത് ബ്ലാക്ക് മാസ് സംഘങ്ങളുടെ ഇടപെടലില്‍ ആണോയെന്ന സംശയം ശക്തമാണ്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പള്ളിയിൽ നടക്കുന്നതെന്താണെന്ന് അറിയാനുള്ള കൗതുകത്തില്‍ അകത്ത് കയറിയതെന്നാണ് യുവാക്കൾ പറയുന്നതെങ്കിലും ഇക്കാര്യം പോലീസ് പൂര്‍ണ്ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. മലപ്പുറത്തുള്ളവര്‍ നഗരത്തിലെ ദേവാലയത്തില്‍ എത്തിയതാണ് കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്. ഇവർക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. എറണാകുളം ജില്ലയിൽ പ്രത്യേകിച്ചു കൊച്ചി കേന്ദ്രമാക്കി സാത്താനെ ആരാധിക്കുന്ന ബ്ലാക്ക് മാസ് സംഘങ്ങള്‍ സജീവമാണെന്നു വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

സാത്താനെ പ്രസാദിപ്പിക്കാൻ ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്ര ബിന്ദുവായ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമായ വിശുദ്ധ കുർബാനയില്‍ പരികര്‍മ്മം ചെയ്യപ്പെട്ട തിരുവോസ്തി അവഹേളിക്കുന്നതടക്കമുള്ള ആഭിചാരകർമങ്ങളാണ് ഈ സംഘം നടത്തുന്നത്. വാഴ്ത്തിയ തിരുവോസ്തി ദേവാലയങ്ങളിൽ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നു അതികഠിനമായ വിധത്തിൽ അവഹേളിക്കുന്നതും വിശുദ്ധ ബൈബിൾ നിന്ദിക്കുന്നതും ഇവയ്ക്കു മേല്‍ നടത്തുന്ന ലൈംഗീക വൈകൃതങ്ങളും ആഭിചാരകർമങ്ങളുടെ ക്രൂരമായ ഭാഗമാണ്. ഇതിൻ്റെ ഭാഗമായിട്ടാണോ യുവാക്കൾ പള്ളിയിൽ കടന്നുകയറി തിരുവോസ്തി കൈക്കലാക്കാന്‍ ശ്രമം നടത്തിയതെന്ന സംശയം ശക്തമാണ്. അടുത്തിടെ വയനാട്ടിലും തിരുവോസ്തി കടത്താന്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.


Related Articles »