News - 2024

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ മറ്റൊരു വൈദികന് കൂടി മോചനം

പ്രവാചകശബ്ദം 30-05-2023 - Tuesday

ഇമോ: കഴിഞ്ഞ വെള്ളിയാഴ്ച നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. മത്തിയാസ് ഒപ്പാറയ്ക്ക് മോചനം. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തതിനു ശേഷം ഒവേരിരിലേയ്ക്കുളള യാത്രാമധ്യേയാണ് ഫാ. മത്തിയാസിനെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോകുന്നത്. വൈദികന്റെ മോചനം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാതെ വിശ്രമം ഇല്ലെന്ന് പോലീസ് വക്താവ് ഹെന്റി ഒകോയെ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദ്ധം മൂലമാണ് വൈദികൻ മോചിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒവേരി രൂപതയിലെ മാന്‍ ഓഫ് ഓർഡർ ആൻഡ് ഡിസിപ്ലിൻ എന്ന സംഘടനയുടെ അദ്ധ്യക്ഷനാണ് ഫാ. മത്തിയാസ് ഒപ്പാറ. അതേസമയം വൈദികനെ വെറുതെ വിടാൻ മോചനദ്രവ്യം നൽകിയോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

മെയ് 19ന് നൈജീരിയയിലെ പുതിയ ആരാധന ചാപ്പല്‍ സന്ദര്‍ശിക്കുന്നതിനിടെ ഒക്കിഗ്വേ രൂപതാ വൈദികനായ ഫാ. ജൂഡ് മടുക്കയെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയിരിന്നു. പിന്നീട് ഇദ്ദേഹം മോചിതനായി. വൈദികരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ നൈജീരിയയിൽ ഇപ്പോൾ സർവ്വസാധാരണമാണ്.


Related Articles »