News - 2024

"ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക"; സ്റ്റിക്കര്‍ പതിപ്പിച്ച ബസ് തോക്കിന്‍മുനയില്‍ തടഞ്ഞ് പാരീസ് പോലീസ്

പ്രവാചകശബ്ദം 07-08-2024 - Wednesday

പാരീസ്: ഒളിമ്പിക്സ് ഗെയിംസ് നടക്കുന്ന പാരീസിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺഗോ പ്ലാറ്റ്‌ഫോമിൻ്റെ പ്രചരണ വാഹനമായ ബസിൽ യാത്ര ചെയ്ത ഏഴ് പേർ അറസ്റ്റിലായി. ഒളിമ്പിക്സ് ഉദ്ഘാടനത്തിൻ്റെ ഭാഗമായുള്ള അന്ത്യ അത്താഴത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചാണ് നിരവധി ക്രൈസ്തവര്‍ ബസുമായി രംഗത്തുവന്നത്. "ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം നിർത്തുക" എന്ന മുദ്രാവാക്യവും സ്റ്റിക്കറും പതിച്ച വാഹനം "തോക്കിന് മുനയിൽ" തടയുകയായിരിന്നു. സിറ്റിസൺഗോയിലെ ആറ് അംഗങ്ങളോടും ബസ് ഡ്രൈവറോടും പോലീസ് അപമാനകരമായ രീതിയിലാണ് പെരുമാറിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അധികാരികളുടെ മുന്നിൽ പ്രതിഷേധം അറിയിച്ചും വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ആഹ്വാനം ചെയ്തും 384,000-ത്തിലധികം ആളുകൾ ഒപ്പിട്ട വെബ്‌സൈറ്റിലെ നിവേദനവും ബസില്‍ പരസ്യപ്പെടുത്തിയിരിന്നു. പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ്, തടവുകാർക്കെതിരെ നടപടികൾ ആരംഭിച്ചെങ്കിലും വിഷയം വിവാദമായപ്പോള്‍ 24 മണിക്കൂറിന് ശേഷം കുറ്റം ചുമത്തില്ലെന്ന് അറിയിക്കുകയായിരിന്നുവെന്നു സിറ്റിസൺഗോ പ്രസിഡന്‍റ് ഇഗ്നാസിയോ അർസുവാഗ അറിയിച്ചു.

ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന വേളയിൽ സംഭവിച്ചതുപോലെ, മതസ്വാതന്ത്ര്യത്തിനും ക്രൈസ്തവര്‍ക്കും നേരെ നടന്ന പുതിയ ആക്രമണമാണിതെന്ന് സിറ്റിസൺഗോ വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസത്തിനു എതിരെ യൂറോപ്പിൻ്റെയും പടിഞ്ഞാറിൻ്റെയും സ്ഥാപക മൂല്യങ്ങൾക്കെതിരായി നടന്ന കുറ്റകൃത്യമായി പാരീസ് ഒളിമ്പിക്സ് ഗെയിംസ് ഓർമ്മിക്കപ്പെടുമെന്നു സംഘടന കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തെ അപലപിച്ച് വത്തിക്കാനും നേരത്തെ രംഗത്ത് വന്നിരിന്നു.

More Archives >>

Page 1 of 991