News

10 സ്പാനിഷ് കത്തീഡ്രലുകള്‍ വിര്‍ച്വല്‍ റിയാലിറ്റിയില്‍

പ്രവാചകശബ്ദം 08-08-2024 - Thursday

മാഡ്രിഡ്: സ്പെയിനിലെ പ്രസിദ്ധമായ കാഡിസ്, മലാഗ കത്തീഡ്രലുകൾ കൂടി 360º വിർച്വൽ റിയാലിറ്റിയില്‍ എത്തുന്നതോടെ സ്പാനിഷ് കത്തീഡ്രലുകള്‍ ശ്രദ്ധേയമായ രീതിയില്‍ സന്ദര്‍ശിക്കുവാന്‍ അവസരം. നിലവില്‍ 10 രൂപതകളിലെ കത്തീഡ്രലുകളിലാണ് സാങ്കേതിക വിദ്യ ലഭ്യമാക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രല്‍ വിർച്വൽ റിയാലിറ്റിയിലേക്ക് കൊണ്ടുവരുവാന്‍ അധികൃതര്‍ കാര്യമായ ശ്രമം നടത്തുകയായിരിന്നു. 360º വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ ഉപയോഗിച്ച്, പുരാതനമായ ദേവാലയത്തിന്റെ കലാപരമായ മൂല്യവും ദൈവശാസ്ത്രമായ മാനവും ആസ്വദിക്കാനാണ് വാതായനം തുറന്നിട്ടിരിക്കുന്നത്.

അതുല്യമായ നിര്‍മ്മിതികള്‍ക്കു ഉള്ളിലൂടെ എല്ലാ വശങ്ങളിലേക്കും ചുറ്റി സഞ്ചരിക്കുവാനും നിര്‍മ്മാണ വൈദഗ്ധ്യം നിറഞ്ഞ ഓരോ ഭാഗവും കലാസൃഷ്ടികളും ആസ്വദിക്കുവാനും ഓരോരുത്തര്‍ക്കും അവസരമുണ്ട്. ബാഴ്‌സിലോണ, സലാമങ്ക, ആവില, അസ്റ്റോർഗ, ജാൻ, ജെറെസ് ഡി ലാ ഫ്രോണ്ടേറ, സിഗ്യൂൻസ, ബെയ്‌സ, കാഡിസ്, മലാഗ എന്നീ കത്തീഡ്രലുകളിലും മറ്റ് രണ്ട് ദേവാലയങ്ങളിലും വിര്‍ച്വല്‍ റിയാലിറ്റി സംവിധാനം ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. കത്തീഡ്രൽ മുഴുവനും ഡ്രോൺ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നുവെന്നും ചിത്രങ്ങൾക്ക് ഒപ്പം വിവരണം ഉണ്ടെന്നും ആർട്ടി സ്പ്ലെൻഡോർ എന്ന കമ്പനിയുടെ കമ്മ്യൂണിക്കേഷൻസ് മേധാവി അൻ്റോണിയോ ഒർട്ടിസ് എസിഐ പ്രെൻസയോട് പറഞ്ഞു.

വരും ആഴ്ചകളിൽ, ഇറ്റലിയിലെ വിറ്റെർബോ കത്തീഡ്രലിലും സ്പെയിനിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും വിര്‍ച്വല്‍ റിയാലിറ്റി ലഭ്യമാക്കും. ദേവാലയത്തിന്റെ 3D മോഡലിംഗ്, ദേവാലയങ്ങളില്‍ കാമറകൾ ഘടിപ്പിച്ച ഡ്രോണുകളുടെ ഉപയോഗം, കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജ് ടെക്നിക് ഉള്‍പ്പെടെ വിവിധങ്ങളായ വ്യത്യസ്ത സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചാണ് 360º വിര്‍ച്വല്‍ റിയാലിറ്റി സാധ്യമാക്കുന്നത്. ഓരോ കത്തീഡ്രലിലും, വിര്‍ച്വല്‍ റിയാലിറ്റി വിവിധ ഭാഷ വിവരണങ്ങളോടെ ലഭ്യമാക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

More Archives >>

Page 1 of 992