News

യുവ വചനപ്രഘോഷകൻ സാത്താൻ ആരാധകനുമായി നടത്തിയ സംഭാഷണം വൈറല്‍

റോബിന്‍ സഖറിയാസ്/ 13-08-2024 - Tuesday

അമേരിക്കയിൽ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഒരു മുഴുസമയ മിഷ്ണറിയാണ് ബ്രൈസ് ക്രോഫോർഡ്. അടുത്തിടെ ഹൈസ്കൂൾ ബിരുദം നേടിയ ശേഷം, താൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് പ്രാർത്ഥനയ്ക്കു ശേഷം ലഭിച്ച ഉത്തരമാണ്; യേശുവിനെ പ്രഘോഷിക്കുക എന്നത്. ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ മുഴുവൻ സമയ ശുശ്രൂഷ ചെയ്യാൻ കർത്താവ് ബ്രൈസിനെ വിളിച്ചു.

ഈ അടുത്ത ദിവസം ഒരു സാത്താൻ ആരാധകനുമായി ഈ യുവ സുവിശേഷകൻ തെരുവിൽ വച്ച് നടത്തിയ സംഭാഷണവും പ്രാർത്ഥനയും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. തെരുവിൽ ക്രിസ്തുവിന്റ സുവിശേഷം പങ്ക് വയ്ക്കുന്ന ബ്രൈസ് ക്രോഫോർഡ് ഈ സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

താൻ ഒരു സാത്താൻ ആരാധകനാണെന്നും, ചാഡ് എന്നാണ് തന്റെ പേരെന്നും സാത്താൻ ആരാധകൻ സ്വയം പരിചയപ്പെടുത്തുന്നു. സാത്താൻ ആരാധനയിലൂടെ തനിക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ചാഡ് വാചാലനാകുന്നു. ആശയ സംവാദത്തിന്റ ഒരു ഘട്ടത്തിൽ യേശുവിനെ ക്രൂശിക്കുകയല്ല ചുട്ടുകൊല്ലുകയാണ് വേണ്ടിയിരുന്നത് എന്ന് വരെ ചാഡ് പറയുന്നു. എന്നാൽ ഈ സമയമെല്ലാം സമാധാനത്തോടെ ചാഡിനെ ശ്രവിച്ച ബ്രൈസ് ക്രിസ്തുവിനെക്കുറിച്ച് വ്യക്തമായി പറയാൻ ശ്രമിച്ചു കൊണ്ട് സംഭാഷണം കൊണ്ടുവരുന്നു. തനിക്കാവശ്യമുള്ള കാര്യങ്ങൾ ദൈവത്തോട് ചോദിക്കാറുണ്ടെന്നും എന്നാൽ എനിക്കെന്താണോ ഏറ്റവും നന്മയായിട്ടുള്ളത് അത് ദൈവം കൃത്യസമയത്ത് ക്രമീകരിച്ചു തരുന്നുവെന്നും ക്രോഫോർഡ് പറയുന്നു.

സാത്താൻ വന്നിരിക്കുന്നത് മോഷ്ടിക്കാനും, കൊല്ലാനും, നശിപ്പിക്കാനുമാണ് എന്ന് ബ്രൈസ് ക്രോഫോർഡ് ബൈബിളിനെ അടിസ്ഥാനമാക്കി പറയുന്നു. അതോടൊപ്പം യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും വേണ്ടിയാണെന്നും ചാഡിനോട് പറയുന്നു. താൻ കടന്നു വന്ന വഴികളെക്കുറിച്ചും, ക്രിസ്തു തനിക്കു നൽകുന്ന പ്രത്യാശയെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചുമെല്ലാം ക്രോഫോർഡ് ചാഡിനോട് പങ്കു വയ്ക്കുന്നു. ലോകത്തിലെ മറ്റു മതങ്ങളെക്കുറിച്ചും, അതിൽ നിന്നും എങ്ങിനെയാണ് ക്രിസ്തുവും ക്രിസ്ത്യാനിറ്റിയും വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നും ക്രോഫോർഡ് വ്യക്തമാക്കിക്കൊടുക്കുന്നു.

സംഭാഷണത്തിന്റ അവസാനം ചാഡിന്റ സമ്മതത്തോടെ അദ്ദേഹത്തിന്റ തോളിലും കയ്യിലും പിടിച്ചുകൊണ്ട് ക്രോഫോർഡ് യേശുനാമത്തിൽ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. സാത്താനിസ്റ്റ് യഥാർത്ഥ സത്യം മനസിലാക്കാനും അദ്ദേഹം അനുതപിക്കാനും വേണ്ടി ക്രോഫോർഡ് പ്രാർത്ഥിക്കുന്നു. സ്വപ്നങ്ങളിലൂടെയും ദർശനങ്ങളിലൂടെയും യേശുവേ നിന്നെ നീ അവന് വെളിപ്പെടുത്തണമേ എന്ന് ബ്രൈസ് ക്രോഫോർഡ് പ്രാർത്ഥനയിൽ പറഞ്ഞുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള അനേകരോട് ദിവസവും ബ്രൈസ് ക്രോഫോർഡ് സുവിശേഷം പങ്കുവയ്ക്കുന്നു. സുവിശേഷ വാക്യങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ടുകൾ ധരിക്കുകയും വിതരണം ചെയ്യുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റ മിഷൻ നടത്തുന്നത്. ഇത്തരം ടി ഷർട്ടുകൾ ധരിക്കുന്നതിലൂടെ ആളുകളോട് സംവദിക്കാൻ ധാരാളം അവസരം തനിക്ക് കിട്ടുന്നുണ്ട് എന്ന് ക്രോഫോർഡ് പറയുന്നു. എല്ലാ ബുധനാഴ്ചയും , ഞായറാഴ്ചയും ക്രോഫോർഡും സുഹൃത്തുക്കളും രാത്രി മുഴുവൻ പ്രാർത്ഥനക്കായി ഒന്നിച്ചു കൂടുന്നു.

മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ് ( യോഹന്നാൻ 10: 10).

More Archives >>

Page 1 of 993