Purgatory to Heaven. - September 2024

മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുന്നതില്‍ ശങ്കിക്കരുത്‌

സ്വന്തം ലേഖകന്‍ 04-09-2023 - Monday

നീ പ്രതിയോഗിയോടു വഴിക്കു വച്ചു തന്നെ വേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു (മത്തായി 5:25-26)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 4

"അതുകൊണ്ട് മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിനുവേണ്ടി (യൂദാസ് മക്കബായര്‍) പരിഹാര കര്‍മ്മം അനുഷ്ഠിച്ചു. ആരംഭകാലം മുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കു വേണ്ടി പരിഹാര പ്രാര്‍ത്ഥനകള്‍, സര്‍വ്വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്‍റെ സൗഭാഗ്യദര്‍ശനം പ്രാപിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്‌ഷ്യം. മരിച്ചവര്‍ക്കു വേണ്ടിയുള്ള ധര്‍മ്മദാനം, ദണ്ഡവിമോചന കര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു.

നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം. ജോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ ബലിവഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്" (CCC 1030- 1032).

വിചിന്തനം:

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക്‌ ആയി, ദൈവം നമ്മുടെ ജീവിതത്തില്‍ നമുക്ക്‌ കാണിച്ചുതരുന്നവരേയും, നമുക്ക്‌ ചുറ്റുമുള്ളവരേയും സഹായിക്കുവാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »