News - 2024

കംമ്പോഡിയായിലെ ഖമര്‍ റൗഗ് സൈന്യത്തിലെ മുന്‍അംഗങ്ങള്‍ മിഷ്‌നറിമാരുടെ പ്രവര്‍ത്തനത്താല്‍ സത്യവിശ്വാസം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 27-12-2016 - Tuesday

ഫിനോംപെന്‍ന്ത്: കംമ്പോഡിയായില്‍ നിരവധി പേരുടെ ജീവിതങ്ങളെ നശിപ്പിച്ച ഖമര്‍ റൗഗ് സൈന്യം ലോകത്തില്‍ കുപ്രസിദ്ധമാണ്. എല്ലാ അക്രമ രീതികളും നേരിയ കാലത്തേക്ക് വിജയം നേടുമെങ്കിലും പിന്നീട് അതും, അതിനെ നയിച്ച നേതാക്കളും ഇല്ലാതെയായ ചരിത്രമാണ് ലോകത്തിന് പറയുവാനുള്ളത്. ഖമര്‍ റൗഗ് സൈന്യത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്. 1975 മുതല്‍ 1979 വരെയുള്ള കാലങ്ങളില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ട് കംമ്പോഡിയന്‍ ജനതയെ നാശത്തിലേക്ക് തള്ളിവിട്ട ഖമര്‍ റൗഗ് സൈന്യം പതിയെ തകര്‍ന്നു. സൈന്യത്തിലെ ഒട്ടുമിക്ക അംഗങ്ങളും ഇതിനു ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും, തങ്ങള്‍ മനപൂര്‍വ്വമായും, അല്ലാതെയും ചെയ്തു പോയ പാപങ്ങളില്‍ പശ്ചാത്തപിക്കുകയും ചെയ്തു.

ഖമര്‍ റൗഗ് സൈന്യത്തില്‍ തന്റെ 15-ാം വയസിലാണ് നോര്‍ഗ് ചേര്‍ന്നത്. വിയറ്റ്‌നാമിന് എതിരായുള്ള യുദ്ധത്തിന്റെ ഭാഗമായി കൂടുതല്‍ സമയവും തങ്ങളുടെ സൈന്യം വനത്തിനുള്ളിലാണ് ചെലവഴിച്ചതെന്നു നോര്‍ഗ് പറയുന്നു. ഇതിനാല്‍ തന്നെ സൈന്യം ചെയ്ത പല കഠിന ക്രൂരതകളും തനിക്ക് നേരില്‍ കാണേണ്ടതായോ, അതിന് നേതൃത്വം നല്‍കേണ്ടതായോ വന്നിട്ടില്ലെന്നും നോര്‍ഗ് വിശദീകരിക്കുന്നു. എങ്കിലും താന്‍ കൂടി ഉള്‍പ്പെട്ട ഒരു സൈന്യം സ്വന്തം രാജ്യത്തെ തന്നെ പലരെയും കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനെ ഓര്‍ത്ത് നോര്‍ഗ് വിഷമിക്കുന്നു. 57 കാരനായ നോര്‍ഗ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം ചെറിയ ക്രൈസ്തവ സമൂഹത്തിന്റെ കൂടെ ഇപ്പോള്‍ ജീവിതം മുന്നോട്ടു നയിക്കുകയാണ്.

തങ്ങളുടെ പരാജയത്തിന് ശേഷം ഖമര്‍ റൗഗ് സൈനികര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള മലനിരകളിലേക്ക് താവളം മാറ്റി. ബാട്ടംബാംഗ് പ്രവിശ്യയിലുള്ള വനങ്ങളായിരുന്നു ഇവരുടെ മുഖ്യതാവളം. ഇവിടെ നിന്നും അവര്‍ വിയറ്റ്‌നാമിലെ സൈന്യത്തോട് യുദ്ധം ചെയ്തു. ഈ സമയത്താണ് മേഖലയിലേക്ക് ക്രൈസ്തവ മിഷ്‌നറിമാര്‍ സേവനവുമായി കടന്നു വന്നത്. തീവ്ര മാവോയിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങള്‍ വച്ചുപുലര്‍ത്തിയ സൈന്യവുമായി സുവിശേഷകര്‍ സംസാരിച്ചു. പലരുടെയും മാനസാന്തരത്തിലേക്കാണ് അത് നയിച്ചത്.

ബുദ്ധമത വിശ്വാസികള്‍ മാത്രമുണ്ടായിരുന്ന രാജ്യത്തേക്ക് 2 ശതമാനത്തോളം ക്രൈസ്തവ വിശ്വാസികളെ വളര്‍ത്തിയെടുക്കുവാന്‍ മിഷ്‌നറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. ഖമര്‍ റൗഗ് സൈന്യത്തിലെ അംഗങ്ങളെ സമൂഹം വെറുപ്പോടെ മാത്രം കണ്ടപ്പോള്‍, മാനസാന്തരപ്പെട്ട അവരെ ക്രൈസ്തവ മിഷ്‌നറിമാര്‍ ചേര്‍ത്തുപിടിച്ചു. ബുദ്ധസന്യാസിമാരോ, മറ്റു മതവിശ്വാസികളോ ആരും തന്നെ അവരെ തേടി വന്നിട്ടില്ല. പെയ്‌ലീന്‍ പ്രവിശ്യയിലും സമീപത്തുള്ള സ്ഥലങ്ങളിലും ഇപ്പോള്‍ ജീവിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളാണ്. തായിലാന്റിനോട് ചേര്‍ന്നു കിടക്കുന്ന ഈ മേഖലയില്‍ 22-ല്‍ അധികം ക്രൈസ്തവ ദേവാലയങ്ങള്‍ ഇന്ന് സ്ഥിതി ചെയ്യുന്നു. റോമന്‍ കത്തോലിക്ക വിശ്വാസം മുതല്‍ പ്രോട്ടസ്റ്റന്‍ഡ് വിശ്വാസം വരെ ഈ മേഖലയില്‍ ശക്തമാണ്.

കെയ്ങ് ഗ്യൂക് ഇവ എന്ന ഖമര്‍ റൗഗ് സൈന്യത്തിലെ അംഗമാണ് ക്രൈസ്തവ വിശ്വാസിയായി മാറിയവരില്‍ ഏറ്റവും പ്രശസ്തന്‍. ഡുച്ച് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇരുപതിനായിരത്തോളം കംമ്പോഡിയന്‍ പൗരന്‍മാരെ കൊലപ്പെടുത്തിയെന്ന കുറ്റം നേരിടുന്ന വ്യക്തി കൂടിയാണ് ഡുച്ച്. 1995-ല്‍ തന്റെ ഭാര്യയുടെ മരണത്തിന് ശേഷമാണ് അദ്ദേഹം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഒരു ചെറിയ സഭ തന്നെ അദ്ദേഹം സ്വന്തം ഗ്രാമത്തില്‍ പിന്നീട് സൃഷ്ടിച്ച് ആരാധന നടത്തിപോരുന്നു.

ഡുച്ചിനെതിരെയുള്ള വിചാരണ 2009-ല്‍ കോടതിയില്‍ ആരംഭിച്ചു. പലതരം യുദ്ധ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികളായ ഒരു സംഘം പേര്‍ ഇതിനോടകം തന്നെ ഖമര്‍ റൗഗ് സൈന്യത്തില്‍ ഡുച്ച് ഉണ്ടായിരുന്നപ്പോള്‍ ചെയ്തു കൂട്ടിയ പല കിരാത നടപടികളെയും അദ്ദേഹത്തോട് ക്ഷമിച്ചു കഴിഞ്ഞു. ഒരു വിഭാഗം ആളുകള്‍ ഡുച്ചിന്റെ മാനസാന്തരത്തെ ശരിയായി അംഗീകരിക്കുന്നില്ല. ഡുച്ച് മാത്രമല്ല ഇത്തരമൊരു പ്രശ്‌നം നേരിടുന്നത്. ഖമര്‍ റൗഗ് സൈന്യത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേര്‍ക്കപ്പെട്ട വലിയ ഒരു വിഭാഗം ആളുകളും ഇത്തരം കുറ്റപ്പെടുത്തലുകള്‍ ഇപ്പോഴും കേള്‍ക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകളുടെ നടുവിലും തങ്ങള്‍ അറിഞ്ഞ സത്യസുവിശേഷത്തെ മുറുകെ പിടിച്ചു മുന്നോട്ടു ജീവിക്കുകയാണ് ഇവിടെയുള്ള വിശ്വാസികള്‍.


Related Articles »