News

നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു

സ്വന്തം ലേഖകന്‍ 07-01-2017 - Saturday

മനില: ഫിലിപ്പീന്‍സിലെ ക്വിയാപ്പോ ദേവാലയത്തിലെ ക്രിസ്തുവിന്റെ രൂപത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. ഈ പ്രത്യേകതകളും ചരിത്രവും മൂലമാണ് മനില അതിരൂപതയിലെ ഈ ദേവാലയം രാജ്യത്തെ വിശ്വാസികളുടെ എല്ലാം ശ്രദ്ധപിടിച്ചു പറ്റുന്നതും. 'ബ്ലാക്ക് നസ്രായന്‍' എന്ന ക്രിസ്തുവിന്റെ രൂപമാണ് ക്വിയാപ്പോ ദേവാലയത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. 1606-ല്‍ അഗസ്റ്റീനിയന്‍ സന്യാസ സമൂഹം മെക്‌സിക്കോയില്‍ നിന്നും ഫിലിപ്പീന്‍സില്‍ എത്തിച്ച 'ബ്ലാക്ക് നസ്രായന്‍' എന്ന ക്രിസ്തുവിന്റെ രൂപം നിരവധി ചരിത്രങ്ങള്‍ക്കും, വന്‍ അപകടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതാണ്. ഒരപകടത്തിലും തകരാതെ നില്‍ക്കുന്ന ക്രിസ്തുവിന്റെ രൂപം കാലങ്ങളോളം വിശ്വാസികളെ അതിശയിപ്പിക്കുന്ന സാക്ഷ്യമായി ഇന്നും തുടരുന്നു.

ദേവാലയത്തില്‍ രണ്ടു തവണ തീപിടിത്തം ഉണ്ടായപ്പോഴും 'ബ്ലാക്ക് നസ്രായന്‍' രൂപത്തിന് കേടുപാടുകള്‍ സംഭവിച്ചില്ല. ശക്തമായ ഭൂചലനവും, പലപ്പോഴായി ഉണ്ടായ പ്രളയവും, കൊടുങ്കാറ്റും ബ്ലാക്ക് നസ്രായന്‍ രൂപത്തിന് നേരിയ കേടുപാടുകള്‍ പോലും വരുത്തുവാന്‍ ശക്തിയുള്ളതല്ലായിരുന്നു. കാലഘട്ടങ്ങളിലെ അപകടങ്ങളെ അതിജീവിച്ച് ബ്ലാക്ക് നസ്രായന്‍ രൂപം ചരിത്രത്തിലേക്ക് കാല്‍വയ്പ്പ് നടത്തി നില്‍ക്കുന്നു.

ലോകത്തിന്റെ രക്ഷകനും നാഥനുമായ ക്രിസ്തു കാല്‍വരിയിലേക്ക് കുരിശ് വഹിച്ചുകൊണ്ടു പോകുന്നതിന്റെ പൂര്‍ണ പ്രതിമയാണ് ബ്ലാക്ക് നസ്രായന്‍. 1606-ല്‍ വന്ന അഗസ്റ്റീനിയന്‍ സന്യാസ സമൂഹം പ്രതിമ ആദ്യം സ്ഥാപിച്ചത് ലുനീറ്റായിലെ സ്‌നാപക യോഹന്നാന്റെ പള്ളിയിലാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നും കുറച്ചു കൂടി സൗകര്യങ്ങളുള്ള ദേവാലയത്തിലേക്ക് രൂപം മാറ്റി സ്ഥാപിച്ചു. 1767-ല്‍ ആണ് ക്വിയാപ്പോയിലെ ദേവാലയത്തിലേക്ക് ബ്ലാക്ക് നസ്രായന്‍ രൂപം എത്തിച്ചത്. ദേവാലയത്തിന്റെ മധ്യസ്ഥന്‍ സ്‌നാപക യോഹന്നാന്‍ തന്നെയാണെന്നത് മറ്റൊരു യാദൃശ്ചിക സംഭവമായി.

2006-ല്‍ ആണ് 'ബ്ലാക്ക് നസ്രായേന്‍ രൂപം' ഫിലിപ്പീന്‍സില്‍ എത്തിച്ചതിന്റെ 400-ാം വാര്‍ഷികം വിശ്വാസികള്‍ ആചരിച്ചത്. എല്ലാവര്‍ഷവും ജനുവരി ഒന്‍പതാം തീയതിയാണ് ബ്ലാക്ക് നസ്രായന്‍ രൂപം സ്ഥിതി ചെയ്യുന്ന ക്വിയാപ്പോ ദേവാലയത്തിലെ പ്രധാനതിരുനാള്‍ ആഘോഷിക്കുന്നത്. 'ട്രാസ്ലേസിയന്‍' എന്ന പ്രാദേശിക പേരില്‍ അറിയപ്പെടുന്ന പ്രത്യേക പ്രദക്ഷിണമാണ് തിരുനാള്‍ ദിവസത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങ്. 'കറുത്ത നസ്രായന്‍' രൂപത്തിന്റെ ചെറുപതിപ്പുകളുമായി വിശ്വാസികള്‍ അന്നേ ദിവസം മനിലയിലെ ചെറുവീഥികളിലൂടെ ഭക്തിപൂര്‍വ്വം പ്രദക്ഷിണം നടത്തും.

ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണ് ട്രാസ്ലേസിയനിലൂടെ വിശ്വാസികള്‍ വീണ്ടും അനുസ്മരിക്കുന്നത്. 4.3 മൈല്‍ ദൂരമാണ് നഗ്നപാദരായ വിശ്വാസികള്‍ പ്രധാനതിരുനാള്‍ ദിനത്തിലെ പ്രദക്ഷിണത്തില്‍ സഞ്ചരിക്കുക. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പ്രദക്ഷിണത്തിന് ശേഷം വിശ്വാസികള്‍ ബ്ലാക്ക് നസ്രായന്‍ രൂപത്തില്‍ തൊട്ട് പ്രാര്‍ത്ഥനകള്‍ നടത്തും. ഇത്തരത്തില്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ക്ക് അതിവേഗം ഫലപ്രാപ്തി ലഭിച്ചതായി ആയിരങ്ങള്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

1650-ല്‍ ഇന്നസെന്റ് പത്താമന്‍ മാര്‍പാപ്പയാണ് ക്വിയാപ്പോ ദേവാലയത്തിലെ 'ബ്ലാക്ക് നസ്രായന്‍' രൂപത്തോടുള്ള ഭക്തിക്ക് പ്രത്യേക അംഗീകാരം നല്‍കിയത്. പിന്നീട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്വിയാപ്പോ ദേവാലയത്തിന് മൈനര്‍ ബസലിക്കാ പദവി അനുവദിച്ചു നല്‍കി. ബ്ലാക്ക് നസ്രായന്‍ രൂപത്തില്‍ ഒന്നു സ്പര്‍ശിക്കാന്‍ വേണ്ടി ഏഴു മണിക്കൂര്‍ വരെയാണ് വിശ്വാസികള്‍ കാത്തുനില്‍ക്കുന്നതെന്ന് ദേവാലയത്തിന്റെ ചുമതലകള്‍ വഹിക്കുന്ന മോണ്‍സിഞ്ചോര്‍ ജോസ് ഇഗ്നേഷിയോ പറഞ്ഞു.

എല്ലായ്‌പ്പോഴും തുറന്നു കിടക്കുന്ന ദേവാലയത്തില്‍ സാധാരണ ദിനങ്ങളില്‍ പത്ത് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കാറുണ്ട്. പ്രഭാതത്തില്‍ തന്നെ തീര്‍ത്ഥാടകര്‍ ദേവാലയത്തിലേക്ക് എത്തിതുടങ്ങും. രാത്രി വൈകിയും തീര്‍ത്ഥാടകര്‍ ദേവാലയത്തില്‍ നിന്നും ഒഴിഞ്ഞുപോയിട്ടുണ്ടാകുകയില്ല. ഭവനരഹിതര്‍ക്കും, നിരാലംബര്‍ക്കും രാത്രിയില്‍ ദേവാലയത്തില്‍ തങ്ങാം.

ക്വിയാപ്പോ ദേവാലയത്തിലെ നിന്നും ക്രിസ്തുവിന്റെ ക്രൂശിത രൂപം ആശീര്‍വദിച്ച് മറ്റ് ദേവാലയങ്ങളിലേക്ക് പ്രതിഷ്ഠിക്കുവാനായി കൊണ്ടുപോകുന്ന പതിവുണ്ട്. 2014-ല്‍ ക്വിയാപ്പോയിലെ ദേവാലയത്തിലേക്ക് 4 മില്യണ്‍ തീര്‍ത്ഥാടകര്‍ എത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് അഞ്ചു മില്യണായി ഉയര്‍ന്നു. ഇത്തരം കണക്കുകള്‍ ദേവാലയത്തില്‍ നടക്കുന്ന പ്രദക്ഷിണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്.


Related Articles »