News - 2024

ക്രൈസ്തവര്‍ക്കു നേരെ രാസായുധം പ്രയോഗിക്കുവാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി ഇറാഖി സൈന്യം

സ്വന്തം ലേഖകന്‍ 30-01-2017 - Monday

മൊസൂള്‍: ഇറാഖില്‍ ക്രൈസ്തവര്‍ക്കു നേരെ ഐഎസ് ഭീകരര്‍ രാസായുധം പ്രയോഗിക്കുവാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി. മൊസൂളില്‍ താമസിച്ചിരുന്ന ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് ഐഎസ് തീവ്രവാദികള്‍ രാസായുധങ്ങള്‍ നിര്‍മ്മിച്ചത്. മൊസൂളിന്റെ പടിഞ്ഞാറന്‍ ഭാഗത്തു നിന്നുമാണ് അതിമാരകമായ ഇത്തരം രാസായുധങ്ങള്‍ ഇറാഖി സൈന്യം കണ്ടെത്തിയത്. നിരവധി ക്രൈസ്തവര്‍ വസിച്ചിരുന്ന മൊസൂള്‍, 2014-ല്‍ ആണ് ഐഎസ് പിടിച്ചടക്കിയത്.

'സ്‌കൈ ന്യൂസ്' എന്ന മാധ്യമമാണ് ഇതു സംബന്ധിക്കുന്ന തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആയുധങ്ങള്‍ മിക്കവയും റഷ്യന്‍ നിര്‍മ്മിതമാണ്. ഇറാഖി ആര്‍മിയിലെ ബ്രിഗേഡിയറായ അലി എന്ന സൈനിക ഉദ്യോഗസ്ഥനാണു, ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് ഐഎസ് ആയുധങ്ങള്‍ നിര്‍മ്മിച്ചതെന്ന് വെളിപ്പെടുത്തിയത്.

മൊസൂള്‍ തിരികെ പിടിക്കുവാന്‍ സൈന്യം ശ്രമം ആരംഭിച്ചതോടെ ഐഎസ് ചെറുത്തു നില്‍പ്പിനായി ശ്രമം തുടങ്ങി. ഇതു മൂലം ക്രൈസ്തവരെ ലക്ഷ്യമിട്ട് നിര്‍മ്മാണം നടന്നിരുന്ന രാസായുധ പദ്ധതി നടപ്പിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

അതേ സമയം ഇറാഖി സൈന്യം ആയുധനിര്‍മ്മാണ ശാല കണ്ടെത്തിയെന്ന്‍ റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്നും മാരകമായ രാസായുധങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐഎസ് മൊസൂള്‍ പിടിച്ചടക്കിയ ശേഷം ഇവിടെയുള്ള ക്രൈസ്തവര്‍ പ്രത്യേക നികുതി നല്‍കിയാണ് പട്ടണത്തില്‍ ജീവിച്ചുകൊണ്ടിരിന്നത്. നികുതി നല്‍കുവാന്‍ തയ്യാറല്ലാത്ത ക്രൈസ്തവരെ ഐഎസ് കൊലപ്പെടുത്തുകയോ, നാടുകടത്തുകയോ ചെയ്തിരുന്നു.


Related Articles »